| Thursday, 15th May 2025, 5:16 pm

മമ്മൂക്കയുടെ ചെറുപ്പം അഭിനയിച്ച് കാണിച്ചു, അത് കണ്ട് അയാളാണ് എന്നോട് അഭിനയിക്കാന്‍ ആവശ്യപ്പെട്ടത്: ജോണി ആന്റണി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അസിസ്റ്റന്റ് ഡയറക്ടറായി സിനിമയിലേക്ക് കടന്നുവന്നയാളാണ് ജോണി ആന്റണി. 2003ല്‍ പുറത്തിറങ്ങിയ സി.ഐ.ഡി മൂസയിലൂടെയാണ് ജോണി ആന്റണി സ്വതന്ത്രസംവിധായകനായത്. പിന്നീട് നിരവധി ഹിറ്റ് ചിത്രങ്ങള്‍ അണിയിച്ചൊരുക്കിയ ജോണി ആന്റണി ഇപ്പോള്‍ അഭിനയത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കരിയറിന്റെ തുടക്കത്തില്‍ കുറച്ച് സിനിമകളില്‍ ചെറിയ വേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ട ജോണി ആന്റണി മോഹന്‍ലാല്‍ ചിത്രമായ ഡ്രാമയിലൂടെയാണ് അഭിനയത്തില്‍ സജീവമായത്.

അഭിനയത്തെ സീരിയസായി കണ്ടുതുടങ്ങിയതിനെക്കുറിച്ച് സംസാരിക്കുകയാണ് ജോണി ആന്റണി. സംവിധായകനായി വര്‍ക്ക് ചെയ്തിരുന്നപ്പോള്‍ അഭിനയം തന്റെ കൂടെയുണ്ടായിരുന്നെന്ന് ജോണി ആന്റണി പറഞ്ഞു. പല സീനുകളും താന്‍ അഭിനയിച്ച് കാണിക്കുമായിരുന്നെന്നും ആര്‍ട്ടിസ്റ്റുകളില്‍ നിന്ന് ആവശ്യമുള്ളത് കിട്ടാന്‍ വേണ്ടിയായിരുന്നു അങ്ങനെ ചെയ്തിരുന്നതെന്നും ജോണി ആന്റണി പറയുന്നു.

തോപ്പില്‍ ജോപ്പന്‍ എന്ന സിനിമയില്‍ മമ്മൂട്ടിയുടെ ചെറുപ്പം അഭിനയിച്ച നടനോട് അങ്ങനെ ചെയ്തിരുന്നെന്നും ആ നടന്‍ പുതുമുഖമായതുകൊണ്ടാണ് അങ്ങനെ ചെയ്തിരുന്നതെന്നും ജോണി ആന്റണി കൂട്ടിച്ചേര്‍ത്തു. ആ സിനിമയുടെ റൈറ്റര്‍ നിഷാദ് കോയ അത് കണ്ടെന്നും താന്‍ അഭിനയിക്കേണ്ട ആളാണെന്ന് നിഷാദ് പറഞ്ഞെന്നും ജോണി ആന്റണി പറയുന്നു.

എന്തിനാണ് ഇങ്ങനെ പെടാപ്പാട് പെടുന്നതെന്ന് തന്നോട് ചോദിച്ചെന്നും അതിന് ശേഷം നിഷാദ് കോയ എഴുതിയ ശിക്കാരി ശംഭു എന്ന സിനിമയില്‍ പള്ളീലച്ചന്റെ വേഷം തനിക്ക് തന്നെന്നും ജോണി ആന്റണി കൂട്ടിച്ചേര്‍ത്തു. ആ സിനിമ തന്റെ ടേണിങ് പോയിന്റായെന്നും ഒരുപാട് അവസരം പിന്നീട് ലഭിച്ചെന്നും ജോണി ആന്റണി പറഞ്ഞു. വണ്‍ ടു ടോക്ക്‌സിനോട് സംസാരിക്കുകയായിരുന്നു ജോണി ആന്റണി.

‘അഭിനയത്തെ അങ്ങനെ സീരിയസായി കണ്ടിരുന്നില്ല. പിന്നെ ഓരോ സിനിമ ചെയ്യുമ്പോഴും അതിലെ ചില സീനുകളൊക്കെ അഭിനയിച്ച് കാണിച്ചുകൊടുക്കുമായിരുന്നു. മമ്മൂക്കക്ക് വരെ അങ്ങനെ ചെയ്തുകൊടുത്തിട്ടുണ്ടായിരുന്നു. അങ്ങനെയിരിക്കുമ്പോഴാണ് തോപ്പില്‍ ജോപ്പന്‍ എന്ന പടം ചെയ്തത്. അതില്‍ മമ്മൂക്കയുടെ ചെറുപ്പം അവതരിപ്പിച്ച ഒരു നടനുണ്ടായിരുന്നു.

അവന് ഞാന്‍ അഭിനയിച്ച് കാണിച്ചുകൊടുത്തു. കാരണം, ആ റോള്‍ ചെയ്തത് പുതിയ ഒരു പയ്യനായിരുന്നു. ഞാന്‍ അഭിനയിച്ച് കാണിച്ചുകൊടുത്തത് കണ്ട നിഷാദ് കോയ എന്റെയടുത്ത് വന്നിട്ട് ‘ചേട്ടാ, നിങ്ങള്‍ അഭിനയിക്കേണ്ടയാളാണ്, എന്തിനാണ് ഇങ്ങനെ സംവിധാനം ചെയ്ത് പെടാപ്പാട് പെടുന്നത്?’ എന്ന് ചോദിച്ചു. പിന്നീട് നിഷാദ് കഥയെഴുതിയ ശിക്കാരി ശംഭുവില്‍ പള്ളീലച്ചന്റെ റോള്‍ തന്നു. അത് എനിക്കൊരു ടേണിങ് പോയിന്റായിരുന്നു,’ ജോണി ആന്റണി പറഞ്ഞു.

Content Highlight: Johny Antony saying Nishad Koya told him to consider acting career seriously

We use cookies to give you the best possible experience. Learn more