20 വര്‍ഷത്തിലധികമായി സിനിമാലോകത്തിന്റെ ഭാഗമാണ് ജോജു ജോര്‍ജ്. ചെറിയ വേഷങ്ങളില്‍ ഒരുപാട് കാലം നിറഞ്ഞുനിന്ന ജോജു പിന്നീട് ക്യാരക്ടര്‍ റോളുകളിലേക്കും അവിടന്ന് നായകവേഷത്തിലേക്കും കൂടുമാറി. 2021ല്‍ മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം സ്വന്തമാക്കിയ ജോജു സംവിധാനരംഗത്തും തന്റെ സാന്നിധ്യമറിയിച്ചു. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും ജോജു ഭാഗമായിട്ടുണ്ട്.
പണി എന്ന സിനിമയുടെ ക്ലൈമാക്‌സിനെക്കുറിച്ച് സംസാരിക്കുകയാണ് ജോജു. നായകന്‍ നിയമം കൈയിലെടുക്കേണ്ടി വന്നത് ഇപ്പോഴത്തെ സമൂഹത്തിന്റെ അവസ്ഥ മോശമായതുകൊണ്ടാണ് അത്തരമൊരു ക്ലൈമാക്‌സ് കാണിച്ചതെന്ന് ജോജു പറയുന്നു. പണ്ടത്തെ കാലത്ത് പൊലീസ് ജീപ്പ് കാണുമ്പോള്‍ നമുക്ക് പേടിയാകുമെന്നും സിസ്റ്റം അങ്ങനെയാണ് പെരുമാറിയതെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ ഇന്ന് പൊലീസിനോടുള്ള പേടി ആളുകള്‍ക്ക് കുറഞ്ഞെന്നും പൊലീസിന് ആളുകളെ കൈകാര്യം ചെയ്യാന്‍ പേടിയായെന്നും താരം കൂട്ടിച്ചേര്‍ത്തു. പെണ്‍കുട്ടികളുള്ള രക്ഷകര്‍ത്താക്കള്‍ക്ക് നിയമം ഇനിയും ശക്തമാകണമെന്ന ചിന്തയാണുള്ളതെന്നും ജോജു പറഞ്ഞു. ആ സിനിമയിലെ വില്ലന്മാരെപ്പോലെയുള്ളവരെ വെറുതേ വിടാന്‍ പാടില്ലെന്ന ചിന്തയിലാണ് താന്‍ ക്ലൈമാക്‌സില്‍ അങ്ങനെ കാണിച്ചതെന്നും താരം പറയുന്നു. ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘പണിയുടെ ക്ലൈമാക്‌സില്‍ നിയമം കൈയിലെടുത്തു എന്ന് പറയുന്നുണ്ട്. പൊലീസുകാര്‍ക്ക് ഇന്നത്തെ കാലത്ത് ചെയ്യാന്‍ പറ്റുന്ന കാര്യത്തില്‍ ലിമിറ്റുണ്ട്. പണ്ടൊക്കെ പൊലീസ് ജീപ്പ് കണ്ടാല്‍ നമുക്ക് പേടിയുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇതുപോലെ ഒരോന്ന് ചെയ്യുന്നവന്മാര്‍ക്ക് പോലും ഒരു പേടിയുമില്ല. സിസ്റ്റം അങ്ങനെയൊരു രീതിയിലേക്ക് മാറി.
സ്‌കൂളില്‍ കൊടുക്കുന്നത് കഞ്ഞിയും പയറുമാണ്. പക്ഷേ, ജയിലില്‍ കിടക്കുന്നവര്‍ക്ക് ഇപ്പോള്‍ കൊടുക്കുന്നത് ചപ്പാത്തിയും ചിക്കനുമാണ്. ഇതുപോലെയുള്ളവന്മാര്‍ക്ക് ജയിലില്‍ സുഖമല്ലേ. പെണ്‍കുട്ടികളുള്ളവര്‍ക്ക് നല്ല പേടിയുള്ള കാലമാണ്. അപ്പോള്‍ ആ സിനിമയില്‍ കാണിച്ചതുപോലെ ചെയ്യുന്നവന്മാരെ പൊട്ടിച്ച് കളയണമെന്ന് തന്നെയാണ് ഞാന്‍ ചിന്തിക്കുന്നത്.
അല്ലെങ്കില്‍ നമ്മുടെ നിയമം ഇരട്ടി സ്‌ട്രോങ്ങാകണം. അങ്ങനെയുള്ളവന്മാരെ തട്ടിക്കളയണം എന്നേ ഞാന്‍ പറയുള്ളൂ. ആ റിയാലിറ്റിയിലാണ് ഞാന്‍ വിശ്വസിക്കുന്നത്. അത് ഇനി എത്ര തെറ്റാണെന്ന് നിങ്ങള്‍ പറഞ്ഞാലും ഞാന്‍ മാറില്ല. ഇരയായവരുടെ ഇമോഷന് വാല്യു ഇല്ലേ എന്ന് ചോദിക്കുകയാണ് ഞാന്‍. പൊലീസിനോടുള്ള പേടിയൊക്കെ ആളുകള്‍ക്ക് മാറി. ക്രിമിനലുകളെ തല്ലാന്‍ മടിയാണ്. ‘കോടതിയില്‍ പോകുമ്പോള്‍ എന്റെ ജോലി തെറിക്കും’ എന്നൊക്കെ പറഞ്ഞ് അവര്‍ മാറിനില്‍ക്കും,’ ജോജു ജോര്‍ജ് പറഞ്ഞു.
Content Highlight: Joju George saying people lost the fear of Police nowadays