| Sunday, 12th October 2025, 11:42 am

അണ്ടര്‍ടേക്കറിന് ശേഷം ഇതാദ്യം; PLE സെഞ്ച്വറിയില്‍ ചരിത്രമെഴുതി ജോണ്‍ സീന

സ്പോര്‍ട്സ് ഡെസ്‌ക്

വേള്‍ഡ് റെസ്‌ലിങ് എന്റര്‍ടെയ്ന്‍മെന്റ് പ്രീമിയം ലൈവ് ഇവന്റുകളില്‍ (പി.എല്‍.ഇ) നൂറ് വിജയം പൂര്‍ത്തിയാക്കി ജോണ്‍ സീന. ഓസ്‌ട്രേലിയ, പെര്‍ത്തിലെ ആര്‍.എ.സി അരീനയില്‍ നടന്ന മാച്ചില്‍ എ.ജെ. സ്റ്റൈല്‍സിനെ പരാജയപ്പെടുത്തിയതിന് പിന്നാലെയാണ് സീനയെ തേടി ഈ ചരിത്ര നേട്ടമെത്തിയത്.

ജോണ്‍ സീന

പ്രീമിയര്‍ ലൈവ് ഇവന്റുകളില്‍ ഏറ്റവുമധികം വിജയങ്ങള്‍ സ്വന്തമാക്കിയ താരങ്ങളുടെ പട്ടികയില്‍ ഡബ്ല്യൂ.ഡബ്ല്യൂ.ഇ ഇതിഹാസവും ഹോള്‍ ഓഫ് ഫെയ്മറുമായ ദി അണ്ടര്‍ടേക്കര്‍ മാത്രമാണ് 17 ടൈംസ് വേള്‍ഡ് ചാമ്പ്യന് മുമ്പിലുള്ളത്.

ദി അണ്ടര്‍ടേക്കര്‍

ഏറ്റവുമധികം പി.എല്‍.ഇ വിജയങ്ങള്‍ നേടിയ താരങ്ങള്‍

(താരം – വിജയം എന്നീ ക്രമത്തില്‍)

ദി അണ്ടര്‍ടേക്കര്‍ – 107

ജോണ്‍ സീന – 100

ട്രിപ്പിള്‍ എച്ച് – 92

റാന്‍ഡി ഓര്‍ട്ടണ്‍ – 81

സീനയുടെയും സ്റ്റൈല്‍സിന്റെയും കരിയറിലെ ഏറ്റവും മികച്ച പ്രകടനത്തിനാണ് പെര്‍ത്തില്‍ ആരാധകര്‍ സാക്ഷ്യം വഹിച്ചത്. കരിയറിന്റെ അവസാന നാളുകളിലെത്തിയ ഇരുവരും തങ്ങളുടെ പ്രൈം ടൈമിനെ അനുസ്മരിപ്പിക്കുന്ന ഇന്‍ റിങ് പെര്‍ഫോമന്‍സാണ് കാഴ്ചവെച്ചത്.

ഈ മാച്ച് ആരംഭിക്കുന്നതിന് മുമ്പ് തന്നെ ആരാധകര്‍ ആവേശത്തിന്റെ പരകോടിയിലെത്തിയിരുന്നു. തന്റെ എതിരാളിക്ക് വേണ്ടി സീന തയ്യാറാക്കിയ സ്‌പെഷ്യല്‍ റിങ് ഇന്‍ട്രോഡൊക്ഷന്‍ ഈ മാച്ച് എത്രത്തോളം സ്‌പെഷ്യലാകാന്‍ പോകുന്നു എന്നതിന്റെ ട്രെയ്‌ലര്‍ തന്നെയായിരുന്നു.

സ്‌റ്റൈല്‍സിന്റെ ടി.എ.എ റണ്ണും ബുള്ളറ്റ് ക്ലബ്ബ് റഫറന്‍സുമെല്ലാം ഉള്‍ക്കൊള്ളുന്നതായിരുന്നു ഈ ഇന്‍ട്രോ. തന്റെ പഴയ കാലത്തെ ഓര്‍മിപ്പിക്കും വിധമുള്ള റിങ് ഗിയറായിരുന്നു സ്റ്റൈല്‍സ് ധരിച്ചിരുന്നതും.

