| Monday, 23rd June 2025, 8:19 pm

എന്റെ അഭിനയത്തില്‍ ആ സൂപ്പര്‍താരങ്ങളുടെ സ്വാധീനം കാണാന്‍ സാധിക്കും, ഞാന്‍ അവരുടെ വലിയ ഫാന്‍: ജോജു ജോര്‍ജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വര്‍ഷങ്ങളോളം ജൂനിയര്‍ ആര്‍ട്ടിസ്റ്റായി പ്രവര്‍ത്തിച്ച് ചെറിയ വേഷങ്ങളിലൂടെ മലയാളത്തിന്റെ മുന്‍നിരയിലേക്കെത്തിയ നടനാണ് ജോജു ജോര്‍ജ്. കോമഡി റോളും ക്യാരക്ടര്‍ റോളുകളും തനിക്ക് ചേരുമെന്ന് തെളിയിച്ച ജോജു വില്ലന്‍ വേഷങ്ങളിലൂടെയും ഞെട്ടിച്ചു. നായകവേഷത്തിലും തിളങ്ങിയ ജോജു കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ പണി എന്ന ചിത്രത്തിലൂടെ സംവിധാനത്തിലും തന്റെ കയ്യൊപ്പ് പതിപ്പിച്ചു.

മലയാളത്തിന്റെ സ്വന്തം മോഹന്‍ലാലിനെക്കുറിച്ച് സംസാരിക്കുകയാണ് ജോജു. മോഹന്‍ലാലിന്റെ ആരാധകനാണ് താനെന്നും അദ്ദേഹത്തെ ഇഷ്ടപ്പെടാത്ത മലയാളികള്‍ ആരും തന്നെ ഉണ്ടാകില്ലെന്നും ജോജു പറഞ്ഞു. ചെറുപ്പം മുതല്‍ താന്‍ കണ്ടുവളര്‍ന്നത് അവരെയെല്ലാമാണെന്നും അതില്‍ സംവിധായകരും വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.

വളരെ മഹത്തായ സിനിമാ പാരമ്പര്യമാണ് മലയാളത്തിനുള്ളതെന്നും ഓരോ സിനിമപ്രേമിക്കും അതില്‍ അഭിമാനിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറയുന്നു. സിനിമയിലേക്ക് താന്‍ വരുന്നതിന് അത്തരം ചിത്രങ്ങള്‍ കാരണമായെന്നും ജോജു പറഞ്ഞു. തന്റെ അഭിനയത്തില്‍ മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും സ്വാധീനം ഉണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു. സമകാലിക മലയാളത്തോട് സംസാരിക്കുകയായിരുന്നു ജോജു ജോര്‍ജ്.

‘ലാലേട്ടനെ എനിക്ക് ഒരുപാട് ഇഷ്ടമാണ്. അദ്ദേഹത്തിന്റെ ഫാനാണ് ഞാന്‍. ലാലേട്ടനെ ഇഷ്ടമല്ലാത്ത മലയാളികള്‍ ഉണ്ടാകുമെന്ന് തോന്നുന്നില്ല. അത്രമാത്രം സ്വാധീനം അദ്ദേഹത്തിന് പ്രേക്ഷകര്‍ക്കിടയില്‍ ഉണ്ടാക്കാന്‍ സാധിച്ചിട്ടുണ്ട്. ലാലേട്ടന്റെ സിനിമകള്‍ കണ്ടാണ് ഞാന്‍ വളര്‍ന്നത്. അന്നത്തെ സിനിമകള്‍ എന്നെ വല്ലാതെ സ്വാധീനിച്ചിട്ടുണ്ട്.

ഭരതന്‍ സാര്‍, പദ്മരാജന്‍ സാര്‍, കെ.ജി. ജോര്‍ജ് സാര്‍ അങ്ങനെ എത്രയെത്ര ലെജന്‍ഡറിയായിട്ടുള്ള സംവിധായകരാണ് നമുക്ക് ഉണ്ടായിരുന്നത്. അത്രയും വലിയൊരു സിനിമാ കള്‍ച്ചറാണ് നമുക്ക് ഉള്ളത്. നമ്മുടെ സിനിമാ പാരമ്പര്യം അത്രക്ക് മഹത്തായ ഒന്നാണെന്നാണ് ഞാന്‍ കരുതുന്നത്. അത് സത്യമായിട്ടുള്ള കാര്യമാണെന്ന് എല്ലാവരും അംഗീകരിക്കുകയും ചെയ്യും.

അങ്ങനെയുള്ള സംവിധായകരുടെ സിനിമകളില്‍ ലാലേട്ടനെപ്പോലെയും മമ്മൂക്കയെപ്പോലെയുമുള്ള നടന്മാര്‍ അഭിനയിച്ച് വെച്ചത് കണ്ടാണ് നമുക്ക് സിനിമയോട് താത്പര്യമുണ്ടായത്. അവരുടെ റോളും വളരെ വലുതാണ്. എന്റെ അഭിനയത്തില്‍ ലാലേട്ടന്റെയും മമ്മൂക്കയുടെയും സ്വാധീനമുണ്ടെന്ന് പറഞ്ഞാല്‍ അതില്‍ അതിശയോക്തിയുണ്ടാകില്ല,’ ജോജു ജോര്‍ജ് പറഞ്ഞു.

Content Highlight: Joju George saying that his acting has influence of Mammootty and Mohanlal

We use cookies to give you the best possible experience. Learn more