തിരുവനന്തപുരം: 2025 ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ പ്രതികരിച്ച് സി.പി.ഐ.എം രാജ്യസഭാ എം.പി ജോണ്‍ ബ്രിട്ടാസ്. ദല്‍ഹി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഭാഗികമായി ആശ്വസിക്കാമെന്ന് ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ ജയിച്ചില്ലെങ്കിലും തോല്‍പ്പിച്ചല്ലോ എന്നും ബ്രിട്ടാസ് പ്രതികരിച്ചു. ഫേസ്ബുക്കിലൂടെയാണ് ഇടത് എം.പിയുടെ പ്രതികരണം.
‘ദില്ലി; കോണ്‍ഗ്രസിന് ഭാഗികമായി ആശ്വസിക്കാം, ജയിച്ചില്ലെങ്കില്‍ എന്താ തോല്‍പിച്ചല്ലോ!’, എന്നാണ് ജോണ്‍ ബ്രിട്ടാസ് പ്രതികരിച്ചത്.
തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ ബി.ജെ.പിയാണ് ദല്‍ഹിയില്‍ മുന്നേറുന്നത്. വോട്ടെണ്ണല്‍ അഞ്ച് ഘട്ടം പൂര്‍ത്തിയാകുമ്പോള്‍ എക്സിറ്റ് പോളുകള്‍ ശരിവെക്കുന്ന ഫലങ്ങളാണ് പുറത്തുവരുന്നത്.
ഏറ്റവും ഒടുവിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം 47 സീറ്റില്‍ ബി.ജെ.പിയും 23 സീറ്റുകളില്‍ എ.എ.പിയുമാണ് മുന്നിട്ട് നില്‍ക്കുന്നത്. ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ ഭിന്നിച്ചതാണ് ദല്‍ഹിയില്‍ ബി.ജെ.പിക്ക് ലീഡെടുക്കാന്‍ സഹായകമായത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇന്ത്യാ സഖ്യത്തിലെ പ്രധാനപാര്‍ട്ടികളായ കോണ്‍ഗ്രസും എ.എ.പിയും മുഴുവന്‍ സീറ്റുകളിലും പരസ്പരം മത്സരിക്കുന്ന കാഴ്ചയാണ് ദല്‍ഹിയിലുണ്ടായത്. അസദുദ്ദീന്‍ ഒവൈസിയുടെ എ.ഐ.എം.ഐ.എം പാര്‍ട്ടിയും ബി.എസ്.പിയും ചില ഇടത് പാര്‍ട്ടികളും എന്‍.സി.പിയും ഉള്‍പ്പടെയുള്ള ബി.ജെ.പി വിരുദ്ധ പാര്‍ട്ടികളും ചിലയിടങ്ങളില്‍ മത്സരിച്ചത് വോട്ടുകളില്‍ ഭിന്നിപ്പുണ്ടാക്കി.
ബി.ജെ.പി മുന്നിട്ട് നില്‍ക്കുകയും എ.എ.പി രണ്ടാം സ്ഥാനത്തെത്തുകയും ചെയ്ത പല സീറ്റുകളിലും ബി.ജെ.പിക്ക് ലഭിച്ച ഭൂരിപക്ഷത്തേക്കാള്‍ കൂടുതല്‍ വോട്ട് കോണ്‍ഗ്രസിന് ലഭിച്ചിട്ടുണ്ട്. ദല്‍ഹി മുഖ്യമന്ത്രി അതിഷി മത്സരിച്ച കല്‍ക്കാജിയില്‍ ഉള്‍പ്പെടെ കോണ്‍ഗ്രസ് വോട്ടുകള്‍ ബി.ജെ.പിയുടെ ലീഡുയര്‍ത്തുന്നതിന് സഹായിച്ചിട്ടുണ്ട്.
12 മുസ്‌ലിം ഭൂരിപക്ഷ സീറ്റുകളില്‍ ഒമ്പത് ഇടത്ത് എ.എ.പിയാണ് മുന്നിട്ട് നില്‍ക്കുന്നത്. 12 സംവരണ സീറ്റുകളില്‍ എട്ടിടത്തും എ.എ.പിയാണ് മുന്നിട്ട് നില്‍ക്കുന്നത് എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
എന്നാല്‍ ദൽഹി മുൻ മുഖ്യമന്ത്രിയും എ.എ.പി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്‌രിവാൾ ന്യൂദല്‍ഹി മണ്ഡലത്തില്‍ നിന്ന് ബി.ജെ.പി സ്ഥാനാര്‍ത്ഥി പര്‍വേഷ് ശര്‍മയോട് പരാജയപ്പെട്ടു. 3789 വോട്ടുകള്‍ക്കാണ് പര്‍വേഷ് ശര്‍മ മുന്നിലെത്തിയത്.
ജങ്പുര മണ്ഡലത്തില്‍ നിന്നും മനീഷ് സിസോദിയ ബി.ജെ.പിയുടെ തര്‍വീന്ദര്‍ സിങ് മര്‍വയോട് 572 വോട്ടുകള്‍ക്ക് തോല്‍വി ഏറ്റുവാങ്ങുകയും ചെയ്തു. ഇപ്പോഴത്തെ മുഖ്യമന്ത്രിയും മുന്‍ വിദ്യാഭ്യാസ മന്ത്രിയുമായ അതിഷി മാര്‍ലേന ചെറിയ ഭൂരിപക്ഷം വോട്ടുകള്‍ക്ക് മാത്രമാണ് വിജയം കണ്ടത്.
Content Highlight: John Brittas mocks Congress over Delhi assembly election results