| Thursday, 12th June 2025, 10:18 am

ആ പാട്ട് പാടുമ്പോള്‍ ജാമ്യം എടുക്കാറുണ്ട്; അല്‍ഫോണ്‍സ് ചേട്ടന്‍ കേള്‍ക്കുമല്ലോ എന്ന് വിചാരിക്കും: ജോബ് കുര്യന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഗായകന്‍, സംഗീത സംവിധായകന്‍ എന്നീ മേഖലകളില്‍ തന്റെ കയ്യൊപ്പ് പതിപ്പിച്ചയാളാണ് ജോബ് കുര്യന്‍. റിയാലിറ്റി ഷോയിലൂടെ സിനിമാലോകത്തേക്കെത്തിയ ജോബ് ഇന്‍ഡിപെന്‍ഡന്റ് മ്യൂസിക്കിലൂടെ ശ്രദ്ധേയനായി. സംഗീതസംവിധായകന്‍ എന്ന നിലയിലും സിനിമയില്‍ തന്റെ സാന്നിധ്യമറിയിക്കാന്‍ ജോബ് കുര്യന് സാധിച്ചിട്ടുണ്ട്.

അല്‍ഫോണ്‍സ് ജോസഫ് ആലപിച്ച ‘ആരോമലേ’എന്ന ഗാനം താന്‍ വേദികളില്‍ പാടാറുണ്ടെന്ന് ജോബ് കുര്യന്‍ പറയുന്നു. താന്‍ ആ പാട്ട് പല സ്റ്റേജിലും പാടിയിട്ടുണ്ടെന്നും ആ ഗാനം പാടുന്നതിന് മുമ്പ് ജാമ്യം എടുക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. അല്‍ഫോണ്‍സ് അദ്ദേഹത്തിന്റേതായ രീതിയില്‍ അതി മനോഹരമായി പാടിയ ഒരു പാട്ടാണ് ആരോമലേ എന്നും താന്‍ തന്റേതായ രീതിയിലാണ് അത് പാടുന്നതെന്നും ജോബ് കുര്യന്‍ പറഞ്ഞു.

പാട്ട് പാടുമ്പോള്‍ താന്‍ ഇത് അദ്ദേഹം കേള്‍ക്കുമല്ലോ ദൈവമേ എന്ന് വിചാരിക്കുമെന്നും എന്നാല്‍ അല്‍ഫോണ്‍സ് വളരെ പ്രോത്സാഹനം നല്‍കുന്നയാളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജിഞ്ചര്‍ മീഡിയയോട് സംസാരിക്കുകയായിരുന്നു ജോബ് കുര്യന്‍.

‘ഞാന്‍ പല സ്‌റ്റേജിലും ‘ആരോമലേ’പാടാറുണ്ടായിരുന്നു. അപ്പോള്‍ ഞാന്‍ ആദ്യമേ ജാമ്യം എടുക്കും. കാരണം അല്‍ഫോണ്‍സ് ചേട്ടന്റെ പാട്ടാണ് പാടുന്നത്. പുള്ളി അത്രയും മനോഹരമായി ചെയ്ത് വച്ചിരിക്കുന്ന സംഭവമാണ്. അത് ഞാന്‍ എന്റേതായ രീതിയിലാണ് ഇന്റ്‌റര്‍പ്രെറ്റ് ചെയ്യുക. പാടുമ്പോള്‍ ഞാന്‍ മനസില്‍ ഇങ്ങനെ വിചാരിക്കും ദൈവമെ ചേട്ടന്‍ ഇതെല്ലാം കേള്‍ക്കുമല്ലോ എന്ന്. പക്ഷേ അല്‍ഫോണ്‍സ് ചേട്ടന്‍ വളരെ എന്‍കറേജിങ് ആണ്,’ ജോബ് കുര്യന്‍ പറയുന്നു.

ഗൗതം വാസുദേവ് മേനോന്റെ സംവിധാനത്തിനത്തില്‍ 2010ല്‍ ഇറങ്ങിയ വിണ്ണൈത്താണ്ടി വരുവായ എന്ന ചിത്രത്തിലെ ഗാനമാണ് ‘ആരോമലേ’ എ.ആര്‍. റഹ്‌മാന്റെ സംഗീതത്തിന് കൈതപ്രം ആണ് വരികള്‍ നല്‍കിയത്. പതിനഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറവും ‘ആരോമലേ’ ഒരു മാസ്റ്റര്‍പീസാണ്.

Content Highlight: Job Kurian says that he often sings the song ‘Aromale’ sung by Alphonse Joseph on stages

We use cookies to give you the best possible experience. Learn more