ഇംഗ്ലണ്ടിനെതിരെയുള്ള ടി-20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ തകര്‍പ്പന്‍ വിജയമാണ് സ്വന്തമാക്കിയത്. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന മത്സരത്തില്‍ ഇംഗ്ലണ്ട് ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് ഇംഗ്ലണ്ട് 132 റണ്‍സിന് ഓള്‍ ഔട്ട് ആകുകയായിരുന്നു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 12.5 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സ് നേടി വിജയം സ്വന്തമാക്കുകയായിരുന്നു.
മത്സരത്തില്‍ ഇന്ത്യന്‍ സ്റ്റാര്‍ ഓപ്പണര്‍ സഞ്ജു സാംസണിന്റെയും ക്യാപ്റ്റന്‍ സൂര്യരുമാര്‍ യാദവിന്റെയും വിക്കറ്റ് നേടിയത് ഇംഗ്ലണ്ടിന്റെ ജോഫ്രാ ആര്‍ച്ചറായിരുന്നു. 21 റണ്‍സ് വഴങ്ങിയാണ് താരം നിര്‍ണായക വിക്കറ്റുകള്‍ സ്വന്തമാക്കിയത്.
കഴിഞ്ഞ മത്സരത്തില്‍ ഇംഗ്ലണ്ട് ബൗളര്‍മാര്‍ നന്നായി പന്തെറിഞ്ഞെന്നും പന്ത് ഉയര്‍ന്ന് പൊന്തി ഫീല്‍ഡര്‍മാരുടെ അടുത്ത് എത്തത്തതുകൊണ്ടാണ് വിക്കറ്റ് നേടാന്‍ സാധിക്കാത്തതിന് കാരണമെന്നും താരം പറഞ്ഞു. മാത്രമല്ല അടുത്ത മത്സരത്തില്‍ ഇന്ത്യയെ 40/6 എന്ന നിലയിലാക്കുമെന്നും ആര്‍ച്ചര്‍ പറഞ്ഞു.
‘മറ്റ് ബൗളര്‍മാരേക്കാള്‍ സാഹചര്യങ്ങള്‍ എനിക്ക് അനുകൂലമായിരുന്നു. ഞങ്ങളുടെ ബൗളര്‍മാര്‍ നന്നായി പന്തെറിഞ്ഞു, പക്ഷേ ഒരുപാട് പന്തുകള്‍ വായുവില്‍ ഉയര്‍ന്നെങ്കിലും ഫീല്‍ഡര്‍മാരുടെ അടുത്തേക്ക് പോകാത്തതിനാല്‍ ബാറ്റര്‍മാര്‍ക്ക് ഭാഗ്യമുണ്ടായി. പന്തുകള്‍ കൈകളിലെത്തുകയാണെങ്കില്‍ അടുത്ത കളിയില്‍ ഇന്ത്യ 40/6 എന്ന നിലയിലാകും,’ ആര്‍ച്ചര്‍ പറഞ്ഞു.