സംവിധായകന്‍, ഡബ്ബിങ് ആര്‍ട്ടിസ്റ്റ്, ഗാനരചയിതാവ് എന്നീ നിലകളില്‍ തന്റെ കഴിവ് തെളിയിച്ച വ്യക്തിയാണ് ജിസ് ജോയ്. കുറഞ്ഞ സിനിമകളിലൂടെ മലയാളികള്‍ക്ക് ഏറെ പരിചിതനാകാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു.
2013ല്‍ ബൈസിക്കിള്‍ തീവ്‌സ് എന്ന ചിത്രത്തിലൂടെയായിരുന്നു ജിസ് തന്റെ സംവിധാന കരിയര്‍ ആരംഭിച്ചത്. ശേഷം സണ്‍ഡേ ഹോളിഡേ, വിജയ് സൂപ്പറും പൗര്‍ണമിയും, മോഹന്‍ കുമാര്‍ ഫാന്‍സ്,ഇന്നലെ വരെ, തലവന്‍ തുടങ്ങിയ സിനിമകളും അദ്ദേഹം സംവിധാനം ചെയ്തു.
ഇപ്പോള്‍ ജയസൂര്യയെ കുറിച്ച് സംസാരിക്കുകയാണ് ജിസ് ജോയ്. ജയസൂര്യ വളരെ അണ്ടര്‍റേറ്റഡാണെന്ന് തനിക്ക് തോന്നിയിട്ടുണ്ടെന്നും തീര്‍ച്ചയായും നമ്മള്‍ ഏറെ ബഹുമാനിക്കുന്ന നടനാണ് ജയസൂര്യയെന്നും ജിസ് ജോയ് പറയുന്നു. എന്നിരുന്നാലും ജയസൂര്യ എന്ന വ്യക്തി കുറച്ചുകൂടെ സെലിബ്രേറ്റ് ചെയ്യപ്പെടേണ്ട നടനാണെന്ന് തനിക്ക് തോന്നിയിട്ടുണ്ടെന്നും ഗംഭീര നടനാണ് ജയസൂര്യയെന്നും അദ്ദേഹം പറയുന്നു.
ഇയ്യോബിന്റെ പുസ്തകത്തില്‍ അദ്ദേഹം അവതരിപ്പിച്ച കഥാപാത്രത്തെ നമുക്ക് ആട് എന്ന സിനിമയില്‍ കാണാന്‍ കഴിയില്ലെന്നും പുണ്യാളന്‍ അഗര്‍ബത്തീസില്‍ നമ്മള്‍ കാണുന്ന ജയസൂര്യയുടെ ഒരംശം പോലും ഞാന്‍ മേരിക്കുട്ടി എന്ന സിനിമയില്‍ കാണില്ലെന്നും ജിസ് ജോയ് പറയുന്നു. റെഡ് എഫ്.എമ്മില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ജയസൂര്യ എന്ന നടന്‍ കുറച്ച് അണ്ടര്‍റേറ്റഡാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. തീര്‍ച്ചയായും നമ്മള്‍ക്ക് അദ്ദേഹത്തോട് ബഹുമാനമുണ്ട്. അയാള്‍ക്ക് സ്‌റ്റേറ്റ് അവാര്‍ഡ്‌സ് കിട്ടിയിട്ടുണ്ട്. പക്ഷേ അയാളെന്ന വ്യക്തി കുറച്ചുകൂടി സെലിബ്രേറ്റ് ചെയ്യപ്പെടേണ്ട നടനാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്.
കാരണം അമല്‍ നീരദിന്റെ ഇയ്യോബിന്റെ പുസ്തകത്തിലെ റാവൂത്തര്‍ എന്ന കഥാപാത്രത്തിന്റെ ഒരു ഷേയ്ഡ് പോലും ആട് എന്ന സിനിമയിലെ കഥാപാത്രത്തിന് ഇല്ല. ഇത് രണ്ടും അല്ല പുണ്യാളനില്‍. അതിന്റെ ഒരംശവും ഞാന്‍ മേരിക്കുട്ടിയില്‍ കാണാന്‍ കഴിയില്ല. അമ്മാതിരി ഒരു ആക്ടറാണ് ആയാള്‍,’ജിസ് ജോയ് പറയുന്നു.
Content Highlight: Jis joy talks about jayasurya