ഐ.പി.എല്ലിന് ശേഷം ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിനാണ് കളമൊരുങ്ങുന്നത്. വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ 2025-27 സൈക്കിളില്‍ ഇരു ടീമിന്റെയും ആദ്യ മത്സരമാണിത്. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയ്ക്കായാണ് ഇന്ത്യ ഇംഗ്ലണ്ടിന്റെ തട്ടകത്തിലെത്തുന്നത്.
ജൂണ്‍ 20 മുതല്‍ 24 വരെ ഹെഡിങ്‌ലിയിലാണ് ആദ്യ ടെസ്റ്റ്.
ഇംഗ്ലണ്ടിന്റെ ഗോള്‍ഡന്‍ ചൈല്‍ഡ് ജോ റൂട്ടിനെ ഒരു ചരിത്ര നേട്ടവും കാത്തിരിക്കുന്നുണ്ട്. ടെസ്റ്റ് ഫോര്‍മാറ്റില്‍ 13,000 റണ്‍സ് പൂര്‍ത്തിയാക്കുന്ന താരങ്ങളുടെ പട്ടികയിലേക്കാണ് റൂട്ട് കാലെടുത്ത് വെക്കാനൊരുങ്ങുന്നത്. ഇതുവരെ നാലേ നാല് താരങ്ങള്‍ മാത്രം മറികടന്ന നാഴികക്കല്ല് മോഡേണ്‍ ഡേ ലെജന്‍ഡും മറികടക്കാനൊരുങ്ങുകയാണ്.
നിലവില്‍ 12,972 റണ്‍സ് നേടിയ താരം, ഇന്ത്യയ്‌ക്കെതിരെ വെറും 28 റണ്‍സ് കൂടി നേടാനായാല്‍ 13,000 ടെസ്റ്റ് റണ്‍സെന്ന നേട്ടം റൂട്ടിന്റെ പേരിലും കുറിക്കപ്പെടും.
13,000 റണ്‍സ് പൂര്‍ത്തിയാക്കുന്നതോടെ സ്വാഭാവികമായി മറ്റൊരു നേട്ടവും ഇംഗ്ലണ്ട് ഇതിഹാസത്തിന്റെ പേരില്‍ കുറിക്കപ്പെടും. കളിച്ച മത്സരങ്ങളുടെ അടിസ്ഥാനത്തില്‍ ഏറ്റവും വേഗത്തില്‍ ഈ റെക്കോഡിലെത്തുന്ന താരമെന്ന റെക്കോഡാണ് റൂട്ട് സ്വന്തമാക്കുക.
ജാക് കാല്ലിസ് തന്റെ 159ാം മത്സരത്തിലും സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ 163ാം മത്സരത്തിലും സ്വന്തമാക്കിയ റെക്കോഡ് തന്റെ 154ാം മത്സരത്തില്‍ തന്നെ സ്വന്തമാക്കാനാണ് റൂട്ട് ശ്രമിക്കുന്നത്.
ഈ റെക്കോഡിലെത്താന്‍ ഏറ്റവും കുറവ് സമയമെടുത്ത താരമെന്ന റെക്കോഡും റൂട്ടിന്റെ പേരില്‍ കുറിക്കപ്പെടും. 2012 ഡിസംബറില്‍ തന്റെ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച റൂട്ട് 13 വര്‍ഷത്തിനുള്ളില്‍ തന്നെ 13,000 റണ്‍സ് പൂര്‍ത്തിയാക്കുന്ന ആദ്യ താരമെന്ന നേട്ടവും സ്വന്തമാക്കും.
മത്സരങ്ങളുടെ എണ്ണത്തിലും സമയത്തിലും ഒന്നാം സ്ഥാനത്താണെങ്കിലും കളിച്ച ഇന്നിങ്‌സുകളുടെ എണ്ണം പരിശോധിക്കുമ്പോള്‍ റൂട്ട് പിന്നിലാകും. ഇതുവരെ 278 ഇന്നിങ്‌സുകളില്‍ റൂട്ട് കളത്തിലിറങ്ങിയിട്ടുണ്ട്. 13,000 റണ്‍സ് പൂര്‍ത്തിയാക്കാന്‍ ഏറ്റവുമധികം ഇന്നിങ്‌സുകള്‍ കളിക്കേണ്ടി വന്ന താരമെന്ന മോശം റെക്കോഡാകും റൂട്ടിന്റെ പേരില്‍ കുറിക്കപ്പെടുക.
ടെസ്റ്റ് ഫോര്‍മാറ്റില്‍ ഏറ്റവും വേഗത്തില്‍ 13,000 റണ്‍സ് പൂര്‍ത്തിയാക്കിയ താരങ്ങള്‍
(താരം – ടീം – എതിരാളികള്‍ – 13,000 റണ്‍സ് പൂര്‍ത്തിയാക്കാന്‍ കളിച്ച മത്സരം – ഇന്നിങ്‌സ് – സമയം എന്നീ ക്രമത്തില്‍)
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – ഇന്ത്യ – 163 – 266 – 20 വര്‍ഷവും 63 ദിവസവും
ജാക് കാല്ലിസ് – സൗത്ത് ആഫ്രിക്ക – ന്യൂസിലാന്‍ഡ് – 159 – 169 – 17 വര്‍ഷവും 19 ദിവസവും
റിക്കി പോണ്ടിങ് – ഓസ്‌ട്രേലിയ – ഇന്ത്യ – 162 – 275 – 16 വര്‍ഷവും 47 ദിവസവും
രാഹുല്‍ ദ്രാവിഡ് – ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ് – 160 – 277 – 15 വര്‍ഷവും 155 ദിവസവും.
ഇംഗ്ലണ്ട് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യ vs ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയില്‍ ആധിപത്യം ആതിഥേയര്‍ക്കാണ്. 1932 മുതല്‍ 19 തവണ ഇന്ത്യ ഇംഗ്ലണ്ടിലെത്തി ടെസ്റ്റ് പരമ്പകള്‍ കളിച്ചു. ഇതില്‍ മൂന്ന് തവണ മാത്രമാണ് ഇന്ത്യയ്ക്ക് ഇംഗ്ലണ്ടില്‍ പരമ്പര വിജയിക്കാന്‍ സാധിച്ചത്.
വിരാട് കോഹ്‌ലിയുടെ ക്യാപ്റ്റന്‍സിയില്‍ 2021ല്‍ നടന്ന പരമ്പരയില്‍ നാല് മത്സരങ്ങള്‍ അവസാനിക്കവെ 2-1ന്റെ ലീഡുമായി ഇന്ത്യ വിജയം നേടുമെന്ന് ഉറപ്പിച്ചിരിക്കവെയാണ് കൊവിഡ് പടര്‍ന്നുപിടിക്കുന്നത്.
ഒരു വര്‍ഷത്തിനിപ്പുറം ബെര്‍മിങ്ഹാമിലെ എഡ്ജ്ബാസ്റ്റണില്‍ പരമ്പരയിലെ അവസാന മത്സരം വീണ്ടും ഷെഡ്യൂള്‍ ചെയ്യപ്പെട്ടു. ഈ മത്സരത്തില്‍ സമനില നേടിയാല്‍ പോലും പരമ്പര സ്വന്തമാക്കാമെന്നിരിക്കെ ബുംറയുടെ ക്യാപ്റ്റന്‍സിയിലിറങ്ങിയ ഇന്ത്യ മത്സരം പരാജയപ്പെടുകയും പരമ്പര സമനിലയില്‍ അവസാനിക്കുകയുമായിരുന്നു.