| Friday, 16th May 2025, 6:09 pm

ആരാധന മൂത്ത് സ്വന്തം പേരിനൊപ്പം ലാലെന്ന് ചേര്‍ത്തയാളാ, മോഹന്‍ലാലിന്റെ അടുത്ത ചിത്രം 100 കോടി നേടിയ സംവിധായകനൊപ്പം?

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തുടര്‍ച്ചയായി മോശം സിനിമകള്‍ വന്നതിന്റെ പേരില്‍ അഭിനയത്തിന്റെ കാര്യത്തിലും സ്‌ക്രിപ്റ്റ് സെലക്ഷന്റെ കാര്യത്തിലും മോഹന്‍ലാല്‍ എന്ന നടന്‍ അടുത്തിടെ വലിയ രീതിയില്‍ വിമര്‍ശനങ്ങള്‍ കേട്ടിരുന്നു. വന്‍ പ്രതീക്ഷയിലെത്തിയ പല ചിത്രങ്ങളും ബോക്‌സ് ഓഫീസില്‍ കാര്യമായ ചലനം സൃഷ്ടിക്കാതെ മടങ്ങിയപ്പോള്‍ പലരും മോഹന്‍ലാല്‍ അവസാനിച്ചെന്ന് വരെ അഭിപ്രായപ്പെട്ടു.

എന്നാല്‍ ഈ വര്‍ഷം തുടര്‍ച്ചയായി രണ്ട് ബ്ലോക്ക്ബസ്റ്ററുകളിലൂടെ മലയാളത്തിലെ തന്റെ താരസിംഹാസനം മോഹന്‍ലാല്‍ തിരികെ നേടി. പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാനിലൂടെ കേരള ബോക്‌സ് ഓഫീസിലെ ഒട്ടുമിക്ക റെക്കോഡുകളു തന്റെ പേരിലാക്കാന്‍ മോഹന്‍ലാലിന് സാധിച്ചു. മലയാളത്തിലെ ഏറ്റവുമുയര്‍ന്ന കളക്ഷന്‍ നേടിയ ചിത്രമായി എമ്പുരാന്‍ മാറി.

എന്നാല്‍ എമ്പുരാന് നേടാന്‍ സാധിക്കാത്ത നേട്ടങ്ങള്‍ അടുത്ത ചിത്രത്തിലൂടെ മോഹന്‍ലാല്‍ സ്വന്തമാക്കി. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത തുടരും ഈ വര്‍ഷത്തെ രണ്ടാമത്തെ 200 കോടി ചിത്രമായി മാറുകയും കേരളത്തില്‍ നിന്ന് മാത്രം 100 കോടി നേടുന്ന ആദ്യത്തെ സിനിമയായും മാറി. ബോക്‌സ് ഓഫീസില്‍ തനിക്ക് എതിരാളികളില്ലെന്ന് മോഹന്‍ലാല്‍ തെളിയിച്ച വര്‍ഷമാണ് 2025.

ഫാന്‍ബോയ് സംവിധായകരുടെ കൂടെ ഒന്നിച്ചപ്പോള്‍ മലയാളികള്‍ക്ക് ആഘോഷിക്കാനുള്ള വക സമ്മാനിച്ച മോഹന്‍ലാലിന്റെ അടുത്ത പ്രൊജക്ടിനെക്കുറിച്ചുള്ള റൂമറുകളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. മോഹന്‍ലാലിന്റെ ആരാധന കാരണം സ്വന്തം പേരിനൊപ്പം ലാല്‍ എന്ന് ചേര്‍ത്ത ജിതിന്‍ ലാലിനൊപ്പമാണ് മോഹന്‍ലാലിന്റെ അടുത്ത ചിത്രമെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു.

തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ ജിതിന്‍ ലാല്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ആന്റണി പെരുമ്പാവൂരിന്റെ ഉടമസ്ഥതയിലുള്ള ആശീര്‍വാദ് സിനിമാസാകും ഈ പ്രൊജക്ട് നിര്‍മിക്കുന്നത്. ചിത്രവുമായി രണ്ടിലധികം ഡിസ്‌കഷനുകള്‍ കഴിഞ്ഞെന്നും അധികം വൈകാതെ ഗ്രീന്‍ സിഗ്നല്‍ ലഭിക്കുമെന്ന് കരുതുന്നുവെന്നും ജിതിന്‍ തന്റെ പോസ്റ്റില്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായ അജയന്റെ രണ്ടാം മോഷണം അണിയിച്ചൊരുക്കിയത് ജിതിന്‍ ലാലായിരുന്നു. ചിത്രത്തില്‍ കാലപുരുഷന്റെ വോയിസ് ഓവര്‍ അവതരിപ്പിച്ചത് മോഹന്‍ലാലായിരുന്നു. മോഹന്‍ലാലിന്റെ കടുത്ത ആരാധകനാണ് താനെന്ന് ജിതിന്‍ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്.

നിലവില്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ഹൃദയപൂര്‍വത്തിന്റെ ഷൂട്ടിലാണ് മോഹന്‍ലാല്‍. 11 വര്‍ഷത്തിന് ശേഷമാണ് ഈ കോമ്പോ ഒന്നിക്കുന്നത്. സത്യന്‍ അന്തിക്കാടിന്റെ സ്ഥിരം ശൈലിയിലുള്ള ഫീല്‍ഗുഡ് ചിത്രമാകും ഹൃദയപൂര്‍വമെന്ന് ഏറെക്കുറെ ഉറപ്പാണ്. മാളവിക മോഹനനാണ് ചിത്രത്തിലെ നായിക. സംഗീത് പ്രതാപും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്.

Content Highlight: Jithin Lal’s next movie with Mohanlal is almost confirmed

We use cookies to give you the best possible experience. Learn more