2017-ൽ മുരളി ഗോപി തിരക്കഥ ഒരുക്കി ജിയെൻ കൃഷ്ണകുമാർ സംവിധാനം ചെയ്ത ടിയാൻ എന്ന ചിത്രത്തിന് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് അനന്തൻ കാട്. എൺപതുകളുടെ അവസാനവും തൊണ്ണൂറുകളുടെ തുടക്കവും പശ്ചാത്തലമാക്കി തിരുവനന്തപുരത്ത് നടക്കുന്ന കഥയാണ് ചിത്രത്തിന്റെ പ്രമേയം. തമിഴ് നടൻ ആര്യ, ഇന്ദ്രൻസ്, നിഖില വിമൽ, ദേവ് മോഹൻ എന്നിവരടക്കം വൻ താരനിരയാണ് ചിത്രത്തിലുള്ളത്. ജൂൺ 25-ന് റിലീസിനൊരുങ്ങുന്ന സിനിമയുടെ വിശേഷങ്ങൾ പങ്കുവെക്കുകയായിരുന്നു സംവിധായകൻ ജിയെൻ കൃഷ്ണകുമാർ. എഫ്.ടി.ക്യു രേഖ മേനോൻ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
താനും മുരളി ഗോപിയും ഒന്നിച്ച ആദ്യ സിനിമയായ ടിയാൻ മുതൽ തന്നെ ചെറിയ അഭിപ്രായ വ്യത്യാസങ്ങളും പിണക്കങ്ങളും ഒക്കെ ഉണ്ടായിട്ടുണ്ടെന്ന് ജിയെൻ കൃഷ്ണകുമാർ പറഞ്ഞു. എന്നാൽ അതൊന്നും തങ്ങളുടെ ബന്ധത്തെ ബാധിച്ചിട്ടില്ലെന്നും മുരളി ഗോപി തനിക്ക് സഹോദര തുല്യനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം മുരളി ഗോപിയുടെ എഴുത്ത് പലപ്പോഴും തന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ടെന്നും സംവിധായകൻ പറഞ്ഞു.
‘ഞാനും മുരളിച്ചേട്ടനും ഒന്നിച്ച ആദ്യ സിനിമയായ ടിയാൻ മുതൽ ചില സമയങ്ങളിൽ തർക്കിച്ച് പിണങ്ങിപ്പോയിട്ടുണ്ട്. അനന്തൻ കാടിലും ചില സീനുകളെ സംബന്ധിച്ച് ചർച്ചകൾ വരുമ്പോൾ ഞങ്ങൾ തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാറുണ്ട്. ഒരു ദിവസം ഒരു സീനിനെക്കുറിച്ചുള്ള ചർച്ചയ്ക്കിടെ എനിക്ക് അത് അത്ര ശരിയാണെന്ന് തോന്നിയില്ല. മുരളിച്ചേട്ടനാണെങ്കിൽ ആ ഭാഗം മാറ്റാൻ തയ്യാറുമായിരുന്നില്ല. ഒടുവിൽ ചേട്ടനോട് അത് അങ്ങനെ തന്നെ ചെയ്യു നമുക്ക് നോക്കാം എന്ന് പറഞ്ഞ് ഞാൻ റൂമിലേക്കു പോയി, പക്ഷെ എനിക്ക് അറിയാം ചേട്ടൻ തിരിച്ചു വിളിക്കും എന്നുള്ളത്. ചിലപ്പോൾ അർധരാത്രി വിളിച്ചിട്ട് സിനിമയെക്കുറിച്ചുള്ള ചർച്ചകൾ നടത്താറുണ്ട്. മുരളിച്ചേട്ടന്റെ സ്ക്രിപ്റ്റ് ചെയ്യുമ്പോൾ ഞാൻ നിർദേശങ്ങൾ പറയാറുണ്ട്. പക്ഷേ എന്റെ എഴുത്ത് അതിലേക്ക് കൊണ്ടുവരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കാറുമുണ്ട്.
പലപ്പോഴും മുരളിച്ചേട്ടന്റെ എഴുത്ത് കണ്ടിട്ട് ഞാൻ അത്ഭുതപ്പെട്ടിട്ടുണ്ട്. ടിയാൻ സിനിമയിൽ ഇന്നും ആളുകൾ ആഘോഷിക്കുന്ന നിരവധി സീനുകളും ഡയലോഗുകളും ഉണ്ട്. അനന്തൻ കാടിലും ഇന്ദ്രൻസ് ചേട്ടന്റെയും ആര്യയുടെയും കഥാപാത്രങ്ങൾ ഉൾപ്പെടെ അത്തരത്തിൽ ഓർമിക്കപ്പെടാൻ സാധ്യതയുള്ള ഡയലോഗുകൾ ഉണ്ട്.
മുരളിച്ചേട്ടൻ എപ്പോഴും പറയാറുള്ള ഒരു കാര്യമുണ്ട്. എനിക്ക് പൂർണ ബോധ്യമുള്ള കാര്യങ്ങൾ മാത്രമാണ് ഞാൻ പേപ്പറിൽ എഴുതുന്നത് എന്ന്. ചേട്ടൻ സീനുകളും ഡയലോഗുകളും എഴുതുമ്പോൾ ഞാൻ ശ്രദ്ധിച്ചിട്ടുള്ള ഒരു കാര്യം, മിക്കപ്പോഴും അവ ഒറ്റ ഇരിപ്പിലാണ് എഴുതുന്നത് എന്നതാണ്. അതിൽ വലിയ തിരുത്തലുകളോ മാറ്റങ്ങളോ ഞാൻ കണ്ടിട്ടില്ല. അതൊക്കെ കാണുമ്പോൾ എനിക്ക് ശരിക്കും അത്ഭുതം തോന്നിയിട്ടുണ്ട്. എങ്ങനെയാണ് ഇങ്ങനെ എഴുതുന്നതെന്ന് ഞാൻ പലപ്പോഴും ആലോചിച്ചിട്ടുണ്ട്,’ ജിയെൻ കൃഷ്ണകുമാർ പറഞ്ഞു.