തിരുവനന്തപുരം: കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഏറ്റവുമധികം ടി.ആര്‍.പി നേടിയ മാധ്യമം സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസർ ധ്രുവ് റാഠിയുടേതെന്ന് രാജ്യസഭാ എം.പിയും സി.പി.ഐ.എം നേതാവുമായ ജോണ്‍ ബ്രിട്ടാസ്.
മീഡിയ എന്നത് താനടക്കം ഉള്‍പ്പെട്ട ഒരു ചിലന്തിവലയാണെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. മാതൃഭൂമി അക്ഷരോത്സവത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘മാധ്യമങ്ങളെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്ത ഒരു ഭരണസംസ്‌കാരം ഇന്ത്യയിലുണ്ടെന്ന് ഞാനല്ല പറഞ്ഞത്. ഫ്രീഡം ഓഫ് പ്രസ് ഇന്റെക്സില്‍ ഇന്ത്യയുടെ സ്ഥാനം 151 ഒന്നാണ്. ഇന്ത്യ എന്നത് ഒരു ഇലക്ടറല്‍ ഓട്ടോക്രസി എന്ന് പറഞ്ഞതും നമ്മളല്ല, വിദേശത്തുള്ള ഒരു സംഘടനയാണ്,’ ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.
ഈ ലോകത്ത് ഒരുപാട് രാജ്യങ്ങളുണ്ട്. അതില്‍ ഒരു രാജ്യത്തെ ജനാധിപത്യ രാജ്യമെന്ന് വിശേഷിപ്പിക്കണമെങ്കില്‍ ആ രാജ്യത്ത് പ്രവര്‍ത്തനക്ഷമമായ ഒരു മീഡിയ വേണമെന്നും ജോണ്‍ ബ്രിട്ടാസ് കൂട്ടിച്ചേര്‍ത്തു.
ഗള്‍ഫ് രാജ്യങ്ങളിലെല്ലാം മൂന്ന് തൂണുകളുള്ള ഭരണവ്യവസ്ഥയുണ്ട്. എന്നാല്‍ അവിടെ നാലാമത്തെ നെടുംതൂണെന്ന് വിശേഷിപ്പിക്കുന്ന സ്വതന്ത്രമായ മീഡിയയില്ലെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. അതുകൊണ്ട് തന്നെ അവിടെയുള്ള ഭരണവ്യവസ്ഥിതിയെ ആരും തന്നെ ജനാധിപത്യപരമായി കാണുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യയില്‍ ഇന്നും പത്രവും ടി.വിയും കാണാത്ത വലിയൊരു ജനവിഭാഗമുണ്ട്. ഡിജിറ്റല്‍ പതിപ്പുകള്‍ മാത്രം വായിക്കുന്നവരുണ്ട്. ഡിജിറ്റല്‍-ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വായിക്കുന്നവരുമുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ ‘സെര്‍ക്കുലേഷന്‍ഷനുണ്ടായ പത്രവും ടി.ആര്‍.പി ഉണ്ടായിരുന്ന ടെലിവിഷനും ധ്രുവ് റാഠിയുടേത്’ ആയിരുന്നുവെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.
ഇന്ത്യയിലെ മുഖ്യധാരാ മാധ്യമങ്ങള്‍ക്ക് അവരുടെ വിശ്വാസ്യത തിരിച്ചുപിടിക്കണമെങ്കില്‍ ജനങ്ങളുടെ പക്ഷം പിടിക്കണെമന്നും ജോണ്‍ ബ്രിട്ടാസ് നിര്‍ദേശിച്ചു. അങ്ങനെയൊരു തിരിച്ചറിവ് മുഖ്യധാരാ മാധ്യമങ്ങള്‍ക്ക് ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlight: John Brittas says Dhruv Rathee’s ‘media’ got the highest TRP in the last elections