ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇംഗ്ലണ്ടിനെതിരെ അഫ്ഗാനിസ്ഥാന്‍ ചരിത്ര വിജയമാണ് സ്വന്തമാക്കിയത്. ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എട്ട് റണ്‍സിന്റെ വിജയമാണ് അഫ്ഗാന്‍ സ്വന്തമാക്കിയത്. ചാമ്പ്യന്‍സ് ട്രോഫി ചരിത്രത്തില്‍ തങ്ങളുടെ ആദ്യ വിജയമാണിത്.
അഫ്ഗാനിസ്ഥാന്‍ ഉയര്‍ത്തിയ 325 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ട് 317ന് പുറത്താകുകയായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് വേണ്ടി മികച്ച പ്രകടനമാണ് ഇതിഹാസ താരം ജോ റൂട്ടും കാഴ്ചവെച്ചത്. 2083 ദിവസങ്ങള്‍ക്ക് ശേഷമാണ് റൂട്ട് ഏകദിനത്തില്‍ സെഞ്ച്വറിയും പൂര്‍ത്തിയാക്കുന്നത്. 98ാം പന്തിലാണ് റൂട്ട് നൂറടിച്ചത്.
ഏകദിന ഫോര്‍മാറ്റില്‍ താരത്തിന്റെ 17ാം സെഞ്ച്വറിയാണിത്.
111 പന്തില്‍ 11 ഫോറും ഒരു സിക്സറും അടക്കം 120 റണ്‍സാണ് റൂട്ട് സ്വന്തമാക്കിയത്. അസ്മത്തുള്ള ഉമര്‍സായിയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ റഹ്‌മാനുള്ള ഗുര്‍ബാസിന് ക്യാച്ച് നല്‍കിയാണ് താരം പുറത്താകുന്നത്.
എന്നിരുന്നാലും ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കാനും താരത്തിന് സാധിച്ചിരിക്കുകയാണ്. ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇംഗ്ലണ്ടിന് വേണ്ടി ഏറ്റവും കൂടുതല്‍ തവണ 50+ സ്‌കോര്‍ നേടുന്ന താരമാകാനാണ് റൂട്ടിന് സാധിച്ചത്.
ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇംഗ്ലണ്ടിന് വേണ്ടി ഏറ്റവും കൂടുതല്‍ തവണ 50+ സ്‌കോര്‍ നേടുന്ന താരം, എണ്ണം
ജോ റൂട്ട് – 5
ഇയോണ്‍ മോര്‍ഗണ്‍ – 4
മാര്‍ക്കസ് ട്രസ്‌ക്കോത്തിക്ക് – 4
ആന്‍ഡ്രൂ സ്‌ട്രോസ് – 3
ഇംഗ്ലണ്ടിന് വേണ്ടി ജോസ് ബട്‌ലര്‍ 42 പന്തില്‍ നിന്ന് 38 റണ്‍സ് നേടിയപ്പോള്‍ ബെന്‍ ഡക്കറ്റ് 45 പന്തില്‍ നിന്നും 38 റണ്‍സ് ടീമിന് വേണ്ടി നേടിയിരുന്നു. എന്നാല്‍ മറ്റുള്ളവര്‍ക്കൊന്നും ഉയര്‍ന്ന സ്‌കോര്‍ നേടാന്‍ സാധിച്ചില്ല.