| Friday, 27th June 2025, 3:23 pm

വര്‍ക്കാകുമെന്ന് കരുതി ചെയ്ത സിനിമ തിയേറ്ററില്‍ ആരും മൈന്‍ഡ് ചെയ്തില്ല, ഒ.ടി.ടി റിലീസിന് ശേഷം പടം എല്ലാവരും ഏറ്റെടുത്തു: ജോജു ജോര്‍ജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വര്‍ഷങ്ങളോളം ജൂനിയര്‍ ആര്‍ട്ടിസ്റ്റായി പ്രവര്‍ത്തിച്ച് ചെറിയ വേഷങ്ങളിലൂടെ മലയാളത്തിന്റെ മുന്‍നിരയിലേക്കെത്തിയ നടനാണ് ജോജു ജോര്‍ജ്. കോമഡി റോളും ക്യാരക്ടര്‍ റോളുകളും തനിക്ക് ചേരുമെന്ന് തെളിയിച്ച ജോജു വില്ലന്‍ വേഷങ്ങളിലൂടെയും ഞെട്ടിച്ചു. നായകവേഷത്തിലും തിളങ്ങിയ ജോജു കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ പണി എന്ന ചിത്രത്തിലൂടെ സംവിധാനത്തിലും തന്റെ കയ്യൊപ്പ് പതിപ്പിച്ചു.

ജോജു ഇരട്ടവേഷത്തില്‍ പ്രത്യക്ഷപ്പെട്ട ചിത്രമായിരുന്നു 2023ല്‍ പുറത്തിറങ്ങിയ ഇരട്ട. നവാഗതനായ രോഹിത് രാധാകൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ഗംഭീര പ്രകടനമാണ് ജോജു കാഴ്ചവെച്ചത്. ചിത്രത്തെ അഭിനന്ദിച്ച് കമല്‍ ഹാസന്‍ തഗ് ലൈഫിന്റെ ഓഡിയോ ലോഞ്ചിനിടെ സംസാരിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് ജോജു ജോര്‍ജ്.

എല്ലാവരുടെ ഇടയിലും വര്‍ക്കാകുമെന്ന് കരുതിയാണ് ഇരട്ട ചെയ്തതെന്ന് ജോജു ജോര്‍ജ് പറഞ്ഞു. എന്നാല്‍ തിയേറ്ററില്‍ ചിത്രം പരാജയപ്പെട്ടെന്നും ആരും ആ സിനിമയെ മൈന്‍ഡ് ചെയ്തില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്താണ് സംഭവിച്ചതെന്ന് ആ സമയത്ത് തനിക്ക് മനസിലായില്ലെന്നും എന്നാല്‍ ഒ.ടി.ടി റിലീസിന് ശേഷം എല്ലാവരും സിനിമയെ ഏറ്റെടുത്തെന്നും അത് തനിക്ക് സന്തോഷം തന്നെന്നും താരം പറയുന്നു. സമകാലിക മലയാളത്തോട് സംസാരിക്കുകയായിരുന്നു ജോജു.

‘വളരെ ആത്മാര്‍ത്ഥമായി ചെയ്ത സിനിമയായിരുന്നു ഇരട്ട. നിങ്ങള്‍ ഈ പറയുന്നത് പോലെ വലിയ ഹിറ്റൊന്നും ആയില്ല. തിയേറ്ററില്‍ റിലീസായപ്പോള്‍ ആരും ആ പടത്തിനെ മൈന്‍ഡ് ചെയ്തിട്ടുണ്ടായിരുന്നില്ല. എനിക്ക് അത് വലിയൊരു ഷോക്കായിരുന്നു. കാരണം, ഹിറ്റാകുമെന്ന് നൂറ് ശതമാനം ഉറപ്പായിരുന്നു. റിവ്യൂവേഴ്‌സെല്ലാം നല്ല അഭിപ്രായം പറഞ്ഞിട്ടും ആ പടം ഹിറ്റായില്ല.

എന്നാല്‍ ഒ.ടി.ടി റിലീസിന് ശേഷം ആ പടം എല്ലാവരും ഏറ്റെടുത്തു. എല്ലായിടത്തും നല്ല പ്രതികരണം കിട്ടി. ഒ.ടി.ടിയിലാണ് ആ പടം ഹിറ്റായത്. എല്ലാവരും നല്ല അഭിപ്രായം പറഞ്ഞത് കേട്ടപ്പോള്‍ സന്തോഷമായി. ഏറ്റവും ലാസ്റ്റ് കമല്‍ സാര്‍ ആ പടത്തിനെക്കുറിച്ച് സംസാരിച്ചപ്പോള്‍ വല്ലാത്ത അവസ്ഥയിലെത്തി. ആരാണോ കാണണമെന്ന് വിചാരിച്ചത് അവര്‍ സിനിമ കണ്ടു. ഇനിയൊന്നും വേണ്ട എന്ന നിലയിലായി,’ ജോജു ജോര്‍ജ് പറയുന്നു.

ജോജുവിന് പുറമെ സാബുമോന്‍, ശ്രീകാന്ത് മുരളി, ശ്രിന്ദ, ആര്യ സലിം, അഞ്ജലി, മീനാക്ഷി ദിനേശ്, പൂജ മോഹന്‍രാജ് തുടങ്ങിയവരും ചിത്രത്തില്‍ അണിനിരന്നു. ഒരു പൊലീസ് സ്റ്റേഷനില്‍ നടന്ന മരണവും അതിന്റെ അന്വേഷണവുമാണ് ചിത്രത്തിന്റെ കഥ. ജോജു ജോര്‍ജ്, മാര്‍ട്ടിന്‍ പ്രക്കാട്ട്, സിജോ വടക്കന്‍ എന്നിവരാണ് ചിത്രം നിര്‍മിച്ചത്.

Content Highlight: Joju George saying Iratta movie didn’t worked well in theatres

We use cookies to give you the best possible experience. Learn more