ജെ.എന്‍.യു: മുഖാമുഖം നില്‍ക്കുന്നത് സംഘപരിവാറിന്റെ മതദേശീയതയും ഇന്ത്യയുടെ രാഷ്ട്രീയ ദേശീയതയുമാണ്
ജിതിന്‍ ടി പി

ജെ.എന്‍.യു ഒരു ലക്ഷ്യമല്ല. മാര്‍ഗമാണ്. ഇന്ത്യന്‍ ജനതയെ മതപരമായി വിഭജിക്കുകയെന്ന സംഘപരിവാര താല്‍പര്യങ്ങളുടെ ആക്രമണ കേന്ദ്രങ്ങളിലൊന്നായി ജെഎന്‍യു തെരഞ്ഞെടുക്കപ്പെടുന്നത് യാദൃശ്ചികമല്ല. ഇന്ത്യന്‍ മതേതരത്വത്തിനും ജനാധിപത്യത്തിനുമെതിരെ എന്നൊക്കെ വെല്ലുവിളികളുയര്‍ന്നിട്ടുണ്ടോ അന്നൊക്കെ ജെഎന്‍യു പ്രതിരോധിച്ചിട്ടുണ്ട്.

ഒരുപക്ഷെ നിഷ്പക്ഷരെന്ന് വിളിക്കപ്പെടുന്ന മാധ്യമങ്ങള്‍ക്കും പ്രതിപക്ഷങ്ങള്‍ക്കും മുന്‍പെ തന്നെ.

അതുതന്നെയാണ് അടിച്ചമര്‍ത്തേണ്ടത് ജെഎന്‍യുവിലെ വിദ്യാര്‍ത്ഥി ശബ്ദങ്ങളാണ് ആസാദി വിളികളാണെന്ന് ഫാസിസ്റ്റ് ഭരണകൂടങ്ങള്‍ക്ക് തോന്നുന്നത്.

42 വര്‍ഷം മുന്‍പ് സാക്ഷാല്‍ ഇന്ദിരാഗാന്ധിയ്ക്കെതിരെ നടത്തിയ പ്രതിഷേധവും നരേന്ദ്രമോദിയുടെ ഒന്നാം സര്‍ക്കാരിനെതിരെ നടത്തിയ പ്രതിഷേധവുമെല്ലാം സൂചിപ്പിക്കുന്നത് നീതി തേടിയുള്ള സമരങ്ങളില്‍ ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്ക് ആശയക്കുഴപ്പമില്ലെന്ന് തന്നെയാണ്.

ഒന്നാം മോദിസര്‍ക്കാരിനെതിരെ പ്രസ്താവന കൊണ്ട് പോലും പ്രതിഷേധിക്കാന്‍ അന്നത്തെ പ്രതിപക്ഷങ്ങള്‍ക്ക് ശബ്ദമില്ലാതായപ്പോള്‍ ജെഎന്‍യു മുഴക്കിയ ആസാദി മുദ്രാവാക്യമാണ് പിന്നീട് രാജ്യത്തെമ്പാടും പ്രതിരോധസ്വരമായി അലയടിച്ചത്.

പാകിസ്താനിലേക്ക് പോകാന്‍ വിസമ്മതിക്കുന്ന ‘ദേശദ്രോഹി’കളെ, ദളിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും വേണ്ടി ശബ്ദിക്കുന്നവരെ അവര്‍ ഇന്ത്യയില്‍ വച്ചു തന്നെ, ഇല്ലായ്മ ചെയ്യുകയാണ്. ധബോല്‍ക്കറും പന്‍സാരെയും കല്‍ബുര്‍ഗിയും ഗൗരി ലങ്കേഷുമെല്ലാം ഇത്തരത്തില്‍ രാജ്യത്ത് നിന്ന് തുടച്ചുനീക്കപ്പെടുകയാണ്.

വ്യക്തികളെന്ന നിലയില്‍, അവര്‍ ഇല്ലായ്മ ചെയ്യപ്പെട്ടതുപോലെ, വ്യക്തിത്വമുള്ള സ്ഥാപനങ്ങളേയും സംഘപരിവാര്‍ ലക്ഷ്യംവക്കുന്നു. സര്‍വകലാശാലകള്‍ ആക്രമണലക്ഷ്യമാകുന്നത്, അവ വ്യക്തിത്വം പ്രകടിപ്പിക്കുമ്പോഴാണ്.

ദേശീയതാ വികാരത്തിനപ്പുറം രാഷ്ട്രീയപ്രബുദ്ധത വളര്‍ത്തിയെടുക്കുന്നതിനും ജനാധിപത്യബോധം ഊട്ടിയുറപ്പിക്കുന്നതിനും ഇന്ത്യന്‍ സര്‍വകലാശാലകള്‍, പ്രത്യേകിച്ച് ജെഎന്‍യു രാജ്യത്തിന് നേതൃത്വം നല്‍കുന്നുവെന്ന് പറഞ്ഞാല്‍ അത് അതിശയോക്തിയാകില്ല.

ദേശീയ നേതാക്കളെയും ഉദ്യോഗസ്ഥ പ്രമുഖരേയും സാമൂഹ്യശാസ്ത്രജ്ഞരേയും മാധ്യമപ്രവര്‍ത്തകരേയും ഉള്‍പ്പെടെ, പ്രബുദ്ധതയുടെ അടയാളങ്ങളായ എത്രയോ ഉന്നത വ്യക്തിത്വങ്ങളെയാണ് ജെഎന്‍യു ഇന്ത്യക്ക് സംഭാവന ചെയ്തിട്ടുള്ളത്. അദ്ധ്യാപകര്‍ കൂടി പങ്കാളികളായ അവിടുത്തെ സംവാദാത്മകമായ അന്തരീക്ഷത്തില്‍, എല്ലാ ആശയങ്ങള്‍ക്കും കേള്‍വിക്കാരുണ്ട്.

അത് തന്നെയാണ് ജെ.എന്‍.യു സംഘപരിവാര ആക്രമണങ്ങളുടെ പ്രാഥമിക ലക്ഷ്യമാകുന്നത്. ഹോസ്റ്റല്‍ ഫീസ് വര്‍ധനയ്‌ക്കെതിരെ രണ്ടാഴ്ചയോളമായി ജെ.എന്‍.യുവില്‍ വിദ്യാര്‍ഥികള്‍ സമരത്തിലാണ്. ആ സമരത്തെ എങ്ങനെയൊക്കെ ഇല്ലായ്മ ചെയ്യാനാകുമോ അതിനാവുന്നതെല്ലാം ഭരണകൂടം ചെയ്യും.

അധികാര കേന്ദ്രങ്ങളുടെ എല്ലാ മര്‍ദ്ദനോപാധികളും മനുവാദികള്‍ അതിനായി ഉപയോഗിക്കും. അതിര്‍ത്തിയില്‍ വിന്യസിക്കുന്ന സൈന്യം വിദ്യാര്‍ത്ഥികളെ ആക്രമിക്കും.

ജെ.എന്‍.യുവില്‍ നടക്കുന്നത് കേവലം വിദ്യാര്‍ത്ഥി-അഡ്മിനിസ്ട്രേറ്റീവ് ദ്വന്ദയുദ്ധമല്ല. ജെഎന്‍യുവിനകത്തും പുറത്തുമായി മുഖാമുഖം നില്‍ക്കുന്നത് സംഘപരിവാറിന്റെ മതദേശീയതയും ഇന്ത്യയുടെ രാഷ്ട്രീയ ദേശീയതയുമാണ്.

 

ജിതിന്‍ ടി പി
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ. 2017 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.