ന്യൂദല്‍ഹി: ജവാഹര്‍ലാല്‍ നെഹ്റു യൂണിവേഴ്‌സിറ്റിയില്‍ നടന്ന പ്രതിഷേധ പ്രകടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ 14 വിദ്യാര്‍ത്ഥികളെ വിട്ടയക്കാന്‍ പട്യാല ഹൗസ് കോടതി ഉത്തരവിട്ടു.
വ്യാഴാഴ്ച ജെ.എന്‍.യുവില്‍ നിന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിലേക്ക് മാര്‍ച്ച് നടത്തിയ 14 വിദ്യാര്‍ത്ഥികളെയാണ് പൊലീസ് ജയിലടച്ചത്.
വെള്ളിയാഴ്ച രാവിലെ വിദ്യാര്‍ത്ഥികള്‍ക്ക് കോടതി ജാമ്യം നല്‍കിയെങ്കിലും വിട്ടയക്കാന്‍ പൊലീസ് തയ്യാറായില്ല.
ചില നടപടിക്രമങ്ങള്‍ പൂര്‍ത്തിയാവാതെ വിദ്യാര്‍ത്ഥികളെ വിട്ടയക്കാനാവില്ലെന്ന് പൊലീസ് നിലപാട് സ്വീകരിച്ച സാഹചര്യത്തിലാണ് എസ്.എഫ്.ഐ അടക്കമുള്ള വിദ്യാര്‍ത്ഥി സംഘടനകള്‍ കോടതിയെ സമീപിച്ചത്.
ഞാറാഴ്ച കോടതി കേസ് അടിയന്തരമായി പരിഗണിക്കുകയായിരുന്നു .
ജാമ്യം അനുവദിച്ചാല്‍ നടപടിക്രമങ്ങളിലെ കാലതാമസം പറഞ്ഞ് വിദ്യാര്‍ത്ഥികളെ കസ്റ്റഡിയില്‍ വെക്കാന്‍ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി.
ക്യാമ്പസിനുള്ളില്‍ നിന്നും വിദ്യാഭ്യാസ മന്ത്രാലയത്തിലേക്ക് മാര്‍ച്ച് നടത്താനായിരുന്നു വിദ്യാര്‍ത്ഥികളുടെ തീരുമാനം. എന്നാല്‍ സര്‍വകലാശാലയുടെ പ്രധാന കവാടത്തില്‍ വച്ച് പോലീസ് ഇവരെ തടഞ്ഞു.
ഇത് പോലീസും വിദ്യാര്‍ത്ഥികളും തമ്മിലുള്ള ഉന്തും തള്ളും സംഘര്‍ഷവുമായി മാറി. ഔദ്യോഗിക കൃത്യ നിര്‍വഹണം തടസ്സപ്പെടുത്തി, ആക്രമിച്ചു തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് മൂന്ന് യൂണിയന്‍ ഭാരവാഹികള്‍ ഉള്‍പ്പെടെ 14 വിദ്യാര്‍ത്ഥികളെവസന്ത് കുഞ്ച് നോര്‍ത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.