വേള്‍ഡ് റെസ്‌ലിങ് എന്റര്‍ടെയ്ന്‍മെന്റിനോടും ഡബ്ല്യൂ.ഡബ്ല്യൂ.ഇയുടെ സ്‌ക്വയേര്‍ഡ് സര്‍ക്കിളിനോടും വിടപറയും മുമ്പ് കരിയര്‍ സമ്പൂര്‍ണമാക്കി ഡബ്ല്യൂ.ഡബ്ല്യൂ.ഇ ഇതിഹാസ താരം ജോണ്‍ സീന. കരിയറിലാദ്യമായി ഇന്റര്‍കോണ്ടിനെന്റല്‍ ചാമ്പ്യന്‍ഷിപ്പ് സ്വന്തമാക്കിയാണ് താരം കരിയറിന്റെ അവസാന ഘട്ടത്തില്‍ പുതിയ ചരിത്രമെഴുതിയത്.

2002ല്‍ പ്രോ റെസ്‌ലിങ് അരങ്ങേറ്റം കുറിച്ച ശേഷം ഇതാദ്യമായാണ് ജോണ്‍ സീന ഇന്റര്‍കോണ്ടിനെന്റല്‍ ചാമ്പ്യന്‍ഷിപ്പ് സ്വന്തമാക്കുന്നത്. വേള്‍ഡ് ചാമ്പ്യന്‍ഷിപ്പും യു.എസ്. ടൈറ്റിലുമടക്കം നിരവധി തവണ സീന ചാമ്പ്യന്‍ഷിപ്പ് ടൈറ്റില്‍ മധുരം നുണഞ്ഞെങ്കിലും ഐ.സി ടൈറ്റില്‍ താരത്തിന് ഇക്കാലമത്രയും അകലെയായിരുന്നു.