| Wednesday, 26th February 2025, 8:25 pm

അന്ന് മൂന്ന് കോടിക്ക് തീര്‍ന്ന ആ എവര്‍ഗ്രീന്‍ സിനിമ ഇന്ന് ഷൂട്ട് ചെയ്യണമെങ്കില്‍ 30 കോടി വേണ്ടിവരും: ജോണി ആന്റണി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജോണി ആന്റണി ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് 2003 ല്‍ പുറത്തിറങ്ങിയ സി.ഐ.ഡി മൂസ. മലയാളത്തിലെ എക്കാലത്തെയും മികച്ച എന്റെര്‍റ്റൈനെര്‍ സിനിമകളില്‍ മുന്‍പന്തിയില്‍ തന്നെയാണ് സി.ഐ.ഡി മൂസയുടെ സ്ഥാനം. ദിലീപ് നായകനായി ഉദയകൃഷ്ണ രചന നിര്‍വഹിച്ച ചിത്രത്തില്‍ കൊച്ചിന്‍ ഹനീഫ, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, സുകുമാരി, ജഗതി, ഹരിശ്രീ അശോകന്‍, ഭാവന, വിജയരാഘവന്‍ തുടങ്ങി ഒരുപിടി മികച്ച അഭിനേതാക്കള്‍ അണിനിരന്നിട്ടുണ്ട്.

വിദ്യസാഗര്‍ സംഗീതസംവിധാനം നിര്‍വഹിച്ച ചിത്രത്തിലെ ഗാനങ്ങളും സൂപ്പര്‍ഹിറ്റ് ആയിരുന്നു. സി.ഐ.ഡി മൂസ എന്ന സിനിമയിലെ ഗാനങ്ങളെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ ജോണി ആന്റണി.

‘ദിലീപിന്റെ മീശമാധവനില്‍ വിദ്യസാഗറായിരുന്നു സംഗീതം. അതിന് മുമ്പും അദ്ദേഹം മലയാളത്തില്‍ നിരവധി ഹിറ്റുകള്‍ സൃഷ്ടിച്ചിട്ടുണ്ട്. തമിഴില്‍ റണ്‍ എന്ന സിനിമയിലെ അദ്ദേഹം ചെയ്ത പാട്ടുകള്‍ ഹിറ്റായി നില്‍ക്കുന്ന സമയമാണ് ഞങ്ങള്‍ കാണാന്‍ പോകുന്നത്. ഉദിത് നാരായണനെക്കൊണ്ട് പാടിപ്പിക്കണം എന്ന നിര്‍ദേശം ഞാന്‍ വെച്ചു. അങ്ങനെ ‘ചിലമ്പൊലിക്കാറ്റേ’ എന്ന പാട്ട് അദ്ദേഹത്തെ കൊണ്ട് പാടിച്ചു.

അതുപോലെ ജെയിംസ് ബോണ്ട് സോങ്ങാണ് മൂസയിലെ ദിലീപിന്റെ ഇന്‍ട്രോ. അതിന് വേറൊരു മൂഡായിരുന്നു.’മേനേ പ്യാര്‍ കിയാ’ എന്ന പാട്ടുണ്ടാക്കിയത് ഇന്നും അത്ഭുതമാണ്. ഹിന്ദി സിനിമ പേരുകളാണ് ആ പാട്ടില്‍ മുഴുവന്‍ ഉപയോഗിച്ചിരിക്കുന്നത്. ആ പാട്ടിന്റെ ഷൂട്ട് പോലും അനുഗ്രഹമാണ്.

ക്യാമറമാന്‍ സാലുച്ചേട്ടന്റെ വീട് കൊച്ചിയിലാണ്. അദ്ദേഹം എപ്പോഴും നടക്കാന്‍ പോകും. അങ്ങനെ നടത്തത്തിനിടയിലാണ് മറൈന്‍ ഡ്രൈവിന്റെ നവീകരണം പൂര്‍ത്തിയായത് ശ്രദ്ധിച്ചത്. ആദ്യമായി നവീകരിച്ച മറൈന്‍ ഡ്രൈവ് ഷൂട്ടിനായി ഞങ്ങള്‍ക്ക് കിട്ടി.

കൊച്ചിയില്‍ ടാറ്റാ കോളനി എന്ന് പറയുന്നൊരു സ്ഥലമുണ്ട്. സാധാരണ നിലയില്‍ ഷൂട്ടിങ്ങിന് അനുവദിക്കാത്ത സ്ഥലമാണ്. അതും നമുക്ക് കിട്ടി. ഈ രണ്ട് സ്ഥലങ്ങള്‍ ആ പാട്ടിനൊരു വിദേശ ലൊക്കേഷന്റെ ഫീല്‍ നല്‍കി.

ജെയിംസ് ബോണ്ട് സോങ്, ചിലമ്പൊലി കാറ്റേ എന്നീ പാട്ടുകള്‍ നല്ല ബജറ്റിലാണ് ഷൂട്ട് ചെയ്തത്. ആ പാട്ടുകള്‍ അത്തരമൊരു ചിത്രീകരണം ആവശ്യപ്പെട്ടിരുന്നു. ദിലീപ് ഒരൊറ്റ കാര്യമേ എന്നോട് പറഞ്ഞുള്ളു. ആളറിയുന്ന സിനിമയാകണം മൂസ. അതിന് എത്ര പണം മുടക്കാനും തയ്യാറാണ്. ആ വാക്കുകള്‍ തന്നെയായിരുന്നു എന്റെ ഊര്‍ജം. അന്ന് മൂന്ന് കോടിക്ക് തീര്‍ന്ന സിനിമ ഇന്ന് ഷൂട്ട് ചെയ്യണമെങ്കില്‍ 30 കോടി വേണ്ടിവരും,’  ജോണി ആന്റണി പറയുന്നു.

Content highlight: Johny Antony talks about songs in CID Moosa movie

We use cookies to give you the best possible experience. Learn more