| Wednesday, 7th May 2025, 8:28 am

ഞാന്‍ എത്തിയപ്പോഴേക്കും ആകെ പ്രശ്‌നം, ഇവന്‍ ആരാടാ വൈകി വരാന്‍ എന്നായിരുന്നു അവിടുത്തെ ചര്‍ച്ച; ആ വേഷം ചെയ്യേണ്ടെന്ന് പറഞ്ഞു: ജോമോന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജിത്തു മാധവന്‍ സംവിധാനം ചെയ്ത രോമാഞ്ചം എന്ന സിനിമയിലെ ഡി.ജെ ബാബുവായി വന്ന് ശ്രദ്ധ നേടിയ അഭിനേതാവാണ് ജോമോന്‍ ജ്യോതിര്‍. സിനിമയില്‍ എത്തുന്നതിനു മുമ്പ് തന്നെ യൂട്യൂബില്‍ വീഡിയോകളിലൂടെയും ഇന്‍സ്റ്റഗ്രം റീല്‍സിലൂടെയും ജോമോന്‍ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ഫാലിമി എന്ന സിനിമയിലെ ജോമോന്റെ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടു.

ഗുരുവായൂരമ്പലനടയില്‍, വാഴ എന്നീ ചിത്രങ്ങളിലും ജോമോന്റെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ ജയ ജയ ജയ ജയ ഹേ എന്ന സിനിമയില്‍ തനിക്ക് അവതരിപ്പിക്കാന്‍ കഴിയാതെപോയ കഥാപാത്രത്തെ കുറിച്ച് സംസാരിക്കുകയാണ് ജോമോന്‍ ജ്യോതിര്‍. ചിത്രത്തിലേക്ക് ചെറിയൊരു വേഷം ചെയ്യാന്‍ തന്നെ വിളിച്ചിരുന്നുവെന്നും എന്നാല്‍ ബസില്‍ പോയ തനിക്ക് കൃത്യ സമയത്ത് ലൊക്കേഷനില്‍ എത്താന്‍ കഴിഞ്ഞില്ലെന്നും ജോമോന്‍ പറയുന്നു.

താന്‍ അവിടെ എത്തിയപ്പോഴേക്കും ആകെ പ്രശ്‌നമായെന്നും അവസാനം തന്നെ ഒഴിവാക്കി വേറെ ആളെകൊണ്ട് ആ ഭാഗം ചെയ്യിപ്പിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫാലിമി എന്ന ചിത്രത്തില്‍ ബേസില്‍ ജോസഫ് തന്നെ മുന്‍കൈ എടുത്താണ് തനിക്ക് അതിലെ റോള്‍ വാങ്ങിതന്നതെന്നും ജോമോന്‍ വ്യക്തമാക്കി. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ജോമോന്‍ ജ്യോതിര്‍.
‘ജയ ജയ ജയ ജയ ഹേ എന്ന സിനിമയില്‍ ചെറിയൊരു ഭാഗം ചെയ്യാന്‍ വേണ്ടി ബേസില്‍ ചേട്ടന്‍ എന്നെ വിളിച്ചിട്ടുണ്ടായിരുന്നു. ചെറിയൊരു ഭാഗമായതുകൊണ്ട് ഞാന്‍ ബസിലാണ് വന്നത്. നല്ല മഴയായിരുന്നു. മഴ എന്നെ ചതിച്ചു എന്ന് വേണമെങ്കില്‍ പറയാം. ഞാന്‍ ലൊക്കേഷനില്‍ നിര്‍ത്താന്‍ ഒരു പത്തിരുപത് മിനിറ്റ് വൈകിയിരുന്നു.

ഞാന്‍ അവിടെ എത്തിയപ്പോഴേക്കും ആകെ പ്രശ്‌നം, ഇവന്‍ ആരാടാ വൈകി വരാന്‍ എന്നൊക്കെയായിരുന്നു അവിടുത്തെ ചര്‍ച്ച. കാരണം എനിക്ക് ചെറിയൊരു സീന്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. അറിഞ്ഞുകൊണ്ട് ലേറ്റ് ആയതല്ലല്ലോ, മഴയൊക്കെ കാരണം പറ്റിപ്പോയതല്ലേ.

അങ്ങനെ എന്നെ ആ സീന്‍ ചെയ്യാന്‍ സമ്മതിച്ചില്ല. ഞാന്‍ കുറച്ചുനേരം അവിടെ നിന്നുനോക്കി. പക്ഷെ കുറച്ച് കഴിഞ്ഞപ്പോള്‍ ബ്രോ പൊക്കോ, വേറെ ആളെ വെച്ച് ചെയ്തു, നിന്നിട്ട് കാര്യമില്ല എന്നവിടുന്ന് പറഞ്ഞു. അങ്ങനെ ഞാന്‍ പോയി.

എന്നാല്‍ ഫാലിമി എന്ന സിനിമയില്‍ ബേസിലേട്ടന്‍ തന്നെ മുന്‍കൈ എടുത്താണ് ചെറുതാണെങ്കിലും ആ വേഷം എനിക്ക് വാങ്ങിത്തന്നത്. ജയ ജയ ജയ ജയ ഹേയുടെ സംവിധായകന്‍ വിപിന്‍ ചേട്ടന്‍ തന്നെയാണ് എന്നെ ഗുരുവായൂരമ്പലനടയില്‍ എന്ന സിനിമയില്‍ കാസ്റ്റ് ചെയ്തതും,’ ജോമോന്‍ ജ്യോതിര്‍ പറയുന്നു.

Content Highlight: Joemon Jyothir Talks  About Basil Joseph And Jaya Jaya Jaya Jaya Hey Movie

Latest Stories

We use cookies to give you the best possible experience. Learn more