ഒരു മികച്ച ഫുട്‌ബോളറും ഗോളടിക്കാരനും തമ്മില്‍ ഒരുപാട് വ്യത്യാസമുണ്ട്; മെസി vs റൊണാള്‍ഡോ പോരാട്ടത്തില്‍ ഇതിഹാസം പറഞ്ഞത്
Sports News
ഒരു മികച്ച ഫുട്‌ബോളറും ഗോളടിക്കാരനും തമ്മില്‍ ഒരുപാട് വ്യത്യാസമുണ്ട്; മെസി vs റൊണാള്‍ഡോ പോരാട്ടത്തില്‍ ഇതിഹാസം പറഞ്ഞത്
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 17th March 2025, 12:45 pm

ലോക ഫുട്‌ബോള്‍ അടുത്ത ട്രാന്‍സിഷന്‍ പിരിയഡിലേക്ക് കടന്നിട്ടും പുതിയ താരങ്ങള്‍ സ്‌പോട്ട്‌ലൈറ്റ് സ്റ്റീലേഴ്‌സായി മാറിയിട്ടും മെസിയും റൊണാള്‍ഡോയും തന്നെയാണ് ഫുട്‌ബോള്‍ ലോകത്തെ പ്രധാന ചര്‍ച്ച വിഷയങ്ങള്‍. ഇവരെ കുറിച്ച് പരാമര്‍ശിക്കാത്ത ഒരു ദിവസം പോലും ആരാധകര്‍ക്കിടയില്‍ ഉണ്ടാകാറില്ല.

ഒരു പതിറ്റാണ്ടിലേറെ കാലം പരസ്പരം മത്സരിച്ചാണ് ഇരുവരും ഫുട്ബോള്‍ ലോകത്തെ രണ്ട് ധ്രുവങ്ങളില്‍ നിര്‍ത്തിയത്. ഇരുവരും നേര്‍ക്കുനേര്‍ വരുന്ന എല്‍ ക്ലാസിക്കോ പോരാട്ടങ്ങള്‍ ലോകമെമ്പാടും ചര്‍ച്ചയായിരുന്നു.

ഇവരില്‍ മികച്ച താരമാര് എന്നതായിരുന്നു ഫുട്‌ബോള്‍ ലോകത്തെ ഏറെ കാലം ഇളക്കിമറിച്ച ചോദ്യം. മെസിയാണ് മികച്ചതെന്ന് ഒരു കൂട്ടര്‍ വാദിക്കുമ്പോള്‍ മറുവശത്ത് റൊണാള്‍ഡോയാണ് മികച്ചതെന്ന് മറ്റൊരു കൂട്ടരും പറയുന്നു. ഇരുവരും ഇതിഹാസങ്ങള്‍ തന്നെയെന്ന് ഒരുപോലെ അംഗീകരിക്കുന്നവരും കുറവല്ല.

ഏതൊരു പ്രൊഫഷണല്‍ ഫുട്‌ബോളറും തന്റെ കരിയറില്‍ ഒരിക്കലെങ്കിലും മെസിയോ റോണാള്‍ഡോയോ? ആരാണ് മികച്ചത് എന്ന ചോദ്യം നേരിട്ടുണ്ടാകും. നിലവിലുള്ളവര്‍ മാത്രമല്ല, ഇതിഹാസ താരങ്ങളും ഈ വിഷയത്തില്‍ തങ്ങളുടെ തെരഞ്ഞെടുപ്പ് നടത്തിയിട്ടുണ്ട്.\

ഡച്ച് ഇതിഹാസ താരം യോഹാന്‍ ക്രൈഫും ഈ ചോദ്യത്തിന് തന്റെ അഭിപ്രായം വ്യക്തമാക്കിയിരുന്നു. ഇരുവരും തമ്മിലുള്ള പോരാട്ടത്തില്‍ അര്‍ജന്റൈന്‍ ഇതിഹാസത്തെയാണ് മികച്ചവനായി ഫ്‌ളൈയിങ് ഡച്ച്മാന്‍ തെരഞ്ഞെടുത്തത്.

