ജോഷി-മമ്മൂട്ടി കൂട്ടുകെട്ടിലെ വലിയ വിജയ ചിത്രമല്ല; പക്ഷേ എന്നെ ആ സിനിമ സ്വാധീനിച്ചു: ജോഫിന്‍ ടി. ചാക്കോ
Malayalam Cinema
ജോഷി-മമ്മൂട്ടി കൂട്ടുകെട്ടിലെ വലിയ വിജയ ചിത്രമല്ല; പക്ഷേ എന്നെ ആ സിനിമ സ്വാധീനിച്ചു: ജോഫിന്‍ ടി. ചാക്കോ
ഐറിന്‍ മരിയ ആന്റണി
Saturday, 20th December 2025, 5:46 pm

പ്രീസ്റ്റ് എന്ന ചിത്രം സംവിധാനം ചെയ്ത് കൊണ്ട് തന്റെ കരിയര്‍ തുടങ്ങുകയും 2025ല്‍ പുറത്തിറങ്ങിയ രേഖാചിത്രം എന്ന സിനിമയിലൂടെ ശ്രദ്ധിക്കപ്പെടുകയും ചെയ്ത സംവിധായകനാണ് ജോഫിന്‍ ടി. ചാക്കോ.

ജോഫിന്‍ ടി. ചാക്കോ Photo: Screen grab/ The Hindu

ആസിഫ് അലി, അനശ്വര രാജന്‍, മനോജ് കെ.ജയന്‍ തുടങ്ങി വന്‍താര നിര അണിനിരന്ന ചിത്രം 2025ല്‍ ഇറങ്ങിയ മികച്ച ചിത്രങ്ങളിലൊന്നായാണ് കണക്കാക്കിയത്. ഇപ്പോള്‍ സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈല്‍ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ സിനിമയോടുള്ള തന്റെ അഭിനിവേശത്തെ കുറിച്ചും തന്റെ അടുത്ത പ്രൊജക്ടുകളെ കുറിച്ചും സംസാരിക്കുകയാണ് അദ്ദേഹം.

‘വീട്ടില്‍ വി.സി.ആര്‍. ഉണ്ടായിരുന്നു. സിനിമാ സ്വപ്നങ്ങള്‍ ഉണരുന്നത് അതില്‍ നിന്നാകണം. മമ്മൂക്കച്ചിത്രം ‘സൈന്യ’ത്തിന്റെയും ഒരു ഹിന്ദി സിനിമയുടെയും കാസറ്റുകളാണ് വീട്ടിലുണ്ടായിരുന്നത്. ഹിന്ദി അധികം മനസിലാകാത്തതിനാല്‍ നിരന്തരം മലയാളസിനിമ കണ്ടു. ജോഷി-മമ്മൂട്ടി കൂട്ടുകെട്ടിലെ വലിയ വിജയ ചിത്രമൊന്നുമല്ല സൈന്യം. എന്നാല്‍, എന്നെ സ്വാധീനിച്ച സിനിമയായിരുന്നു അത്.

ജോഷി കണ്ടതിനെക്കാള്‍ കൂടുതല്‍ത്തവണ താന്‍ ‘സൈന്യം’ കണ്ടിട്ടുണ്ടാകുമെന്നും ജയറാമിന്റെ ‘ഉത്തമന്‍’ തന്റെ മൂത്തചേച്ചിയുടെ ഭര്‍തൃവീട്ടിലാണ് ചിത്രീകരിച്ചതെന്നും ജോഫിന്‍ ഓര്‍ത്തെടുത്തു പറഞ്ഞു. അന്ന് അവിടെപ്പോയി ചിത്രീകരണം കണ്ടുനിന്നതെല്ലാം ഇന്നും മനസിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘ഇപ്പോള്‍ മനസില്‍ നിന്ന് ‘രേഖാചിത്രം’ പൂര്‍ണമായും പടിയിറങ്ങിക്കഴിഞ്ഞു. അടുത്ത സിനിമകളുടെ ചര്‍ച്ചകള്‍ സജീവമാണ്. എന്നെ സിനിമയിലേക്ക് കൈപിടിച്ച് കയറ്റിയത് നിര്‍മാതാവ് ആന്റോ ജോസഫാണ്. അടുത്ത പ്രോജക്ടും അദ്ദേഹത്തിനൊപ്പം തന്നെയാണ്,’ ജോഫിന്‍ പറഞ്ഞു.

Content Highlight:  Jofin T Chacko on the film that influenced him

ഐറിന്‍ മരിയ ആന്റണി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.