| Wednesday, 26th February 2025, 8:09 am

തൂവാനത്തുമ്പികളിലെ ആ സീന്‍ ലാലേട്ടന്‍ എന്ന മനുഷ്യന്‍ എങ്ങനെ ചെയ്ത് വെച്ചെന്ന് ആലോചിക്കുമ്പോള്‍ അത്ഭുതം തോന്നും: ജിത്തു അഷ്‌റഫ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തിയേറ്ററുകളില്‍ മികച്ച പ്രതികരണവുമായി മുന്നേറുകയാണ് കുഞ്ചാക്കോ ബോബന്‍ നായകനായ ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി. ഷാഹി കബീര്‍ തിരക്കഥയൊരുക്കിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ ജിത്തു അഷ്‌റഫാണ്. നായാട്ട്, ഇരട്ട എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്ത ജിത്തുവിന്റെ ആദ്യ സംവിധാന സംരംഭമാണ് ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി.

മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിനെക്കുറിച്ച് സംസാരിക്കുകയാണ് ജിത്തു അഷ്‌റഫ്. അധികം ആരും ചര്‍ച്ച ചെയ്യാത്ത ചില സീനുകളില്‍ മോഹന്‍ലാല്‍ എന്ന നടന്റെ അഭിനയ വൈദഗ്ധ്യം കണ്ട് താന്‍ അത്ഭുതപ്പെട്ടിട്ടുണ്ടെന്ന് ജിത്തു അഷ്‌റഫ് പറഞ്ഞു. അതിലൊന്നാണ് ഗാന്ധിനഗര്‍ സെക്കന്‍ഡ് സ്ട്രീറ്റ് എന്ന സിനിമയില്‍ കാര്‍ത്തികയുമൊത്തുള്ള സീനെന്നും ജിത്തു കൂട്ടിച്ചേര്‍ത്തു.

ചിത്രത്തില്‍ കാര്‍ത്തികയ്‌ക്കൊപ്പം നടന്നുപോകുന്ന സീനില്‍ അവര്‍ തമ്മില്‍ എന്തോ ഉണ്ടെന്ന് ബാക്കി ഉള്ളവര്‍ സംസാരിക്കുന്നെന്ന് മോഹന്‍ലാല്‍ പറയുന്ന ഭാഗത്തില്‍ അദ്ദേഹത്തിന്റെ മുഖത്ത് വരുന്ന റിയാക്ഷന്‍ വാക്കുകള്‍ കൊണ്ട് വര്‍ണിക്കാനാകില്ലെന്നും ജിത്തു പറയുന്നു. അതിമനോഹരമായാണ് മോഹന്‍ലാല്‍ ആ സീന്‍ ചെയ്തതെന്നും ജിത്തു പറഞ്ഞു.

അതുപോലെ തൂവാനത്തുമ്പികളില്‍ ബിച്ചില്‍ ക്ലാരയുടെ മടിയില്‍ കിടന്നുകൊണ്ട് സംസാരിക്കുന്ന സീനില്‍ മദര്‍ സുപ്പീരിയറോട് സംസാരിക്കാമെന്ന് പറയുന്ന സീനും ഗംഭീരമാണെന്നും ജിത്തു കൂട്ടിച്ചേര്‍ത്തു. മോഹന്‍ലാല്‍ എന്ന മനുഷ്യന്‍ ആ സീനുകള്‍ എങ്ങനെയാണ് ചെയ്ത് വെച്ചതെന്ന് ആലോചിക്കുമ്പോള്‍ വണ്ടറടിച്ചുപോകുമെന്നും ജിത്തു അഷ്‌റഫ് പറഞ്ഞു. ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയായിരുന്നു ജിത്തു അഷ്‌റഫ്.

‘അധികം ആളുകള്‍ ചര്‍ച്ച ചെയ്യാത്ത ചില സീനില്‍ ലാലേട്ടന്റെ ആക്ടിങ് എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. അതിലൊന്നാണ് ഗാന്ധിനഗര്‍ സെക്കന്‍ഡ് സ്ട്രീറ്റ്. ആ പടത്തില്‍ കാര്‍ത്തികയുടെ കൂടെ ലാലേട്ടന്‍ നടക്കുന്ന സീനുണ്ട്. ‘നമ്മള്‍ തമ്മില്‍ എന്തോ ഉണ്ടെന്നാണ് ബാക്കിയുള്ളവര്‍ പറയുന്നത്’ എന്നാണ് ലാലേട്ടന്റെ ഡയലോഗ്. പുള്ളി അത് കഴിഞ്ഞ് കാര്‍ത്തികയുടെ മുഖത്തേക്ക് നോക്കുന്നുണ്ട്. കാരണം, പുള്ളിക്കുമറിയാം എന്തോ ഉണ്ടെന്ന്.

കാര്‍ത്തികയുടെ മറുപടി കേള്‍ക്കുമ്പോള്‍ ലാലേട്ടന്റെ മുഖത്ത് വരുന്ന റിയാക്ഷന്‍ വാക്കുകള്‍ കൊണ്ട് വര്‍ണിക്കാനാകില്ല. അതുപോലെ തൂവാനത്തുമ്പികളില്‍ കടപ്പുറത്ത് ക്ലാരയുടെ മടിയില്‍ കിടന്നുകൊണ്ട് ‘ഞാന്‍ വേണമെങ്കില്‍ മദര്‍ സുപ്പീരിയറോട് സംസാരിക്കാം’ എന്ന ഡയലോഗ് പുള്ളി പ്രസന്റ് ചെയ്ത ഒരു രീതിയുണ്ട്. ലാലേട്ടന്‍ എന്ന മനുഷ്യന്‍ എങ്ങനെയാണ് അതൊക്കെ ചെയ്തതെന്ന് ആലോചിക്കുമ്പോള്‍ അത്ഭുതം തോന്നും’ ജിത്തു അഷ്‌റഫ് പറയുന്നു.

Content Highlight: Jithu Asharef about Mohanlal’s best acting moments

Latest Stories

We use cookies to give you the best possible experience. Learn more