വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്‌സിലെ പാകിസ്ഥാന്‍ ചാമ്പ്യന്‍സ് – ഓസ്‌ട്രേലിയ ചാമ്പ്യന്‍സ് മത്സരത്തിന് പിന്നാലെ ഒരിക്കല്‍ക്കൂടി ചര്‍ച്ചയിലേക്കുയര്‍ന്ന താരമാണ് ഓസീസ് ഓള്‍ റൗണ്ടര്‍ ജോണ്‍ ഹാസ്റ്റിങ്‌സ്. തന്റെ കരിയറിനേക്കാള്‍ വലിയ രീതിയിലായിരുന്നു ഹാസ്റ്റിങ്‌സ് ഈ മത്സരത്തിന് പിന്നാലെ ചര്‍ച്ചയിലേക്കുയര്‍ന്നത്. എന്നാല്‍ അതൊരിക്കലും ഒരു മികച്ച രീതിയിലായിരുന്നില്ല എന്നതും എടുത്ത് പറയട്ടെ.
ഒരു ഓവറില്‍ 12 വൈഡ് അടക്കം 17 പന്തുകളെറിഞ്ഞതിന്റെ പേരിലാണ് ഹാസ്റ്റിങ് ക്രിക്കറ്റ് സര്‍ക്കിളുകളില്‍ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയത്. മത്സരത്തില്‍ പാകിസ്ഥാന്‍ ചാമ്പ്യന്‍സ് പത്ത് വിക്കറ്റിന്റെ വിജയവും സ്വന്തമാക്കിയിരുന്നു.
ഈ മത്സരത്തിന് മുമ്പ് സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ നടന്ന മത്സരത്തില്‍ നാല് വൈഡും ഒരു നോബോളും എറിഞ്ഞിരുന്നു. അതിലൊന്ന് പിച്ചില്‍ പോലും കൊള്ളാതെയാണ് പുറത്ത് പോയത്.
ഇതോടെ ഒത്തുകളി ആരോപണങ്ങളും ഉയര്‍ന്നു. ഇത് അന്വേഷിക്കാന്‍ ഉദ്യോഗസ്ഥരെയും ചുമതലപ്പെടുത്തി. ഇപ്പോള്‍ ഈ വിഷയത്തില്‍ സംസാരിക്കുകയാണ് ഹാസ്റ്റിങ്‌സ്. താന്‍ ഒരു തരത്തിലുമുള്ള ഒത്തുകളിയുടെയും ഭാഗമല്ല എന്നാണ് മുന്‍ ഓസീസ് താരം പറയുന്നത്.
‘ആന്റി കറപ്ഷന്‍ ഉദ്യോഗസ്ഥര്‍ വന്ന് നിങ്ങള്‍ കഴിഞ്ഞ ദിവസം വളരെ ബുദ്ധിമുട്ടേറിയ അവസ്ഥയിലാണ് തങ്ങളെ കൊണ്ടുചെന്നെത്തിച്ചതെന്ന് പറഞ്ഞു. ഞാന്‍ ഒത്തുകളിക്കുമെന്നോ ഒത്തുകളിയുമായി എനിക്കെന്തെങ്കിലും ബന്ധമുള്ളതായോ നിങ്ങള്‍ക്ക് തോന്നിയോ എന്നാണ് ഞാന്‍ അവരോട് ചോദിച്ചത്.
അവര്‍ ഇല്ല എന്ന് മറുപടി നല്‍കി, എന്നാല്‍ കഴിഞ്ഞ ഏഴ് വര്‍ഷം ഞാന്‍ എവിടെയായിരുന്നു എന്ത് ചെയ്യുകയായിരുന്നു എന്ന കാര്യവും തങ്ങള്‍ക്കറിയില്ല എന്നും അവര്‍ കൂട്ടിച്ചേര്‍ത്തിരുന്നു.
Think you’re having a bad day? Former Australian paceman John Hastings just bowled an 18-ball over…
The over wasn’t even completed because his last wide handed the opposition victory 😳 pic.twitter.com/WiEC4vBpCt
ഇല്ല, ഞാന്‍ ഒരിക്കലും ഒത്തുകളിച്ചിട്ടില്ല എന്ന് ഞാന്‍ മറുപടി നല്‍കി. പാകിസ്ഥാനെതിരായ മത്സരത്തില്‍ സംഭവിച്ചതെന്ത് എന്നത് വിശദീകരിക്കാന്‍ അല്‍പ്പം പ്രയാസമാണ്. ഒരുപാട് ആളുകള്‍ എനിക്ക് മെസേജ് അയച്ചിരുന്നു.