മാച്ചില്‍ തങ്ങളുടെ എക്കാലത്തെയും മികച്ച റൈവലുകള്‍ക്കും ലെജന്‍ഡുകള്‍ക്കുമുള്ള ആദരമെന്നോണം ഇരുവരും വ്യത്യസ്ത താരങ്ങളുടെ മൂവ്‌സെറ്റുകളും പുറത്തെടുത്തിരുന്നു.

ജോണ്‍ സീന ദി മിസ്സിന്റെ സ്‌കള്‍ ക്രഷിങ് ഫിനാലെ, ക്രിസ് ജെറീക്കോയുടെ വാള്‍സ് ഓഫ് ജെറീക്കോ, റൂസോവിന്റെ ആക്കൊലേഡ്, റാന്‍ഡി ഓര്‍ട്ടണിന്റെ ആര്‍.കെ.ഒ, ബ്രേ വയറ്റിന്റെ സിസ്റ്റര്‍ ആബിഗെയ്ല്‍, ദി അണ്ടര്‍ടേക്കറിന്റെ ടൂംബ്‌സ്റ്റോണ്‍ പൈല്‍ഡ്രൈവര്‍ എന്നിവ പുറത്തെടുത്തപ്പോള്‍, സമോവ ജോയുടെ കോക്വിന ക്ലച്ച്, സ്റ്റിങ്ങിന്റെ സ്‌കോര്‍പ്പിയോണ്‍ ഡെത്ത് ഡ്രോപ്, തന്റെ സുഹൃത്തും ടാഗ് ടീം പാര്‍ട്ണറുമായിരുന്ന ക്രിസ്റ്റഫര്‍ ഡാന്യല്‍സിന്റെ ഏയ്ഞ്ചല്‍സ് വിങ് അടക്കമുള്ള ഫിനിഷറുകള്‍ സ്റ്റൈല്‍സും പ്രയോഗിച്ചു.

View this post on Instagram

A post shared by WWE (@wwe)

ഒടുവില്‍ തന്റെ ഫിനിഷറായ ആറ്റിറ്റിയൂഡ് അഡ്ജസ്റ്റ്‌മെന്റില്‍ ജോണ്‍ സീന സ്‌റ്റൈല്‍സിനെ പിന്‍ ചെയ്യുകയും മത്സരം വിജയിക്കുകയുമായിരുന്നു.

ക്രൗണ്‍ ജുവല്‍ 2025 – റിസള്‍ട്‌സ്

◎ റോമന്‍ റെയ്ന്‍സ് vs ബ്രോണ്‍സണ്‍ റീഡ് – ഓസ്‌ട്രേലിയ സ്ട്രീറ്റ് ഫൈറ്റ്

വിജയി – ബ്രോണ്‍സണ്‍ റീഡ്

◎ സ്‌റ്റെഫനി വാല്‍ക്വെര്‍ vs ടിഫനി സ്ട്രാറ്റണ്‍ – വുമണ്‍സ് ക്രൗണ്‍ ജുവല്‍ ചാമ്പ്യന്‍ഷിപ്പ്

വിജയി – സ്റ്റെഫനി വാല്‍ക്വെര്‍

◎ ജോണ്‍ സീന vs എ.ജെ. സ്‌റ്റൈല്‍സ് – സിംഗിള്‍സ് മാച്ച്

വിജയി – ജോണ്‍ സീന

◎ റിയ റിപ്ലി & ഇയോ സ്‌കൈ vs ദി കബൂക്കി വാറിയേഴ്‌സ് – ടാഗ് ടീം മാച്ച്

വിജയികള്‍ – റിയ റിപ്ലി & ഇയോ സ്‌കൈ

◎ സെത് റോളിന്‍സ് vs കോഡി റോഡ്‌സ് – മെന്‍സ് ക്രൗണ്‍ ജുവല്‍ ചാമ്പ്യന്‍ഷിപ്പ്

വിജയി – സെത് റോളിന്‍സ്

Content Highlight: John Cena completed 100 PLE victories, Crown Jewel 2025

Latest Stories

We use cookies to give you the best possible experience. Learn more