| Wednesday, 11th June 2025, 7:12 am

എന്റെ ആ പാട്ടാണ് ലളിതാമ്മ റിങ്‌ടോണായി വെച്ചതെന്ന് അറിഞ്ഞപ്പോള്‍ കരഞ്ഞുപോയി: ജോബ് കുര്യന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഗായകന്‍, സംഗീത സംവിധായകന്‍ എന്നീ മേഖലകളില്‍ തന്റെ കയ്യൊപ്പ് പതിപ്പിച്ചയാളാണ് ജോബ് കുര്യന്‍. റിയാലിറ്റി ഷോയിലൂടെ സിനിമാലോകത്തേക്കെത്തിയ ജോബ് ഇന്‍ഡിപെന്‍ഡന്റ് മ്യൂസിക്കിലൂടെ ശ്രദ്ധേയനായി. സംഗീതസംവിധായകന്‍ എന്ന നിലയിലും സിനിമയില്‍ തന്റെ സാന്നിധ്യമറിയിക്കാന്‍ ജോബ് കുര്യന് സാധിച്ചിട്ടുണ്ട്.

മലയാളത്തിലെ മികച്ച നടിമാരിലൊരാളായ കെ.പി.എ.സി. ലളിതയെക്കുറിച്ച് സംസാരിക്കുകയാണ് ജോബ് കുര്യന്‍. താന്‍ ഒരിക്കല്‍ വഴിയില്‍ വെച്ച് കെ.പി.എ.സി ലളിതയെ കണ്ടിരുന്നെന്ന് ജോബ് കുര്യന്‍ പറഞ്ഞു. തന്റെ വണ്ടി കണ്ട അവര്‍ വണ്ടി നിര്‍ത്തിച്ച് അടുത്തേക്ക് വന്ന് സംസാരിക്കുകയായിരുന്നെന്നും താന്‍ ബഹുമാനത്തോടെ അടുത്തേക്ക് ചെന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അവരുടെ ഫോണിലേക്ക് വിളിക്കാന്‍ തന്നോട് ആവശ്യപ്പെട്ടെന്നും നമ്പര്‍ പറഞ്ഞ് തന്നെന്നും ജോബ് പറയുന്നു. വിളിച്ചപ്പോള്‍ അവരുടെ റിങ്‌ടോണ്‍ പദയാത്ര എന്ന പാട്ടായിരുന്നെന്നും കുറേക്കാലമായി അതാണ് റിങ്‌ടോണെന്ന് പറഞ്ഞെന്നും ജോബ് കൂട്ടിച്ചേര്‍ത്തു. ആ പാട്ട് മാറ്റില്ലെന്ന് കെ.പി.എ.സി ലളിത പറഞ്ഞപ്പോള്‍ തനിക്ക് കരച്ചില്‍ വന്നെന്നും അവിടെ വെച്ച് കരഞ്ഞെന്നും ജോബ് കുര്യന്‍ പറഞ്ഞു. ജിഞ്ചര്‍ മീഡിയ എന്റര്‍ടൈന്മെന്റ്‌സിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘കെ.പി.എ.സി ലളിതാമ്മയുമായി മറക്കാനാകാത്ത ഒരു അനുഭവമുണ്ടായിട്ടുണ്ട്. ഒരുദിവസം ലളിതാമ്മയെ വഴിയില്‍ വെച്ച് അപ്രതീക്ഷിതമായി കണ്ടു. ഞാന്‍ എന്റെ വണ്ടിയില്‍ പോവുകയായിരുന്നു. ലളിതാമ്മ എന്റെ വണ്ടി നിര്‍ത്തിച്ച് അടുത്തേക്ക് നടന്നുവരുന്നത് കണ്ടു. ഞാന്‍ അത് കണ്ട് അവരുടെയടുത്തേക്ക് പോയി. കാരണം, നമ്മള്‍ ഒരുപാട് ബഹുമാനിക്കുന്ന ആളാണല്ലോ.

അടുത്തെത്തിയപ്പോള്‍ ഒരുപാട് സംസാരിച്ചു. എന്നിട്ട് ലളിതാമ്മയുടെ ഫോണിലേക്ക് വിളിക്കാന്‍ പറഞ്ഞു. നമ്പര്‍ എന്റെ കൈയിലില്ലെന്ന് പറഞ്ഞപ്പോള്‍ അത് പറഞ്ഞ് തന്നു. വിളിച്ചപ്പോള്‍ ലളിതാമ്മയുടെ റിങ്‌ടോണ്‍ ‘പദയാത്ര’ പാട്ട്. ‘കുറെക്കാലമായി ഇതാണ് എന്റെ റിങ്‌ടോണ്‍. ഇനിയങ്ങോട്ടും ഇത് തന്നെയാകും’ എന്ന് പറഞ്ഞു. എനിക്ക് അത് കേട്ട് കരച്ചില്‍ വന്നു. ഞാന്‍ അവിടന്ന് കരഞ്ഞു. ലളിതാമ്മ എന്നെ ആശ്വസിപ്പിച്ചു. എനിക്ക് അത് മറക്കാനാകാത്ത അനുഭവമായിരുന്നു,’ ജോബ് കുര്യന്‍ പറയുന്നു.

ജോബ് കുര്യന്‍ ഈണിമിട്ട് പാടിയ ഗാനമാണ് പദയാത്ര. ഹരീഷ് ശിവരാമകൃഷ്ണനൊപ്പം ജോബ് ആലപിച്ച ഗാനം സംഗീതപ്രേമികള്‍ ഏറ്റെടുത്തു. കപ്പ ടി.വിയിലെ മ്യൂസിക് മോജോയിലാണ് ഈ ഗാനം ആദ്യമായി പാടിയത്. യൂട്യൂബില്‍ നിരവധി കാഴ്ചക്കാരെ സ്വന്തമാക്കാനും പദയാത്രക്ക് സാധിച്ചിരുന്നു.

Content Highlight: Job Kurian shares an unforgettable experience with KPAC Lalitha

We use cookies to give you the best possible experience. Learn more