എന്നാല്‍ അടുത്ത മൂന്ന് ദിവസത്തേക്ക് എന്റെ എല്ലാ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും ഞാന്‍ ഡിലീറ്റ് ചെയ്തു. എനിക്ക് അതിനെ അഭിമുഖീകരിക്കാന്‍ സാധിക്കുമായിരുന്നില്ല,’ വില്ലോ ടോക്‌സ് പോഡ്കാസ്റ്റില്‍ ഹാസ്റ്റിങ്‌സ് പറഞ്ഞു.
തിരികെ സോഷ്യല്‍ മീഡിയയിലേക്ക് തിരികെ വന്നപ്പോള്‍ 15 ലക്ഷത്തോളം ആളുകള്‍ ഇക്കാര്യം പറഞ്ഞ് മെസേജ് അയച്ചിരുന്നു എന്നും ഹാസ്റ്റിങ്‌സ് കൂട്ടിച്ചേര്‍ത്തു.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ ചാമ്പ്യന്‍സ് വെറും 74 റണ്‍സിന് പുറത്തായിരുന്നു. വെറും രണ്ട് താരങ്ങള്‍ക്ക് മാത്രമാണ് ഇരട്ടയക്കം കാണാന്‍ സാധിച്ചത്. വിക്കറ്റ് കീപ്പര്‍ ബെന്‍ ഡങ്ക് 14 പന്തില്‍ 26 റണ്‍സ് നേടി. 15 പന്തില്‍ 10 റണ്‍സ് നേടിയ കാല്ലം ഫെര്‍ഗൂസനാണ് രണ്ടാമത് മികച്ച റണ്‍ ഗെറ്റര്‍.
എക്സ്ട്രാസ് ഇനത്തില്‍ ലഭിച്ച 11 റണ്‍സും ഓസ്ട്രേലിയ ചാമ്പ്യന്‍സിന് തുണയായി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന്‍ ചാമ്പ്യന്‍സിനായി ഷര്‍ജീല്‍ ഖാനും ഷോയ്ബ് മഖ്‌സൂദും ആദ്യ വിക്കറ്റില്‍ അര്‍ധ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി.
ഏഴ് ഓവര്‍ പിന്നിട്ടപ്പോള്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 55 റണ്‍സാണ് പാകിസ്ഥാന്‍ ചാമ്പ്യന്‍സ് സ്വന്തമാക്കിയത്. നേരത്തെ ഓസ്ട്രേലിയ ചാമ്പ്യന്‍സിനെ ചെറിയ സ്‌കോറില്‍ എറിഞ്ഞിട്ട പാകിസ്ഥാന്‍ ചാമ്പ്യന്‍സിന് ഇനിയുള്ള 13 ഓവറില്‍ 20 റണ്‍സ് നേടിയാല്‍ വിജയിക്കാന്‍ സാധിക്കുമായിരുന്നു.
ഈ സാഹചര്യത്തിലാണ് ഓസീസ് ചാമ്പ്യന്‍സ് നായകന്‍ ബ്രെറ്റ് ലീ ഇംപാക്ട് പ്ലെയറായെത്തിയ ജോണ്‍ ഹാസ്റ്റിങ്സിന് പന്ത് നല്‍കിയത്.
ഓവറിലെ ആദ്യ അഞ്ച് പന്തുകളും വൈഡായി. ഓവറിലെ ആദ്യ ലീഗല്‍ ഡെലിവെറിയില്‍ ഒരു റണ്‍സും രണ്ടാം പന്തില്‍ ഫോറും പിറന്നു. അടുത്ത ഡെലിവെറി നോ ബോളായി. ഫ്രീ ഹിറ്റ് ഡെലിവെറിയും ഹാസ്റ്റിങ്സ് വൈഡ് എറിഞ്ഞു.
ഓവറിലെ മൂന്നാം ലീഗല്‍ ഡെലിവെറിയില്‍ ലെഗ് ബൈസിലൂടെ ഒരു റണ്‍സ് പിറന്നു. അടുത്ത പന്തും വൈഡ് എറിഞ്ഞ ഹാസ്റ്റിങ്സ്, ശേഷമെറിഞ്ഞ രണ്ട് പന്തും ലീഗല്‍ ഡെലിവെറികളാക്കി.
നാണക്കേടിന്റെ ഈ ഓവര്‍ അവസാനിപ്പിക്കാന്‍ വെറും ഒറ്റ പന്ത് മാത്രം എറിഞ്ഞ് തീര്‍ത്താല്‍ മതിയെന്നിരിക്കെ ഹാസ്റ്റിങ്സ് വീണ്ടുമെറിഞ്ഞത് അഞ്ച് വൈഡുകളാണ്. ഇതോടെ പാകിസ്ഥാന്‍ ചാമ്പ്യന്‍സ് വിജയിക്കുകയും ചെയ്തു.