| Monday, 28th April 2025, 8:34 am

ഞാനൊരു പെണ്ണായിരുന്നെങ്കില്‍ ഉറപ്പായും ആ നടന് ഒരു ലവ് ലെറ്റര്‍ കൊടുക്കുമായിരുന്നു: ജോജു ജോര്‍ജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ മികച്ച നടന്മാരില്‍ ഒരാളാണ് ജോജു ജോര്‍ജ്. വര്‍ഷങ്ങളോളം ജൂനിയര്‍ ആര്‍ട്ടിസ്റ്റായി പ്രവര്‍ത്തിച്ച ജോജു ചെറിയ വേഷങ്ങളിലൂടെയാണ് ശ്രദ്ധേയനാകുന്നത്. ജോസഫ് എന്ന ചിത്രത്തിലൂടെ നായകവേഷവും തനിക്കിണങ്ങുമെന്ന് തെളിയിച്ച ജോജു പണി എന്ന ചിത്രത്തിലൂടെ സംവിധാനരംഗത്തും തന്റെ കയ്യൊപ്പ് പതിപ്പിച്ചു.

മലയാളത്തിന് പുറമെ തമിഴിലും ജോജു തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ജഗമേ തന്തിരം എന്ന ചിത്രത്തിലൂടെയാണ് ജോജു തമിഴില്‍ അരങ്ങേറിയത്. കാര്‍ത്തിക് സുബ്ബരാജിന്റെ ഏറ്റവും പുതിയ ചിത്രമായ റെട്രോയിലും ജോജുവിന്റെ സാന്നിധ്യമുണ്ട്. തമിഴ് താരം സൂര്യയെക്കുറിച്ച് സംസാരിക്കുകയാണ് ജോജു ജോര്‍ജ്.

താനൊരു പെണ്ണായിരുന്നെങ്കില്‍ ഉറപ്പായും സൂര്യക്ക് ഒരു ലവ് ലെറ്റര്‍ കൊടുത്തേനെയെന്ന് ജോജു പറഞ്ഞു. ഒരാളെ കാണാനുള്ള ഭംഗി കൊണ്ട് മാത്രമല്ല അയാളോട് ഇഷ്ടം തോന്നുന്നതെന്നും അയാളുടെ സ്വഭാവവും മറ്റുള്ളവരോട് എങ്ങനെ പെരുമാറുന്നു എന്നൊക്കെ നോക്കിയാണ് ഇഷ്ടം തോന്നാന്‍ കാരണമെന്നും ജോജു കൂട്ടിച്ചേര്‍ത്തു.

അത്തരം സ്വഭാവങ്ങളില്ലാത്തയാളാണെങ്കില്‍ നമുക്ക് ഒരാഴ്ച കൊണ്ട് മടുക്കുമെന്നും ജോജു പറഞ്ഞു. സൂര്യയെപ്പറ്റി ഓരോ കാര്യങ്ങള്‍ അറിയുന്തോറും അദ്ദേഹത്തിന്റെ വലിപ്പം മനസിലാകുമെന്നും ജോജു പറയുന്നു. കിടിലന്‍ നടനാണ് സൂര്യയെന്നും ഇത്രയും ആളുകളുടെ സ്‌നേഹം സൂര്യ അര്‍ഹിക്കുന്നുണ്ടെന്നും ജോജു പറഞ്ഞു. റെട്രോയുടെ പ്രൊമോഷന്‍ പരിപാടിക്കിടെ സംസാരിക്കുകയായിരുന്നു ജോജു ജോര്‍ജ്.

‘സൂര്യയെപ്പറ്റി പറയുകയാണെങ്കില്‍ പുള്ളി കിടിലന്‍ മനുഷ്യനാണ്. ഞാനൊരു പെണ്ണായിരുന്നെങ്കില്‍ ഉറപ്പായും സൂര്യക്ക് ഒരു ലവ് ലെറ്റര്‍ കൊടുത്തേനെ. നമുക്ക് ഒരാളോട് ഇഷ്ടം തോന്നുന്നത് അയാളുടെ ഭംഗി കണ്ടിട്ട് മാത്രമല്ലല്ലോ. അയാളുടെ സ്വഭാവവും മറ്റുള്ളവരോട് അയാള്‍ എങ്ങനെ പെരുമാറുന്നു എന്നൊക്കെ നോക്കിയിട്ടല്ലേ.

അല്ലാതെ ഭംഗി മാത്രം നോക്കിയാല്‍ ഒരാഴ്ച കൊണ്ട് നമുക്ക് അയാളെ മടുക്കും. സൂര്യയെപ്പറ്റി ഓരോ കാര്യങ്ങള്‍ അറിയുന്തോറും, അയാള്‍ എന്തൊക്കെ കാര്യങ്ങള്‍ ചെയ്യുന്നു, മറ്റുള്ളവരോട് എങ്ങനെ പെരുമാറുന്നു എന്നൊക്കെ അറിയുമ്പോള്‍ അദ്ദേഹത്തിന്റെ വലിപ്പം മനസിലാകും. ഇത്രയും ആളുകളുടെ സ്‌നേഹം ശരിക്കും അര്‍ഹിക്കുന്ന വ്യക്തിയാണ് സൂര്യ,’ ജോജു പറഞ്ഞു.

Content Highlight: Joju George about Suriya’s behavior to others

We use cookies to give you the best possible experience. Learn more