കോഹ്‌ലിയല്ല, എന്റെ കുട്ടിക്കാല റോള്‍ മോഡല്‍ ഇദ്ദേഹം: ജിതേഷ് ശര്‍മ
Sports News
കോഹ്‌ലിയല്ല, എന്റെ കുട്ടിക്കാല റോള്‍ മോഡല്‍ ഇദ്ദേഹം: ജിതേഷ് ശര്‍മ
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 12th September 2025, 2:17 pm

ഇന്ത്യന്‍ ഏകദിന നായകന്‍ രോഹിത് ശര്‍മയാണ് തന്റെ ബാല്യകാല റോള്‍ മോഡലെന്ന് ബെംഗളൂരു റോയല്‍ ചലഞ്ചേഴ്സ് താരവും ഇന്ത്യന്‍ വിക്കറ്റ് കീപ്പറുമായ ജിതേഷ് ശര്‍മ. താന്‍ ചെറുപ്പത്തില്‍ രോഹിത്തിന്റെ ബാറ്റിങ് വീഡിയോ ധാരാളം കണ്ടിരുന്നുവെന്നും താരം പറഞ്ഞു. ആര്‍.സി.ബിയുടെ പോഡ്കാസ്റ്റില്‍ സംസാരിക്കുകയായിരുന്നു ജിതേഷ്.

‘ഞാന്‍ ക്രിക്കറ്റ് കളിക്കാന്‍ തുടങ്ങിയ കാലത്ത് യൂട്യൂബ് ആയിരുന്നു എന്റെ ആദ്യ പരിശീലകന്‍. ആ സമയത്ത് ഞാന്‍ രോഹിത് ശര്‍മയുടെ ബാറ്റിങ് ധാരാളം കാണാറുണ്ടായിരുന്നു. എന്റെ കുട്ടികാലം മുതല്‍ ഞാന്‍ രോഹിത് ഭായിയുടെ ബാറ്റിങ് പിന്തുടരുന്നുണ്ട്,’ ജിതേഷ് ശര്‍മ പറഞ്ഞു.

ആഭ്യന്തര ക്രിക്കറ്റ് ടൂര്‍ണമെന്റായ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ പ്രകടനത്തോടെയാണ് ജിതേഷ് ശര്‍മ ഇന്ത്യന്‍ ക്രിക്കറ്റില്‍ ശ്രദ്ധിക്കപ്പെടുന്നത്. പിന്നാലെ, പഞ്ചാബ് കിങ്സിലൂടെ താരം ഐ.പി.എല്ലില്‍ എത്തി.

 

രണ്ട് സീസണുകള്‍ക്ക് ശേഷം ആര്‍.സി.ബിയിലെത്തിയ താരം ടീമിനായി കഴിഞ്ഞ ഐ.പി.എല്ലില്‍ മികച്ച പ്രകടനം പുറത്തെടുത്തു. ടീമില്‍ ഫിനിഷിങ് റോളില്‍ തിളങ്ങിയ താരം വിക്കറ്റ് കീപ്പിങ്ങിലെ മികവ് കൊണ്ടും ഏറെ ശ്രദ്ധിക്കപ്പെട്ടു.

അതോടെ, ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്കുള്ള വഴി തെളിയുകയും ചെയ്തു. ഐ.പി.എല്ലിലെ മികവ് കാരണം ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ ടീം താരത്തെ ഒന്നാം വിക്കറ്റ് കീപ്പറായി പരിഗണിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. മലയാളി താരം സഞ്ജു സാംസണിനെ മറികടന്ന് ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ പ്ലെയിങ് ഇലവനില്‍ എത്തുമെന്നും അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു.

കൂടാതെ, ആദ്യ മത്സരത്തില്‍ മുമ്പ് ഏറെ നേരം വിക്കറ്റ് കീപ്പിങ്ങില്‍ പരിശീലനവും നടത്തിയിരുന്നു. ഇതും അഭ്യൂഹങ്ങള്‍ക്ക് ശക്തി പകര്‍ന്നു. എന്നാല്‍, ഏഷ്യാ കപ്പില്‍ ഒന്നാം മത്സരത്തില്‍ സഞ്ജു തന്നെ വിക്കറ്റ് കീപ്പറായി എത്തി.

Content Highlight: Jitesh Sharma reveals that Rohit Sharma is his childhood idol