വെറും 28 ഇന്നിങ്‌സുകൊണ്ട് ഗില്ലിനൊപ്പമെത്തി റൂട്ട്; ത്രീ ലയണ്‍സിന്റെ വജ്രായുധം തൂക്കിയത് തകര്‍പ്പന്‍ റെക്കോഡ്
Sports News
വെറും 28 ഇന്നിങ്‌സുകൊണ്ട് ഗില്ലിനൊപ്പമെത്തി റൂട്ട്; ത്രീ ലയണ്‍സിന്റെ വജ്രായുധം തൂക്കിയത് തകര്‍പ്പന്‍ റെക്കോഡ്
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 4th December 2025, 9:32 pm

ആഷസ് ട്രോഫിയിലെ രണ്ടാം മത്സരം ഗാബയില്‍ നടക്കുകയാണ്. നിലവില്‍ മത്സരത്തിലെ ആദ്യ ദിനം അവസാനിച്ചപ്പോള്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 325 റണ്‍സാണ് ഇംഗ്ലണ്ട് നേടിയത്. ഇംഗ്ലണ്ട് സൂപ്പര്‍ താരം ജോ റൂട്ടിന്റെ തകര്‍പ്പന്‍ സെഞ്ച്വറിയിലാണ് ത്രീ ലയണ്‍സ് സ്‌കോര്‍ ഉയര്‍ത്തിയത്. നിലവില്‍ 202 പന്തില്‍ 135 റണ്‍സ് നേടിയാണ് താരം പുറത്താകാതെ നില്‍ക്കുന്നത്. ടെസ്റ്റില്‍ 40ാം സെഞ്ച്വറിയാണ് റൂട്ട് സ്വന്തമാക്കിയത്.

ഇതോടെ ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കാനും റൂട്ടിന് സാധിച്ചിരിക്കുകയാണ്. 2025 ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര സെഞ്ച്വറി നേടുന്ന താരമാകാനാണ് റൂട്ടിന് സാധിച്ചത്. ഈ നേട്ടത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനൊപ്പമെത്താനും റൂട്ടിന് സാധിച്ചു. വെറും 28 ഇന്നിങ്‌സില്‍ നിന്നാണ് റൂട്ട് ഈ നേട്ടത്തിലെത്തിയത്.

Joe Root, Photo: ICC/x.com

2025ല്‍ ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര സെഞ്ച്വറി നേടുന്ന താരം, ഇന്നിങ്‌സ്, സെഞ്ച്വറി

ജോ റൂട്ട് (ഇംഗ്ലണ്ട്) – 28 – 7

ശുഭ്മന്‍ ഗില്‍ (ഇന്ത്യ) – 39 – 7

രചിന്‍ രവീന്ദ്ര (ന്യൂസിലാന്‍ഡ്) – 30 – 4

പാത്തും നിസംഗ (ശ്രീലങ്ക) – 34 – 4

മത്സരത്തില്‍ 181ാം പന്തിലാണ് റൂട്ട് തന്റെ 59ാം അന്താരാഷ്ട്ര സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. ഇതോടെ ഇംഗ്ലണ്ടിന് വേണ്ടി ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര സെഞ്ച്വറികള്‍ നേടുന്ന താരമെന്ന നേട്ടത്തലും റൂട്ട് മുന്നേറുകയാണ്. ഓസ്ട്രേലിയയില്‍ ആദ്യമായാണ് റൂട്ട് ഒരു ടെസ്റ്റ് സെഞ്ച്വറി നേടുന്നത്. ഓസീസില്‍ കളിച്ച 30ാം ഇന്നിങ്സിലാണ് താരത്തിന്റെ കന്നി സെഞ്ച്വറി പിറന്നത്.

അതേസമയം ഓസ്‌ട്രേലിയന്‍ സൂപ്പര്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ തകര്‍പ്പന്‍ ബൗളിങ്ങിന്റെ കരുത്തിലാണ് ഇംഗ്ലണ്ട് തകര്‍ച്ചയിലെത്തിയത്. നിലവില്‍ ആറ് വിക്കറ്റുകളാണ് താരം ടീമിന് വേണ്ടി നേടിയത്. 19 ഓവറില്‍ നിന്ന് 71 റണ്‍സ് വഴങ്ങിയാണ് താരം ആറ് വിക്കറ്റുകള്‍ നേടിയത്. സ്റ്റാര്‍ക്കിന് പുറമെ മൈക്കള്‍ നെസെര്‍, സ്‌കോട്ട് ബോളണ്ട് എന്നിവര്‍ ഓരോ വിക്കറ്റും നേടി.

അതേസമയം മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ ഇംഗ്ലണ്ടിന് തിരിച്ചടിയായിരുന്നു. ബെന്‍ ഡക്കറ്റും ഒല്ലി പോപ്പും പൂജ്യം റണ്‍സിന് പുറത്തായിരുന്നു. മിച്ചല്‍ സ്റ്റാര്‍ക്കാണ് ഇരുവരേയും പുറത്താക്കിയത്. തകര്‍ച്ചയില്‍ നിന്ന് ഇംഗ്ലണ്ടിനെ ഉയര്‍ത്തിക്കൊണ്ടുവന്നത് ഓപ്പണര്‍ സാക്ക് ക്രോളിയും റൂട്ടുമാണ്.

സാക്ക് ക്രോളി 93 പന്തില്‍ 76 റണ്‍സ് നേടി ടീമിനെ കരകയറ്റിയാണ് മടങ്ങിയത്. ശേഷം ഹാരി ബ്രൂക്കിനെ 31 റണ്‍സിനും പുറത്തായി. അതേസമയം മത്സരത്തില്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ് 19 റണ്‍സിന് റണ്‍ഔട്ടായി. ജെയ്മി സ്മിത് പൂജ്യം റണ്‍സിനാണ് മടങ്ങിയത്.

Content Highlight: Joe Root becomes the player with the most international centuries in 2025