സംവിധായകന്‍, ഡബ്ബിങ് ആര്‍ട്ടിസ്റ്റ്, അഭിനേതാവ് എന്നീ നിലകളില്‍ തന്റെ കഴിവ് തെളിയിച്ചയാളാണ് ജിസ് ജോയ്. തെലുങ്ക് സൂപ്പര്‍താരം അല്ലു അര്‍ജുന്റെ മൊഴിമാറ്റചിത്രങ്ങളിലൂടെയാണ് ജിസ് ജോയിയുടെ ശബ്ദം മലയാളികള്‍ക്ക് സുപരിചിതമായത്.
ആസിഫ് അലിയെ നായകനാക്കി ജിസ് ജോയ് സംവിധാനം ചെയ്ത ചിത്രമായിരുന്നു സണ്‍ഡേ ഹോളിഡേ. സിദ്ദിഖും ചിത്രത്തില്‍ ഒരു പ്രധാനപ്പെട്ട വേഷത്തിലെത്തിയിരുന്നു. ഡബ്ബിങ് സിനിമയിലെ പാട്ടുകള്‍ക്ക് വരികളെഴുതുന്ന ഗാനരചയിതാവായിട്ടാണ് അദ്ദേഹം വന്നത്. സിദ്ദിഖ് അവതരിപ്പിച്ച കഥാപാത്രം റിയല്‍ ലൈഫില്‍ നിന്നെടുത്തതാണെന്ന് ജിയ ജോയ് പറയുന്നു. റെഡ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘റിയല്‍ ലൈഫിലെ ഒരു സീന്‍ അങ്ങനെയേ സിനിമയിലേക്ക് എടുത്തിട്ടുണ്ട്. സണ്‍ഡേ ഹോളിഡേ എന്ന സിനിമയിലെ ‘ബ്ലോക്ക് പോയല്ലോ.. ബ്ലോക്ക് പോയല്ലോ.. നീ വന്ന് എന്‍ ലൈഫിൻ ബ്ലോക്ക് പോയല്ലോ’ എന്നുള്ളത് ഞാന്‍ എന്റെ ജീവിതത്തില്‍ നടന്ന ഒരു സംഭവം അതുപോലെ എടുത്തതാണ്.
അങ്ങനെ എഴുതിയ ഒരു ചേട്ടനെ ഞാന്‍ പരിചയപ്പെട്ടിട്ടുണ്ട്. അവരുടെ പാട്ടുകളൊന്നും പക്ഷെ ഡബ്ബിങ് സിനിമകളില്‍ ഉപയോഗിച്ചിട്ടില്ല. നമ്മള്‍ വായിച്ച് ഒഴിവാക്കിവിടും. ഭയങ്കര കവികളാണെന്ന് പറഞ്ഞൊക്കെ ചിലര്‍ വരും. നിമിഷ കവികളാണ്, പത്ത് മിനിറ്റില്‍ പത്ത് പാട്ടെഴുതും എന്നൊക്കെ പറഞ്ഞായിരിക്കും അവര്‍ വരുന്നത്.
കഥ പറയുമ്പോള്‍ സിനിമയില്‍ ആരും അധികം ശ്രദ്ധിക്കാത്ത ഒരു കാര്യമാണല്ലോ ഒറ്റ രാത്രികൊണ്ട് സലീമേട്ടന്റെ കഥാപാത്രം 500 പാട്ടെഴുതിയത്. അങ്ങനെയുള്ള ആളുകള്‍ ഇഷ്ടംപോലെ വരും. അല്ലു അര്‍ജുന്റെ സിനിമകളുടെ ഡബ്ബിങ് നടക്കുമ്പോള്‍ സംവിധായകന്‍ അവര്‍ക്ക് ഈ പാട്ടുകളുടെ ട്യൂണ്‍ കൊടുക്കും. അപ്പോള്‍ അവര്‍ അതിന് എഴുതികൊടുക്കുന്ന പാട്ടുകള്‍ കേട്ടാല്‍ ചങ്ക് തകര്‍ന്നുപോകും,’ ജിസ് ജോയ് പറയുന്നു.
Content Highlight: Jis Joy Talks About Sunday Holiday Movie