സിനിമാപ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ട സംവിധായകനും നടനുമാണ് ജോണി ആന്റണി. സി.ഐ.ഡി മൂസ, കൊച്ചി രാജാവ്, തുറുപ്പു ഗുലാന്‍, ഈ പട്ടണത്തില്‍ ഭൂതം ഉള്‍പ്പെടെയുള്ള ജനപ്രിയ സിനിമകള്‍ സമ്മാനിച്ചത് ജോണി ആന്റണി ആയിരുന്നു.
ഇപ്പോള്‍ മൈല്‍ സ്റ്റോണ്‍ മേക്കേഴ്സിന് നല്‍കിയ അഭിമുഖത്തില്‍ കോമഡി സിനിമകളെ കുറിച്ച് പറയുകയാണ് ജോണി ആന്റണി. കോമഡി സീനുകള്‍ ചെയ്യുമ്പോള്‍ ആദ്യ ടേക്ക് തന്നെ ഓക്കെയാക്കണമെന്നാണ് അദ്ദേഹം പറയുന്നത്.
സി.ഐ.ഡി മൂസ ചെയ്യുന്ന സമയത്ത് ജഗതിയുടെ ആദ്യ ടേക്ക് ഗംഭീരമായിരിക്കുമെന്നും പക്ഷെ അതില്‍ തെറ്റ് പറ്റിയാല്‍ അദ്ദേഹം തന്നെ ഇറിട്ടേറ്റഡാകുമെന്നും ജോണി ആന്റണി പറയുന്നു.
‘സെന്റിമെന്റ്‌സ് കാണിച്ചിട്ട് ആളുകള്‍ തിയേറ്ററില്‍ കരഞ്ഞില്ലെങ്കിലും കുഴപ്പമില്ല. പക്ഷെ കോമഡി പറഞ്ഞിട്ട് ആളുകള്‍ ചിരിക്കാതെ ഇരിക്കുന്നത് അതുപോലെയല്ല. അത് ശരിക്കും ടെന്‍ഷനാണ്.
സെറ്റില്‍ ചില തമാശ രംഗങ്ങള്‍ എടുക്കുമ്പോള്‍ ആളുകള്‍ ചിരിക്കും. എന്നാല്‍ അത് റീ ടേക്കുകള്‍ വരുന്നതിന് അനുസരിച്ച് ആ ചിരി കുറയും. അത് കാണുമ്പോഴും ടെന്‍ഷനാണ്.
അങ്ങനെ ചെയ്യുമ്പോള്‍ അതിലെ ആര്‍ട്ടിസ്റ്റ് ഡൗണാകും. അതുകൊണ്ട് എപ്പോഴും ആദ്യ ടേക്ക് തന്നെ ഓക്കെയാക്കുന്നതാണ് നല്ലത്. റാഫി-മെക്കാര്‍ട്ടിന്‍ ആണെങ്കിലും ഷാഫി ആണെങ്കിലും സിനിമ ഷൂട്ട് ചെയ്യുമ്പോള്‍ അങ്ങനെയാണ്.
ആദ്യ ടേക്ക് തന്നെ എങ്ങനെയെങ്കിലും ഓക്കെയാക്കണം. ഞാന്‍ സി.ഐ.ഡി മൂസ ചെയ്യുന്ന സമയത്ത് അമ്പിളി ചേട്ടന്റെയൊക്കെ ആദ്യ ടേക്ക് ഗംഭീരമായിരിക്കും. പക്ഷെ അതില്‍ തെറ്റ് പറ്റിയാല്‍ അദ്ദേഹം തന്നെ ഇറിട്ടേറ്റഡാകും,’ ജോണി ആന്റണി പറയുന്നു.
Content Highlight: Johny Antony Talks About Jagathy Sreekumar And CID Moosa