വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് 2025-27 സൈക്കിളിനുള്ള തയ്യാറെടുപ്പിലാണ് ഇംഗ്ലണ്ട്. സ്വന്തം മണ്ണില്‍ ഇന്ത്യയ്‌ക്കെതിരായ പരമ്പര കളിച്ചുകൊണ്ടാണ് ഇംഗ്ലണ്ട് പുതിയ വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സൈക്കിള്‍ ആരംഭിക്കുന്നത്. ജൂണ്‍ 20ന് ലീഡ്‌സിലെ ഹെഡിങ്‌ലിയിലാണ് ആദ്യ മത്സരം.
ബെന്‍ സ്‌റ്റോക്‌സിന് കീഴില്‍ ജോ റൂട്ട്, ഹാരി ബ്രൂക്ക്, ബെന്‍ ഡക്കറ്റ് അടക്കമുള്ള വമ്പന്‍ താരനിരയുമായാണ് ഇംഗ്ലണ്ട് സ്വന്തം മണ്ണില്‍ ഇന്ത്യയെക്കെതിരെ കളത്തിലിറങ്ങുന്നത്. സ്വന്തം തട്ടകത്തില്‍ ഇന്ത്യയ്‌ക്കെതിരെയുള്ള മികച്ച ട്രാക്ക് റെക്കോഡ് തന്നെയാണ് ഇംഗ്ലണ്ടിന് മുതല്‍ക്കൂട്ടായുള്ളത്.
ഇതിനൊപ്പം ജോ റൂട്ടിന്റെ ബാറ്റിങ് കരുത്തും ഇംഗ്ലണ്ട് ടീമിനെ കൂടുതല്‍ അപകടകാരിയാക്കുന്നു. ടെസ്റ്റ് ഫോര്‍മാറ്റില്‍ നിലവിലെ ഏറ്റവും മികച്ച ബാറ്ററായ ജോ റൂട്ട് റെഡ് ബോള്‍ ഫോര്‍മാറ്റിലെ പല റെക്കോഡുകളും തകര്‍ക്കാനുറച്ചുകൂടിയാണ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ക്യാമ്പെയ്‌നിന് തുടക്കമിടുന്നത്.
വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് 2025-27 സൈക്കിളില്‍ റണ്‍വേട്ടക്കാരില്‍ ഒന്നാമനാകാന്‍ തന്നെയാണ് റൂട്ട് ഒരുങ്ങുന്നത്. ഇതിന് മുമ്പ് നടന്ന രണ്ട് സൈക്കിളിലും റണ്‍വേട്ടയില്‍ ഒന്നാമനായ റൂട്ട്, നാലാം സൈക്കിളിലും ഈ നേട്ടം ആവര്‍ത്തിക്കാനാണ് റൂട്ട് ഒരുങ്ങുന്നത്.
ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ സീസണില്‍ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് റൂട്ട് ഫിനിഷ് ചെയ്തത്. ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരം മാര്‍നസ് ലബുഷാനെക്കാള്‍ 15 റണ്‍സ് മാത്രമാണ് റൂട്ടിന് കുറവുണ്ടായിരുന്നത്.
ടെസ്റ്റ് ഫോര്‍മാറ്റില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന താരങ്ങളില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറിനെ മറികടക്കാന്‍ ഏറ്റവുമധികം സാധ്യത കല്‍പ്പിക്കുന്ന താരം കൂടിയാണ് റൂട്ട്. ഇപ്പോഴുള്ള ഫോം തുടര്‍ന്നാല്‍ കരിയര്‍ അവസാനിപ്പിക്കും മുമ്പ് സച്ചിനെ അനായാസം മറികടക്കാനും ഇംഗ്ലണ്ടിന്റെ ഗോള്‍ഡന്‍ ചൈല്‍ഡിന് സാധിക്കും.
നിലവില്‍ 13006 റണ്‍സുമായി റണ്‍വേട്ടക്കാരില്‍ അഞ്ചാം സ്ഥാനത്തുള്ള റൂട്ട് ഇന്ത്യയ്‌ക്കെതിരായ പരമ്പര അവസാനിക്കുന്നതോടെ രണ്ടാം സ്ഥാനത്തേക്കും കുതിച്ചേക്കും.
Content Highlight: Joe Root to become top run-scorer in World Test Championship 2025-27 cycle