ജോണി ആന്റണിയുടെ സംവിധാനത്തില്‍ 2006ല്‍ പുറത്തിറങ്ങിയ ചിത്രമാണ് തുറുപ്പുഗുലാന്‍. ഉദയ് കൃഷ്ണ, സിബി കെ. തോമസ് എന്നിവരായിരുന്നു ചിത്രത്തിന് തിരക്കഥയെഴുതിയത്. മമ്മൂട്ടി, സ്‌നേഹ, ഇന്നസെന്റ്, കലാശാല ബാബു എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍.
മമ്മൂട്ടിയെ എന്തുകൊണ്ടാണ് തുറുപ്പുഗുലാനില്‍ ഡാന്‍സ് ചെയ്യിപ്പിക്കാന്‍ കാരണം എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് ഇപ്പോള്‍ ജോണി ആന്റണി.
രാജമാണിക്യം ഹിറ്റായി നില്‍ക്കുന്ന സമയമായിരുന്നു അതെന്നും സിനിമയുടെ നൂറാം ദിനത്തിന്റെ ആഘോഷത്തിന്റെ സമയത്ത് മമ്മൂട്ടി ബിരിയാണി വിളമ്പുന്നുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് വിളമ്പി തരുന്ന കൂട്ടത്തില്‍ അദ്ദേഹം, ഇതുപോലെ ബിരിയാണി കഴിക്കാന്‍ പറ്റുമോ നമ്മുക്ക് എന്ന് തന്നോട് ചോദിച്ചെന്നും അദ്ദേഹം പറഞ്ഞു. തുറുപ്പുഗുലാനില്‍ താന്‍ മമ്മൂട്ടിയുടെ കുട്ടിത്തമാണ് കൂടുതല്‍ ഉപയോഗിച്ചതെന്നും ഡാന്‍സ് ക്ലാസ് എന്ന ഇന്‍ഡ്രൊഡക്ഷന്‍ കൊടുത്തത് താനാണെന്നും ജോണി ആന്റണി കൂട്ടിച്ചേര്‍ത്തു.
ഡാന്‍സ് അദ്ദേഹം ഈസിയായി ചെയ്‌തെന്നും സിനിമയില്‍ അനുഗ്രഹം വാങ്ങുന്ന സീനൊക്കെ നല്ല ഹിറ്റായതാണെന്നും ജോണി ആന്റണി പറഞ്ഞു. ഇന്നും ഏറ്റവും കൂടുതല്‍ തവണ ചാനലില്‍ വന്നിട്ടുള്ള മമ്മൂട്ടി ചിത്രം തുറുപ്പുഗുലാനാണെന്നും ജോണി ആന്റണി കൂട്ടിച്ചേര്‍ത്തു. ക്ലബ് എഫ്.എമ്മില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ആ സമയത്ത് രാജമാണിക്യം വളരെ ഹിറ്റായി നില്‍ക്കുന്ന സമയമാണ്. രാജമാണിക്യത്തിന്റെ നൂറാം ദിവസം അവിടെ ബിരിയാണിയൊക്കെ തരുന്നുണ്ട്. മമ്മൂക്ക തന്നെയാണ് ഭക്ഷണം വിളമ്പുന്നത്, വിളമ്പി എനിക്ക് തരുന്ന കൂട്ടത്തില്‍ ‘ഇതുപോലെ ബിരിയാണി കഴിക്കാന്‍ പറ്റുമോ’ എന്ന് അദ്ദേഹം ചോദിച്ചു. എന്റെ അവസ്ഥ ഒന്ന് ആലോചിച്ച് നോക്കണം. ഞാന്‍ അദ്ദേഹത്തിന്റെ കുട്ടിത്തമാണ് കൂടുതല്‍ ഉപയോഗിച്ചത്. ഡാന്‍സ് ക്ലാസ് എന്ന ഇന്‍ഡ്രൊഡക്ഷന്‍ എന്റേതായിരുന്നു. ഡാന്‍സ് ക്ലാസില്‍ പുള്ളി പോകുന്നത്. അതുണ്ടെങ്കില്‍ പിന്നെ എന്തും ചെയ്യിക്കാം എന്നൊരു വിശ്വാസം എനിക്കുണ്ടായിരുന്നു.
പിന്നെ ഡാന്‍സ് ദിനേശ് മാഷും ഒക്കെ ചേര്‍ന്ന് പറഞ്ഞുകൊടുത്തു. ധൈര്യമായിട്ട് അങ്ങ് ചെയ്തു. മമ്മൂക്ക അങ്ങ് പൂണ്ട് വിളയാടി. ഈസിയായിട്ടങ്ങ് അഭിനയിച്ചു. മമ്മൂക്ക ഡാന്‍സ് കളിക്കാന്‍ ഓക്കെയായിരുന്നു. ഡാന്‍സ് ക്ലാസില്‍ പോകുന്ന ആളല്ലേ പിന്നെ പുള്ളിക്ക് എന്തും ചെയ്യാലോ. ‘ ഞാന്‍ മഞ്ജു വാര്യറെ പോലെയോ ഒരു കലാതിലകം ആകില്ലെന്ന് ആര് കണ്ടു’ അതൊക്കെ അദ്ദേഹത്തിന്റെ ഡയലോഗാണ്. പിന്നെ അനുഗ്രഹം വാങ്ങുന്ന സീനുണ്ട് അത് നല്ല ഹിറ്റായിരുന്നു. ഇന്നും ഏറ്റവും കൂടുതല്‍ തവണ ചാനലില്‍ വന്ന മമ്മൂക്ക പടം ഗുലാനാണ്,’ ജോണി ആന്റണി പറയുന്നു.
Content Highlight: Johny Antony talks about Mammootty’s dance in Thuruppugulan movie.