തെലങ്കാനയില്‍ തൊഴില്‍ പ്രതിസന്ധി രൂക്ഷം; രാജ്യത്ത് 8.7 കോടി യുവാക്കള്‍ തൊഴില്‍രഹിതരും പഠനം പാതിവഴിയിലായവരും: റിപ്പോര്‍ട്ട്
India
തെലങ്കാനയില്‍ തൊഴില്‍ പ്രതിസന്ധി രൂക്ഷം; രാജ്യത്ത് 8.7 കോടി യുവാക്കള്‍ തൊഴില്‍രഹിതരും പഠനം പാതിവഴിയിലായവരും: റിപ്പോര്‍ട്ട്
അഞ്ജു ചന്ദ്രന്‍
Tuesday, 25th August 2026, 7:30 am

ഹൈദരാബാദ്: തെലങ്കാനയിലെ യുവാക്കള്‍ക്കിടയില്‍ തൊഴില്‍ പ്രതിസന്ധി രൂക്ഷമായി തുടരുന്നതായി നീതി ആയോഗ് നൈപുണ്യ റിപ്പോര്‍ട്ട്. 15നും 29നും ഇടയില്‍ പ്രായമുള്ള യുവാക്കളില്‍ 18.1 ശതമാനം പേര്‍ തൊഴിലില്ലാത്തവരെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

നഗരമേഖലകളിലെ യുവതികളിലാണ് തൊഴിലില്ലായ്മ ഏറ്റവും രൂക്ഷം. നഗരങ്ങളിലെ 15-29 പ്രായക്കാരായ യുവതികളില്‍ 28.6 ശതമാനം പേര്‍ക്ക് തൊഴില്‍ ലഭ്യമല്ല. എന്നാല്‍ നഗരങ്ങളിലെ യുവാക്കളുടെ തൊഴിലില്ലായ്മ നിരക്ക് 19.2 ശതമാനമാണ്.

‘വികസിത് ഭാരത്@2047-നുള്ള പുനര്‍നിര്‍മ്മാണ വൈദഗ്ധ്യം’ എന്ന പേരില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ട് 15 നും 29 നും ഇടയില്‍ പ്രായമുള്ള ഏകദേശം 8.7 കോടി ഇന്ത്യന്‍ യുവാക്കള്‍ പഠിക്കുകയോ ജോലി ചെയ്യുകയോ പരിശീലനം സ്വീകരിക്കുകയോ ചെയ്യുന്നില്ലെന്ന് പറയുന്നു.

സ്വയം തൊഴില്‍ പ്രോത്സാഹിപ്പിക്കുന്നതിനും പ്രാദേശിക ആവശ്യകതയ്ക്കും വളര്‍ന്നുവരുന്ന മേഖലകള്‍ക്കും അനുസൃതമായി പ്രവര്‍ത്തിക്കുന്നതിനുമായി സബ്സിഡി പരിശീലന പരിപാടികളുടെ അടിയന്തര ആവശ്യകതയാണ് ഇത് എടുത്തുകാണിക്കുന്നത്,’ റിപ്പോര്‍ട്ടില്‍ പറഞ്ഞു.

തെലങ്കാനയില്‍ ഗ്രാമ-നഗര മേഖലകള്‍ തമ്മിലും തൊഴിലില്ലായ്മയില്‍ വ്യത്യാസമുണ്ട്. നഗരപ്രദേശങ്ങളില്‍ യുവാക്കളുടെ മൊത്തം തൊഴിലില്ലായ്മ 22 ശതമാനവും ഗ്രാമപ്രദേശങ്ങളില്‍ 18.3 ശതമാനവുമാണ്.

ഗ്രാമപ്രദേശങ്ങളില്‍ യുവതികളുടെ തൊഴിലില്ലായ്മ 16 ശതമാനമായപ്പോള്‍ യുവാക്കളുടെ നിരക്ക് 19.4 ശതമാനമാണ്. നഗരമേഖലയില്‍ ഇതിന് വിപരീതമായി സ്ത്രീകളിലാണ് തൊഴിലില്ലായ്മ കൂടുതലായി രേഖപ്പെടുത്തിയിരിക്കുന്നത്.

രാജ്യത്ത് പഠനത്തിലോ ജോലിയിലോ പരിശീലനത്തിലോ ഏര്‍പ്പെട്ടിട്ടില്ലാത്ത യുവജനങ്ങളെ എന്‍.ഇ.ഇ.ടി (നോട്ട് ഇന്‍ എഡ്യൂക്കേഷന്‍, എംപ്ലോയിമെന്റ് ഓര്‍ ട്രൈയിനിങ്) വിഭാഗത്തിലാണ് ഉള്‍പ്പെടുത്തുന്നത്.

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് കോളേജ് പഠനത്തിനൊപ്പം അധിക ചെലവില്‍ നൈപുണ്യ പരിശീലനം നേടുന്നത് ബുദ്ധിമുട്ടാണെന്നും റിപ്പോര്‍ട്ട് പറയുന്നു.

കുറഞ്ഞ വരുമാനമുള്ള വീടുകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ കോളേജ് ചെലവും സ്വകാര്യ ട്യൂഷ്യനും കാരണം ബുദ്ധിമുട്ടുകയാണ്. പല വിദ്യാര്‍ഥികളും ബിരുദത്തിന് ശേഷം കുടുംബത്തെ നോക്കാന്‍ കുറഞ്ഞവരുമാനുമുള്ള ജോലി തെരെഞ്ഞെടുക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ബിരുദധാരികളായ 8.25 ശതമാനം ആളുകള്‍ മാത്രമെ അവരുടെ യോഗ്യതയ്ക്കനുസരിച്ചുള്ള ജോലി ചെയ്യുന്നുള്ളൂവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

തൊഴില്‍ വിപണിയുടെ ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള കുറഞ്ഞ ചെലവിലുള്ള നൈപുണ്യ പരിശീലനവും സാമ്പത്തിക പിന്തുണയും യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും ലഭ്യമാക്കേണ്ടതിന്റെ ആവശ്യകതയും നീതി ആയോഗ് ഉയര്‍ത്തിക്കാട്ടുന്നു.

പഠനത്തോടൊപ്പം തൊഴില്‍ നേടാനുള്ള അവസരങ്ങള്‍ വര്‍ധിപ്പിക്കണമെന്നും സ്വയംതൊഴില്‍ പ്രോത്സാഹിപ്പിക്കുന്ന പരിശീലന പരിപാടികള്‍ കൂടുതല്‍ ശക്തമാക്കണമെന്നും റിപ്പോര്‍ട്ട് നിര്‍ദേശിച്ചു.

2021 ല്‍ നടന്ന നാഷണല്‍ സാമ്പിള്‍ സര്‍വെയുടെ 78 ആം റൗണ്ടില്‍ നിന്നുള്ള ഡാറ്റയെ അടിസ്ഥാനമാക്കിയാണ് നീതി ആയോഗ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

Content Highlights: Job crisis acute in Telangana; 8.7 crore youths across the country are unemployed or have dropped out of education: NITI Aayog report released.

അഞ്ജു ചന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം. കാലിക്കറ്റ് പ്രസ്‌ക്ലബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.