മെസി ഒരു ടീം പ്ലെയറാണെന്നും ഗോളടിക്കുന്നതിനൊപ്പം സഹതാരങ്ങളെ കൊണ്ട് ഗോളടിപ്പിക്കുകയും ചെയ്യുമെന്ന് പറഞ്ഞ ക്രൈഫ് തന്നെ സംബന്ധിച്ച് മെസിയാണ് മികച്ചതെന്നും വ്യക്തമാക്കിയിരുന്നു. അദ്ദേഹത്തിന്റെ വാക്കുകളെ ഉദ്ധരിച്ച് ഗിവ് മി സ്പോര്‍ട്ടാണ് നേരത്തെ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

‘മെസി ക്രിസ്റ്റ്യാനോയെക്കാള്‍ മികച്ച ടീം പ്ലെയറാണ്. അവന്‍ ഗോളടിക്കുന്നു, ഇതിനൊപ്പം തന്നെ സഹതാരങ്ങള്‍ക്ക് ഗോളടിക്കാനുള്ള അവസരവും ഒരുക്കി നല്‍കുന്നു. ഒരു പ്ലെയര്‍ എന്ന നിലയില്‍ എന്നെ സംബന്ധിച്ച് മെസിയാണ് മികച്ചത്. ഒരു മികച്ച ഗോള്‍ സ്‌കോററും ഒരു മികച്ച ഫുട്ബോളറും തമ്മില്‍ വലിയ വ്യത്യാസമുണ്ട്.

ഫുട്ബോളിനെ കുറിച്ചറിയുന്ന എല്ലാവര്‍ക്കും ഇക്കാര്യം അറിയാവുന്നതുമാണ്. മെസി മികച്ചതല്ല എന്ന് ചിന്തിക്കുന്നവര്‍ എന്നെ സംബന്ധിച്ച് തീര്‍ത്തും പരിഹാസത്തിന് പാത്രമാകേണ്ടവരാണ്.

ഇത് ഒരിക്കലും റൊണാള്‍ഡോയെ ഉദ്ദേശിച്ചുള്ളതല്ല, അദ്ദേഹം വളരെ മികച്ച താരമാണെന്നതില്‍ ഒരു സംശയവുമില്ല. ലോകം കണ്ട എക്കാലത്തെയും മികച്ച ഗോള്‍ സ്‌കോററാണ് അദ്ദേഹം. ഇത് മെസി എത്രത്തോളം മികച്ചതാണ് എന്നതിനെ കുറിച്ച് മാത്രമാണ്,’ ക്രൈഫ് പറഞ്ഞു.

യൂറോപ്യന്‍ അധ്യായങ്ങള്‍ക്ക് വിരാമമിട്ട മെസി അമേരിക്കന്‍ ഫുട്‌ബോള്‍ ലീഗായ മേജര്‍ ലീഗ് സോക്കര്‍ ടീമായ ഇന്റര്‍ മയാമിലേക്കാണ് തട്ടകം മാറ്റിയത്. മെസിയുടെ വരവോടെ തങ്ങള്‍ക്ക് അന്യമായ കിരീടങ്ങളും ഹെറോണ്‍സിനെ തേടിയെത്തി.

മികച്ച പ്രകടനമാണ് മയാമിക്കൊപ്പം മെസി പുറത്തെടുക്കുന്നത്. എം.എല്‍.എസ്സില്‍ തിങ്കളാഴ്ച നടന്ന അറ്റ്‌ലാന്റ യുണൈറ്റഡ് – ഇന്റര്‍ മയാമി മത്സരത്തില്‍ മെസിപ്പട വിജയിച്ചിരുന്നു. ഒന്നിനെതിരെ രണ്ട് ഗോളിനാണ് ഹെറോണ്‍സ് വിജയിച്ചത്.

മയാമിക്കായി മെസിയും ഫഫാ പികൗള്‍ട്ടും ഗോള്‍ കണ്ടെത്തിയപ്പോള്‍ ഇമ്മാനുവല്‍ ലാറ്റേ ലാറ്റാണ് അറ്റ്‌ലാന്റയുടെ ആശ്വാസ ഗോള്‍ കണ്ടെത്തിയത്. ആദ്യ ഗോള്‍ വഴങ്ങിയതിന് ശേഷമാണ് മയാമി രണ്ട് ഗോളുകളും തിരിച്ചടിച്ചത്.

ഈ വിജയത്തിന് പിന്നാലെ മയാമി അപരാജിതരായി കുതിക്കുകയാണ്. നാല് മത്സരത്തില്‍ നിന്നും മൂന്ന് ജയവും ഒരു സമനിലയുമായി പത്ത് പോയിന്റോടെ എം.എല്‍.എസ് ഈസ്‌റ്റേണ്‍ കോണ്‍ഫറന്‍സ് പോയിന്റ് പട്ടികയില്‍ ഒന്നാമതാണ് മയാമി.

മാര്‍ച്ച് 30നാണ് എം.എല്‍.എസില്‍ മയാമിയുടെ അടുത്ത മത്സരം. പോയിന്റ് പട്ടികയില്‍ രണ്ടാമതുള്ള ഫിലാഡെല്‍ഫിയയാണ് എതിരാളികള്‍.

 

Content Highlight: Johan Cruyff on Lionel Messi vs Cristiano Ronaldo debate