സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ 55, 60ാം തവണയും തകര്‍പ്പന്‍ നേട്ടം സ്വന്തമാക്കി ജോ 'ഗോള്‍ഡന്‍ ചൈല്‍ഡ്' റൂട്ട്
THE ASHES
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ 55, 60ാം തവണയും തകര്‍പ്പന്‍ നേട്ടം സ്വന്തമാക്കി ജോ 'ഗോള്‍ഡന്‍ ചൈല്‍ഡ്' റൂട്ട്
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 5th December 2025, 12:00 pm

2025 ആഷസ് പരമ്പരയിലെ രണ്ടാം മത്സരം ദി ഗാബയില്‍ തുടരുകയാണ്. പിങ്ക് ബോള്‍ ടെസ്റ്റിന്റെ രണ്ടാം ദിവസം ആദ്യ ഇന്നിങ്‌സ് ബാറ്റിങ് ആരംഭിച്ച ഓസീസ് ഇംഗ്ലണ്ട് ഉയര്‍ത്തിയ 334 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ടോട്ടല്‍ മറികടന്ന് ലീഡ് ഉയര്‍ത്താനുള്ള ശ്രമത്തിലാണ്.

സൂപ്പര്‍ താരം ജോ റൂട്ടിന്റെ സെഞ്ച്വറി കരുത്തിലാണ് ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്‌സ് സ്‌കോര്‍ ഉയര്‍ത്തിയത്. 206 പന്ത് നേരിട്ട താരം പുറത്താകാതെ 138 റണ്‍സ് നേടി. 15 ഫോറും ഒരു സിക്‌സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.

ടെസ്റ്റ് ഫോര്‍മാറ്റില്‍ റൂട്ടിന്റെ 40ാം സെഞ്ച്വറിയാണിത്, ഈ പതിറ്റാണ്ടിലെ 26ാം സെഞ്ച്വറിയും. ആക്ടീവ് പ്ലെയേഴ്‌സില്‍ ഏറ്റവുമധികം സെഞ്ച്വറി നേടി ഒന്നാമത് നില്‍ക്കുന്ന താരവും റൂട്ട് തന്നെ.

ജോ റൂട്ട്. Photo: England Cricket/x.com

ഈ ഇന്നിങ്‌സിന് പിന്നാലെ സ്വന്തം റെക്കോഡ് തിരുത്തിയിരിക്കുകയാണ് റൂട്ട്. ടീം ഓള്‍ ഔട്ടായ സാഹചര്യത്തില്‍ ഏറ്റവുമധികം തവണ ടോപ് സ്‌കോററായ താരമെന്ന നേട്ടമാണ് റൂട്ട് തന്റെ പേരില്‍ കുറിച്ചത്. ഇത് 60ാം തവണയാണ് ഇംഗ്ലണ്ടിന്റെ പത്ത് വിക്കറ്റും വീണപ്പോള്‍ റൂട്ട് ടീമിനായി ഏറ്റവുമധികം റണ്‍സ് നേടിയത്.

ടെസ്റ്റ് ഫോര്‍മാറ്റില്‍ ടീം ഓള്‍ ഔട്ടായ മത്സരങ്ങളില്‍ ഏറ്റവുമധികം തവണ ടോപ്പ് സ്‌കോറര്‍

(താരം – ടീം – എത്ര തവണ എന്നീ ക്രമത്തില്‍)

ജോ റൂട്ട് – ഇംഗ്ലണ്ട് – 60*

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – ഇന്ത്യ – 55

ബ്രയാന്‍ ലാറ – വെസ്റ്റ് ഇന്‍ഡീസ് – 53

ശിവ്‌നരെയ്ന്‍ ചന്ദര്‍പോള്‍ – വെസ്റ്റ് ഇന്‍ഡീസ് – 52

സുനില്‍ ഗവാസ്‌കര്‍ – ഇന്ത്യ – 38

ഈ നേട്ടത്തില്‍ ഒന്നാമനാണെങ്കിലും ടീം ഓള്‍ ഔട്ടായ മത്സരത്തില്‍ ഏറ്റവുമധികം സെഞ്ച്വറി നേടിയ താരമെന്ന നേട്ടത്തില്‍ സച്ചിനെ മറികടക്കാന്‍ റൂട്ടിന് സാധിച്ചിട്ടില്ല. ഈ ലിസ്റ്റില്‍ നിലവില്‍ ബ്രയാന്‍ ലാറയ്‌ക്കൊപ്പം രണ്ടാം സ്ഥാനത്താണ് റൂട്ട്.

ടെസ്റ്റ് ഫോര്‍മാറ്റില്‍ ടീം ഓള്‍ ഔട്ടായ മത്സരങ്ങളില്‍ ഏറ്റവുമധികം സെഞ്ച്വറി

(താരം – ടീം – സെഞ്ച്വറി എന്നീ ക്രമത്തില്‍)

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – ഇന്ത്യ – 29

ജോ റൂട്ട് – ഇംഗ്ലണ്ട് – 25*

ബ്രയാന്‍ ലാറ – വെസ്റ്റ് ഇന്‍ഡീസ് – 25

റിക്കി പോണ്ടിങ് – ഓസ്‌ട്രേലിയ – 24

സ്റ്റീവ് സ്മിത് – ഓസ്‌ട്രേലിയ – 22

ഡോണ്‍ ബ്രാഡ്മാന്‍ – ഓസ്‌ട്രേലിയ – 21

ശിവ്‌നരെയ്ന്‍ ചന്ദര്‍പോള്‍ – വെസ്റ്റ് ഇന്‍ഡീസ് – 21

അതേസമയം, രണ്ടാം ദിനം ചായയ്ക്ക് പിരിയുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 130 എന്ന നിലയിലാണ് ഓസീസ്. 56 പന്തില്‍ 59 റണ്‍സുമായി ജേക്ക് വെതറാള്‍ഡും 29 പന്തില്‍ 27 റണ്‍സുമായി മാര്‍നസ് ലബുഷാനുമാണ് ക്രീസില്‍. 43 പന്തില്‍ 33 റണ്‍സടിച്ച ട്രാവിസ് ഹെഡിന്റെ വിക്കറ്റാണ് ഓസീസിന് നഷ്ടമായത്.

 

 

Content Highlight: Joe Root tops the list of most top scores in all-out Test innings