പുകവലിക്കുന്നതുകൊണ്ട് കുഴപ്പമൊന്നുമില്ലെന്ന് ഞാന്‍, കുഴപ്പം വരുന്നത് വരെ കാത്തിരിക്കരുത്, നിര്‍ത്ത് ജോണി എന്ന് മമ്മൂക്ക അലറി: ജോണി ആന്റണി
Malayalam Cinema
പുകവലിക്കുന്നതുകൊണ്ട് കുഴപ്പമൊന്നുമില്ലെന്ന് ഞാന്‍, കുഴപ്പം വരുന്നത് വരെ കാത്തിരിക്കരുത്, നിര്‍ത്ത് ജോണി എന്ന് മമ്മൂക്ക അലറി: ജോണി ആന്റണി
അമര്‍നാഥ് എം.
Sunday, 19th July 2026, 6:55 pm

സംവിധായകന്‍ എന്ന നിലയില്‍ മോളിവുഡിന് ഒരുപിടി ഗംഭീര സിനിമകള്‍ സമ്മാനിച്ചയാളാണ് ജോണി ആന്റണി. സി.ഐ.ഡി മൂസയിലൂടെ സ്വതന്ത്ര സംവിധായകനായ അദ്ദേഹം പിന്നീട് കൊച്ചിരാജാവ്, തുറപ്പുഗുലാന്‍ തുടങ്ങി ഹിറ്റുകള്‍ അണിയിച്ചൊരുക്കിയിട്ടുണ്ട്. തോപ്പില്‍ ജോപ്പന് ശേഷം മറ്റൊരു സിനിമയും സംവിധാനം ചെയ്തിട്ടില്ലെങ്കിലും സിനിമാലോകത്ത് നിറഞ്ഞുനില്‍ക്കുകയാണ് അദ്ദേഹം.

അഭിനേതാവെന്ന നിലയില്‍ ഓരോ സിനിമയിലും പ്രേക്ഷകരെ ഞെട്ടിക്കാന്‍ ജോണി ആന്റണിക്ക് സാധിച്ചിട്ടുണ്ട്. കോമഡി താരമായി അഭിനയം ആരംഭിച്ച ജോണി ആന്റണി ക്യാരക്ടര്‍ റോളുകളിലും തന്റെ റേഞ്ച് തെളിയിച്ചു. കഴിഞ്ഞദിവസം ഒരു പൊതുപരിപാടിയില്‍ വെച്ച് അദ്ദേഹം പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച.

താന്‍ മുമ്പ് ചെയിന്‍ സ്‌മോക്കറായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. ദിവസവും വലിക്കുന്ന സിഗരറ്റുകള്‍ക്ക് കണക്കില്ലാതെ വരാറുണ്ടായിരുന്നെന്നും വീട്ടില്‍ പങ്കാളിക്കും മക്കള്‍ക്കും താന്‍ പുകവലിക്കുന്നത് ഇഷ്ടമല്ലെന്നും ജോണി ആന്റണി കൂട്ടിച്ചേര്‍ത്തു. രണ്ട് പെണ്മക്കളാണ് തനിക്കെന്നും അവര്‍ ഒരുപാട് വട്ടം പുകവലി നിര്‍ത്താന്‍ ഉപദേശിക്കാറുണ്ടെന്നും അദ്ദേഹം പറയുന്നു.

‘എന്റെ വലി നിര്‍ത്താന്‍ ധ്യാനത്തിനൊക്കെ കൊണ്ടുപോയിട്ടുണ്ടായിരുന്നു. പക്ഷേ, ധ്യാനം കഴിഞ്ഞ് തിരിച്ചെത്തി കുറച്ച് ദിവസം കഴിഞ്ഞാല്‍ വീണ്ടും വലി തുടങ്ങും. മക്കളൊക്കെ എന്റെ വലി കാരണം ദേഷ്യപ്പെട്ടിട്ടുണ്ട്. ‘പൊന്നു പപ്പാ, ഇതൊന്ന് നിര്‍ത്ത്, ഞങ്ങളുടെ കല്യാണം കൂടണമെന്ന് ആഗ്രഹമില്ലേ’ എന്നൊക്കെ ചോദിക്കാറുണ്ട്.

ഒരുദിവസം മമ്മൂക്ക എന്നെ ഉപദേശിച്ചു. അതിനെ ഉപദേശമെന്ന് പറയാന്‍ പറ്റില്ല, ഒരു ആജ്ഞ പോലെയായിരുന്നു അത്. ‘എന്റെ പൊന്ന് ജോണീ, ഒന്ന് നിര്‍ത്ത്’ എന്ന് പറഞ്ഞു. മമ്മൂക്കാ, എനിക്ക് ഇപ്പോള്‍ ഒരു കുഴപ്പവുമില്ല എന്ന് പറഞ്ഞപ്പോള്‍ ‘ഇപ്പോള്‍ കുഴപ്പമില്ലായിരിക്കും, പക്ഷേ, കുഴപ്പം വരുന്നത് വരെ കാത്തിരിക്കണോ, നിര്‍ത്ത്’ എന്ന് അലറുകയായിരുന്നു,’ ജോണി ആന്റണി പറഞ്ഞു.

അവസാനമായി താന്‍ പുകവലിച്ചത് സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ പിറന്നാളിനായിരുന്നെന്ന് അദ്ദേഹം പറയുന്നു. അതിന് ശേഷം ഇപ്പോള്‍ മൂന്നുമാസമായെന്നും സിഗരറ്റ് കൈകൊണ്ട് തൊട്ടിട്ടില്ലെന്നും ജോണി ആന്റണി കൂട്ടിച്ചേര്‍ത്തു. പുകവലിക്കാതിരിക്കാന്‍ പരമാവധി ശ്രമിക്കണമെന്ന് പലരോടും പറയാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: Johny Antony saying Mammootty shouted him for not quitting smoking

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം