'മുംബൈ' ക്യാപ്റ്റൻ നാലടിച്ചാൽ, 'ചെന്നൈ' ക്യാപ്റ്റൻ അഞ്ചടിക്കും; ഇതാണ് കുട്ടിക്രിക്കറ്റിന്റെ സൗന്ദര്യം
Cricket
'മുംബൈ' ക്യാപ്റ്റൻ നാലടിച്ചാൽ, 'ചെന്നൈ' ക്യാപ്റ്റൻ അഞ്ചടിക്കും; ഇതാണ് കുട്ടിക്രിക്കറ്റിന്റെ സൗന്ദര്യം
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 30th January 2024, 7:56 am

സൗത്ത് ആഫ്രിക്ക ടി-20 ലീഗില്‍ ജോബര്‍ഗ് സൂപ്പര്‍ കിങ്‌സിന് തകര്‍പ്പന്‍ ജയം. എം.ഐ കേപ് ടൗണിനെ പത്ത് വിക്കറ്റിനാണ് സൂപ്പര്‍ കിങ്സ് പരാജയപ്പെടുത്തിയത്. മത്സരത്തില്‍ മഴ വില്ലനായി വന്നതോടെ കളി എട്ട് ഓവറായി ചുരുക്കുകയായിരുന്നു.

ന്യൂലാന്‍ഡ്‌സ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ സൂപ്പര്‍ കിങ്സ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത കേപ് ടൗണ്‍ എട്ട് ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 80 റണ്‍സാണ് നേടിയത്.

കേപ് ടൗണ്‍ ബാറ്റിങ്ങില്‍ നായകന്‍ കീറോണ്‍ പൊള്ളാര്‍ഡ് 10 പന്തില്‍ 33 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി. ഒരു ഫോറും നാല് പടുകൂറ്റാന്‍ സിക്‌സറും ആണ് കേപ് ടൗണ്‍ നായകന്റെ ബാറ്റില്‍ നിന്നും പിറന്നത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ സൂപ്പര്‍ കിങ്സ് 5.4 ഓവറില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു. സൂപ്പര്‍ കിങ്സ് ഓപ്പണര്‍മാര്‍ തുടക്കം മുതലേ തകര്‍ത്തടിച്ചപ്പോള്‍ ജോബര്‍ഗ് അനായാസം വിജയം സ്വന്തമാക്കുകയായിരുന്നു.

സൂപ്പര്‍ കിങ്‌സിന്റെ ബാറ്റിങ് നിരയില്‍ നായകന്‍ ഫാഫ് ഡുപ്ലസിസിന്റെ വെടിക്കെട്ട് ബാറ്റിങ്ങാണ് ജോബര്‍ഗിനെ വിജയത്തിലെത്തിച്ചത്. അഞ്ച് ഫോറുകളുടെയും മൂന്ന് സിക്‌സറുകളുടെയും അകമ്പടിയോടുകൂടിയായിരുന്നു ജോബര്‍ഗ് നായകന്‍ ബാറ്റ് വീശിയത്. 250 ആയിരുന്നു ഫാഫിന്റെ സ്‌ട്രൈക്ക് റേറ്റ്.

സൂപ്പര്‍ കിങ്സ് നായകന് പുറമെ ലൂയിസ് ഡു പൂയ് 14 പന്തില്‍ 41 റണ്‍സും നേടി മികച്ച പ്രകടനം നടത്തി. രണ്ട് ഫോറുകളും നാല് സിക്‌സറുകളുമാണ് ലൂയിസിന്റെ ബാറ്റില്‍ നിന്നും പിറന്നത്.

ജയത്തോടെ 8 മത്സരങ്ങളില്‍ നിന്നും രണ്ട് വിജയവും നാല് തോല്‍വിയും അടക്കം 13 പോയിന്റുമായി നാലാം സ്ഥാനത്താണ് സൂപ്പര്‍ കിങ്സ്. അതേസമയം ഇത്രതന്നെ മത്സരങ്ങളില്‍ നിന്നും രണ്ടു വിജയവും ആറു തോല്‍വിയുമായി ഒമ്പത് പോയിന്റോടെ അവസാന സ്ഥാനത്താണ് കേപ് ടൗണ്‍.

ജനുവരി 31ന് സണ്‍റൈസേഴ്‌സ് ഈസ്റ്റേണ്‍ കേപിനെതിരെയാണ് സൂപ്പര്‍ കിങ്‌സിന്റെ അടുത്ത മത്സരം. ഫെബ്രുവരി ഒന്നിന് പ്രറ്റൊറിയ ക്യാപ്പിറ്റല്‍സ് ആണ് കേപ് ടൗണിന്റെ എതിരാളികള്‍.

Content Highlight: Joburg Super Kings beat MI Cape town in SA T-20.