| Tuesday, 4th February 2025, 2:23 pm

ആ മമ്മൂട്ടി ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനുള്ള സ്‌ക്രിപ്റ്റ് രണ്‍ജി പണിക്കര്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്, വേറെ ലെവല്‍ ഐറ്റമാണ്: ജോബി ജോര്‍ജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തില്‍ ഒരുപിടി മികച്ച സിനിമകള്‍ സമ്മാനിച്ച പ്രൊഡക്ഷന്‍ കമ്പനിയാണ് ഗുഡ്‌വില്‍ എന്റര്‍ടൈന്മെന്റ്സ്. 2011ല്‍ ബാങ്കോക് സമ്മര്‍ എന്ന ചിത്രത്തിലൂടെയാണ് ഗുഡ്‌വില്‍ സിനിമാനിര്‍മാണരംഗത്തേക്ക് കാലെടുത്തുവെച്ചത്. പിന്നീട് കസബ, ആന്‍മരിയ കലിപ്പിലാണ്, അബ്രഹാമിന്റെ സന്തതികള്‍, ഷൈലോക്ക് തുടങ്ങി ഹിറ്റ് ചിത്രങ്ങള്‍ ഗുഡ്‌വില്ലില്‍ നിന്ന് പുറത്തുവന്നു. കഴിഞ്ഞ വര്‍ഷത്തെ മികച്ച സിനിമകളിലൊന്നായ കിഷ്‌കിന്ധാ കാണ്ഡത്തിന്റെ നിര്‍മാണവും ഗുഡ്‌വില്‍ തന്നെയാണ്.

മലയാളത്തില്‍ ഏറെ വിവാദമായി മാറിയ കസബ എന്ന ചിത്രം നിര്‍മിച്ചത് ഗുഡ്‌വില്ലായിരുന്നു. 2016ലെ ഈദ് റിലീസായെത്തിയ ചിത്രം സാമ്പത്തികമായി വലിയ വിജയം സ്വന്തമാക്കിയിരുന്നു. ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിച്ച രാജന്‍ സക്കറിയ എന്ന കഥാപാത്രം ഒരുപാട് വിമര്‍ശനങ്ങള്‍ക്ക് വിധേയമായിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗം ആലോചിക്കുന്നുണ്ടെന്ന് പറയുകയാണ് നിര്‍മാതാവ് ജോബി ജോര്‍ജ്.

രാജന്‍ സക്കറിയ എന്ന കഥാപാത്രത്തിന് വിമര്‍ശകരെപ്പോലെ ആരാധകരും ഉണ്ടെന്ന് ജോബി ജോര്‍ജ് പറഞ്ഞു. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനുള്ള സ്‌ക്രിപ്റ്റ് രണ്‍ജി പണിക്കര്‍ പൂര്‍ത്തിയാക്കിയെന്നും അതിഗംഭീരമായിട്ടുള്ള ഒന്നാണ് അതെന്നും ജോബി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു. ഈയടുത്ത് റിലീസായ ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പേഴ്‌സില്‍ രാജന്‍ സക്കറിയയുടെ ഫോട്ടോ കാണിക്കുന്ന സീന്‍ ഉണ്ടായിരുന്നെന്ന് ജോബി ജോര്‍ജ് പറഞ്ഞു.

ആ സിനിമ താന്‍ തിയേറ്ററില്‍ നിന്ന് കണ്ടെന്നും രാജന്‍ സക്കറിയയുടെ ഫോട്ടോ കാണിക്കുന്ന സമയത്ത് തിയേറ്ററില്‍ ഗംഭീര കൈയടിയായിരുന്നെന്നും ജോബി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു. ആ സിനിമയുടെ രണ്ടാം ഭാഗത്തിനായി ഒരുപാട് പേര്‍ കാത്തിരിക്കുന്നുണ്ടെന്നും അധികം വൈകാതെ ഒഫിഷ്യലായി അനൗണ്‍സ് ചെയ്യുമെന്നും ജോബി ജോര്‍ജ് പറഞ്ഞു. ജിഞ്ചര്‍ മീഡിയ എന്റര്‍ടൈന്മെന്റ്‌സിനോട് സംസാരിക്കുകയായിരുന്നു ജോബി ജോര്‍ജ്.

‘കസബ എന്ന സിനിമ സാമ്പത്തികമായി വലിയ വിജയമായ ഒന്നാണ്. അതിന്റെ പേരില്‍ പിന്നീട് പല വിവാദങ്ങള്‍ വന്നെങ്കിലും അതിന്റെ ബോക്‌സ് ഓഫീസ് പ്രകടനത്തെ ബാധിച്ചിട്ടില്ല. ആ സിനിമക്കും അതിലെ മമ്മൂക്കയുടെ ക്യാരക്ടറിനും ഇന്നും വലിയ ഫോളോയിങ്ങുണ്ട്. ആ സിനിമയുടെ രണ്ടാം ഭാഗം ആലോചനയിലാണ്. രണ്‍ജി പണിക്കര്‍ ഒരു ഗംഭീര സ്‌ക്രിപ്റ്റ് കംപ്ലീറ്റാക്കിയിട്ടുണ്ട്.

വേറെ ലെവലാണ് ആ സ്‌ക്രിപ്റ്റ്. ആ ക്യാരക്ടറിന് ഇപ്പോഴും സ്വീകാര്യതയുണ്ടെന്ന് പറയാന്‍ ഒരു കാരണമുണ്ട്. ഇപ്പോള്‍ റിലീസായ ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പേഴ്‌സില്‍ രാജന്‍ സക്കറിയയുടെ റഫറന്‍സ് സീനുണ്ട്. ഞാന്‍ ആ പടം തിയേറ്ററില്‍ നിന്ന് കണ്ടതായിരുന്നു. രാജന്‍ സക്കറിയയുടെ ഫോട്ടോ കാണിച്ചപ്പോള്‍ തിയേറ്ററില്‍ ഗംഭീര കൈയടിയായിരുന്നു. അധികം വൈകാതെ രണ്ടാം ഭാഗം അനൗണ്‍സ് ചെയ്യാനാകുമെന്നാണ് പ്രതീക്ഷ,’ ജോബി ജോര്‍ജ് പറഞ്ഞു.

Content Highlight: Joby George saying Renji Panickar completed the script of Kasaba 2

We use cookies to give you the best possible experience. Learn more