വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ പുതിയ സൈക്കിളിനുള്ള മുന്നൊരുക്കത്തിലാണ് ഇന്ത്യ. ഇംഗ്ലണ്ടിനെതിരെ ഇംഗ്ലണ്ടില്‍ നടക്കുന്ന പരമ്പരയോടെയാണ് ഇന്ത്യ 2025-27 സൈക്കിളിന് തുടക്കമിടുന്നത്. വിരാട് കോഹ്‌ലിയുടെയും രോഹിത് ശര്‍മയുടെയും വിരമിക്കലിന് ശേഷമുള്ള ആദ്യ പരമ്പര എന്ന പ്രത്യേകതയും ഈ പര്യടനത്തിനുണ്ട്.
ക്യാപ്റ്റനായി ചുമതലയേറ്റ ശുഭ്മന്‍ ഗില്ലിനെ സംബന്ധിച്ച് ഈ പര്യടനം ഏറെ നിര്‍ണായകവുമാണ്. ഇംഗ്ലണ്ടില്‍ മികച്ച ട്രാക്ക് റെക്കോഡില്ലാത്ത ഇന്ത്യയെ പരമ്പര വിജയത്തിലേക്ക് നയിക്കുക എന്ന ലക്ഷ്യം മാത്രമാകും ഗില്ലിന് മുമ്പിലുണ്ടാവുക.
ഇംഗ്ലണ്ട് സൂപ്പര്‍ താരം ജോ റൂട്ട് എന്ന അതികായനാണ് ഇന്ത്യയ്ക്കും ശുഭ്മന്‍ ഗില്ലിനും മുമ്പില്‍ തലയുയര്‍ത്തി നില്‍ക്കുന്നത്. ടെസ്റ്റ് ഫോര്‍മാറ്റില്‍ നിലവിലെ ഏറ്റവും മികച്ച ബാറ്ററായ ജോ റൂട്ട് റെഡ് ബോള്‍ ഫോര്‍മാറ്റിലെ പല റെക്കോഡുകളും തകര്‍ക്കാനുറച്ചുകൂടിയാണ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ക്യാമ്പെയ്നിന് തുടക്കമിടുന്നത്.
ടെസ്റ്റ് ഫോര്‍മാറ്റില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയില്‍ തന്റെ സ്ഥാനം മെച്ചപ്പെടുത്താന്‍ ജോ റൂട്ടിന് സാധിക്കും. നിലവില്‍ അഞ്ചാം സ്ഥാനത്തുള്ള ഇംഗ്ലണ്ടിന്റെ ഗോള്‍ഡന്‍ ചൈല്‍ഡിന് രാഹുല്‍ ദ്രാവിഡ്, ജാക് കാല്ലിസ്, റിക്കി പോണ്ടിങ് എന്നിവരെ മറികടന്ന് രണ്ടാം സ്ഥാനത്തേക്ക് കുതിക്കാനുള്ള അവസരമാണ് ഒരുങ്ങുന്നത്.