2025-26 ആഷസില്‍ മികച്ച തുടക്കവുമായി ആതിഥേയര്‍. പെര്‍ത്തിലെ ഒപ്റ്റസ് സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ആദ്യ ഓവറില്‍ തന്നെ വിക്കറ്റ് വീഴ്ത്തിയാണ് കങ്കാരുക്കള്‍ ഇംഗ്ലണ്ടിനെ ബാക്ക്ഫൂട്ടിലേക്കിറക്കിയത്.
ആദ്യ ഓവറില്‍ സാക്ക് ക്രോളിയെ മടക്കി മിച്ചല്‍ സ്റ്റാര്‍ക്കാണ് വെടിക്കെട്ടിന് തിരികൊളുത്തിയത്. പൂജ്യത്തിനായിരുന്നു താരത്തിന്റെ മടക്കം. അധികം വൈകാതെ ബെന്‍ ഡക്കറ്റിനെയും ഇംഗ്ലണ്ടിന്റെ വജ്രായുധം ജോ റൂട്ടിനെയും മടക്കിയ സ്റ്റാര്‍ക് അക്ഷരാര്‍ത്ഥത്തില്‍ ത്രീ ലയണ്‍സിനെ വരിഞ്ഞുമുറുക്കി.
സ്റ്റാര്‍ക് ആഷസില്‍ തന്റെ ചരിത്ര നേട്ടം കുറിച്ചപ്പോള്‍ റൂട്ടിന് കാലിടറി. ആറാം തവണാണ് റൂട്ട് ആഷസ് പമ്പരകളില്‍ പൂജ്യത്തിന് പുറത്താകുന്നത്. ടെസ്റ്റ് കരിയറില്‍ 14 തവണയാണ് റൂട്ട് പൂജ്യത്തിന് മടങ്ങുന്നത്. ഇതില്‍ ആറും ഓസീസിനെതിരെയായിരുന്നു.
ആഷസ് പമ്പരകളില്‍ റൂട്ട് പൂജ്യത്തിന് പുറത്തായ മത്സരങ്ങള്‍
ഓസ്‌ട്രേലിയയുടെ ഇംഗ്ലണ്ട് പര്യടനം 2019 – ലോര്‍ഡ്‌സ് ടെസ്റ്റിലെ രണ്ടാം ഇന്നിങ്‌സ്
ഓസ്‌ട്രേലിയയുടെ ഇംഗ്ലണ്ട് പര്യടനം 2019 – ലീഡ്‌സ് ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സ്
ഓസ്‌ട്രേലിയയുടെ ഇംഗ്ലണ്ട് പര്യടനം 2019 – മാഞ്ചസ്റ്റര്‍ ടെസ്റ്റിലെ രണ്ടാം ഇന്നിങ്‌സ്
ഇംഗ്ലണ്ടിന്റെ ഓസ്‌ട്രേലിയന്‍ പര്യടനം 2021 – ബ്രിസ്‌ബെയ്ന്‍ ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സ്
ഇംഗ്ലണ്ടിന്റെ ഓസ്‌ട്രേലിയന്‍ പര്യടനം 2022 – സിഡ്‌നി ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സ്
ഇംഗ്ലണ്ടിന്റെ ഓസ്‌ട്രേലിയന്‍ പര്യടനം 2025 – പെര്‍ത് ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സ്*
അതേസമയം, ആദ്യ ദിനം ലഞ്ചിന് പിരിയുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 105 എന്ന നിലയിലാണ് ഇംഗ്ലണ്ട്. 41 പന്തില്‍ 28 റണ്‍സുമായി ഹാരി ബ്രൂക്കും ഏഴ് പന്തില്‍ നാല് റണ്‍സുമായി ബെന്‍ സ്റ്റോക്‌സുമാണ് ക്രീസില്‍.