വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ പുതിയ സൈക്കിളിനുള്ള മുന്നൊരുക്കത്തിലാണ് ഇന്ത്യ. ഇംഗ്ലണ്ടിനെതിരെ ഇംഗ്ലണ്ടില്‍ നടക്കുന്ന പരമ്പരയോടെയാണ് ഇന്ത്യ 2025-27 സൈക്കിളിന് തുടക്കമിടുന്നത്. വിരാട് കോഹ്‌ലിയുടെയും രോഹിത് ശര്‍മയുടെയും വിരമിക്കലിന് ശേഷമുള്ള ആദ്യ പരമ്പര എന്ന പ്രത്യേകതയും ഈ പര്യടനത്തിനുണ്ട്.
ക്യാപ്റ്റനായി ചുമതലയേറ്റ ശുഭ്മന്‍ ഗില്ലിനെ സംബന്ധിച്ച് ഈ പര്യടനം ഏറെ നിര്‍ണായകവുമാണ്. ഇംഗ്ലണ്ടില്‍ മികച്ച ട്രാക്ക് റെക്കോഡില്ലാത്ത ഇന്ത്യയെ പരമ്പര വിജയത്തിലേക്ക് നയിക്കുക എന്ന ലക്ഷ്യം മാത്രമാകും ഗില്ലിന് മുമ്പിലുണ്ടാവുക.
ഇംഗ്ലണ്ട് സൂപ്പര്‍ താരം ജോ റൂട്ട് എന്ന അതികായനാണ് ഇന്ത്യയ്ക്കും ശുഭ്മന്‍ ഗില്ലിനും മുമ്പില്‍ തലയുയര്‍ത്തി നില്‍ക്കുന്നത്. ടെസ്റ്റ് ഫോര്‍മാറ്റില്‍ നിലവിലെ ഏറ്റവും മികച്ച ബാറ്ററായ ജോ റൂട്ട് റെഡ് ബോള്‍ ഫോര്‍മാറ്റിലെ പല റെക്കോഡുകളും തകര്‍ക്കാനുറച്ചുകൂടിയാണ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ക്യാമ്പെയ്നിന് തുടക്കമിടുന്നത്.
ടെസ്റ്റ് ഫോര്‍മാറ്റില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയില്‍ തന്റെ സ്ഥാനം മെച്ചപ്പെടുത്താന്‍ ജോ റൂട്ടിന് സാധിക്കും. നിലവില്‍ അഞ്ചാം സ്ഥാനത്തുള്ള ഇംഗ്ലണ്ടിന്റെ ഗോള്‍ഡന്‍ ചൈല്‍ഡിന് രാഹുല്‍ ദ്രാവിഡ്, ജാക് കാല്ലിസ്, റിക്കി പോണ്ടിങ് എന്നിവരെ മറികടന്ന് രണ്ടാം സ്ഥാനത്തേക്ക് കുതിക്കാനുള്ള അവസരമാണ് ഒരുങ്ങുന്നത്.
279 ഇന്നിങ്‌സില്‍ നിന്നും 13006 റണ്‍സാണ് ഇതുവരെ റൂട്ട് സ്വന്തമാക്കിയത്. ഇന്ത്യയ്‌ക്കെതിരായ പരമ്പരയില്‍ 282 റണ്‍സടിച്ചാല്‍ ഇന്ത്യന്‍ ലെജന്‍ഡ് ദ്രാവിഡിനെയും 283 റണ്‍സടിച്ചാല്‍ പ്രോട്ടിയാസ് ഇതിഹാസം ജാക് കാല്ലിസിനെയും റൂട്ടിന് മറികടക്കാം.
(താരം – ടീം – ഇന്നിങ്സ് – റണ്‍സ് എന്നീ ക്രമത്തില്‍)
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – ഇന്ത്യ – 329 – 15,921
റിക്കി പോണ്ടിങ് – ഓസ്ട്രേലിയ – 287 – 13,378
ജാക് കാല്ലിസ് – സൗത്ത് ആഫ്രിക്ക – 280 – 13,289
രാഹുല്‍ ദ്രാവിഡ് – ഇന്ത്യ – 280 – 13,288
ജോ റൂട്ട് – ഇംഗ്ലണ്ട് – 279 – 13,006*
അലസ്റ്റര്‍ കുക്ക് – ഇംഗ്ലണ്ട് – 291 – 12,472
ജൂണ്‍ 20നാണ് ഇംഗ്ലണ്ട് ഇന്ത്യയ്ക്കെതിരെ ആദ്യ ടെസ്റ്റിനിറങ്ങുന്നത്. ലീഡ്സിലെ ഹെഡിങ്ലിയാണ് പരമ്പരയിലെ ആദ്യ മത്സരത്തിന് വേദിയാകുന്നത്.
ആദ്യ ടെസ്റ്റ്: ജൂണ്‍ 20-24 – ഹെഡിങ്‌ലി, ലീഡ്‌സ്.
രണ്ടാം ടെസ്റ്റ്: ജൂലൈ 2-6 – എഡ്ജ്ബാസ്റ്റണ്‍, ബെര്‍മിങ്ഹാം.
മൂന്നാം ടെസ്റ്റ്: ജൂലൈ 10-14 – ലോര്‍ഡ്‌സ്, ലണ്ടന്‍.
നാലാം ടെസ്റ്റ്: ജൂലൈ 23-27 – ഓള്‍ഡ് ട്രാഫോര്‍ഡ്, മാഞ്ചസ്റ്റര്‍
അവസാന ടെസ്റ്റ്: ജൂലൈ 31 – ഓഗസ്റ്റ് 4 – ദി ഓവല്‍, ലണ്ടന്‍.
ആദ്യ മത്സരത്തിനുള്ള ഇംഗ്ലണ്ട് പ്ലെയിങ് ഇലവന്‍
സാക് ക്രോളി, ബെന്‍ ഡക്കറ്റ്, ഒലി പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്, ബെന്‍ സ്‌റ്റോക്‌സ് (ക്യാപ്റ്റന്‍), ജെയ്മി സ്മിത്, ക്രിസ് വോക്‌സ്, ബ്രൈഡന്‍ കാര്‍സ്, ജോഷ് ടംഗ്, ഷോയബ് ബഷീര്‍.
ഇന്ത്യ സ്‌ക്വാഡ്
ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), യശസ്വി ജെയ്‌സ്വാള്‍, കെ.എല്‍. രാഹുല്‍, സായ് സുദര്‍ശന്‍, അഭിമന്യു ഈശ്വരന്‍, കരുണ്‍ നായര്‍, നിതീഷ് കുമാര്‍ റെഡ്ഡി, രവീന്ദ്ര ജഡേജ, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍, ഷര്‍ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ആകാശ് ദീപ്, അര്‍ഷ്ദീപ് സിങ്, കുല്‍ദീപ് യാദവ്.
Content Highlight: Joe Root has a chance to moves up the list of highest run-scorers in Test format