| Friday, 18th April 2025, 3:25 pm

സി.ഐ.ഡി മൂസ2; ആ രണ്ട് നടന്മാരെയും ഞാന്‍ പരിഗണിക്കും: ജോണി ആന്റണി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമാപ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ട സംവിധായകനും നടനുമാണ് ജോണി ആന്റണി. സി.ഐ.ഡി മൂസ, കൊച്ചി രാജാവ്, തുറുപ്പു ഗുലാന്‍, ഈ പട്ടണത്തില്‍ ഭൂതം ഉള്‍പ്പെടെയുള്ള ഹിറ്റ് സിനിമകള്‍ സമ്മാനിച്ചത് ജോണി ആന്റണി ആയിരുന്നു.

അദ്ദേഹം അഭിനയിച്ച് വരാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് കേക്ക് സ്റ്റോറി. ഈ സിനിമയില്‍ അശോകനും ബാബു ആന്റണിയും പ്രധാനവേഷങ്ങളില്‍ എത്തുന്നുണ്ട്. ഇപ്പോള്‍ മൈല്‍ സ്‌റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ ഇരുവരെയും കുറിച്ച് പറയുകയാണ് ജോണി ആന്റണി.

രണ്ടുപേരെയും ഇതുവരെ താന്‍ സംവിധാനം ചെയ്ത സിനിമകളില്‍ എന്തുകൊണ്ടോ അഭിനയിപ്പിക്കാന്‍ സാധിച്ചില്ലെന്നാണ് അദ്ദേഹം പറയുന്നത്. സി.ഐ.ഡി മൂസയുടെ രണ്ടാം ഭാഗത്തില്‍ അഭിനയിപ്പിച്ചു കൂടെ എന്ന ചോദ്യത്തിന് അതിന്റെ സ്‌ക്രിപ്റ്റ് വര്‍ക്ക് ചെയ്ത് വരുന്നതേയുള്ളൂവെന്നും അതില്‍ വേഷമുണ്ടെങ്കില്‍ അവരെ തീര്‍ച്ചയായും പരിഗണിക്കുമെന്നും ജോണി ആന്റണി പറഞ്ഞു.

കേക്ക് സ്‌റ്റോറി സിനിമയില്‍ അശോകേട്ടനും ബാബു ആന്റണി ചേട്ടനും ഉണ്ടായിരുന്നു. ബാബുവേട്ടനുമായി എനിക്ക് കോമ്പിനേഷന്‍ ഉണ്ടായിരുന്നില്ല. പക്ഷെ അശോകേട്ടനുമായി കോമ്പിനേഷന്‍ സീനുണ്ട്. അത് ഞാന്‍ നന്നായിട്ട് എന്‍ജോയ് ചെയ്തു.

പണ്ട് മുതലേ കണ്ടിട്ടുള്ള വിന്റേജ് താരങ്ങളല്ലേ അവര്‍. എത്രയോ വര്‍ഷങ്ങളായിട്ട് അവരെ നമ്മള്‍ കാണുന്നുണ്ട്. ഞാന്‍ അവര്‍ രണ്ടുപേരും അഭിനയിച്ച കാസര്‍കോട് കാദര്‍ഭായ് എന്ന സിനിമയില്‍ അസിസ്റ്റന്റായി വര്‍ക്ക് ചെയ്തിട്ടുണ്ട്.

അവരെ രണ്ടുപേരെയും എനിക്ക് നന്നായിട്ട് അറിയാം. പക്ഷെ ഞാന്‍ സംവിധാനം ചെയ്ത സിനിമകളില്‍ എന്തുകൊണ്ടോ അവരെ എനിക്ക് അഭിനയിപ്പിക്കാന്‍ സാധിച്ചില്ല. ഭാഗ്യകേട് കൊണ്ടാകും. സി.ഐ.ഡി മൂസയുടെ രണ്ടാം ഭാഗത്തിന്റെ സ്‌ക്രിപ്റ്റ് വര്‍ക്ക് ചെയ്ത് വരുന്നതേയുള്ളൂ. അതില്‍ വേഷം ഉണ്ടെങ്കില്‍ ഞാന്‍ അവരെ തീര്‍ച്ചയായും പരിഗണിക്കും,’ ജോണി ആന്റണി പറയുന്നു.

കേക്ക് സ്റ്റോറി:

ഒരു കേക്കിന് പിന്നിലെ രസകരവും ഉദ്വേഗജനകവുമായ കഥയുമായെത്തുന്ന ചിത്രമാണ് കേക്ക് സ്റ്റോറി. സംവിധായകന്‍ സുനില്‍ ഒരിടവേളയ്ക്ക് ശേഷം സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. മാനത്തെ കൊട്ടാരം, ആലഞ്ചേരി തമ്പ്രാക്കള്‍, വൃദ്ധന്മാരെ സൂക്ഷിക്കുക, പ്രിയപ്പെട്ട കുക്കു തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് അദ്ദേഹം.

ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയതും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നതും സുനിലിന്റെ മകള്‍ വേദ സുനിലാണ്. ജോണി ആന്റണി, അശോകന്‍, ബാബു ആന്റണി, മല്ലിക സുകുമാരന്‍, മേജര്‍ രവി, റെഡിന്‍ കിങ്സ്ലി എന്നിവരാണ് സിനിമയില്‍ മറ്റ് വേഷങ്ങളില്‍ എത്തുന്നത്. തമിഴ് നടന്‍ റെഡിന്‍ കിങ്സ്ലിയുടെ ആദ്യ മലയാള ചിത്രമാണ് കേക്ക് സ്‌റ്റോറി.


Content Highlight: Johny Antony Says He Will Cast Ashokan And Babu Antony In CID Moosa2

Latest Stories

We use cookies to give you the best possible experience. Learn more