കുറഞ്ഞ സിനിമകളിലൂടെ തന്നെ മലയാളികള്‍ക്ക് ഏറെ പരിചിതനായ സംവിധായകനാണ് ജിസ് ജോയ്. സംവിധാനത്തിന് പുറമെ ഡബ്ബിങ് ആര്‍ട്ടിസ്റ്റ്, ഗാനരചയിതാവ് എന്ന രീതിയിലും കഴിവ് തെളിയിച്ച വ്യക്തിയാണ് അദ്ദേഹം.
ബൈസിക്കിള്‍ തീവ്‌സ്, സണ്‍ഡേ ഹോളിഡേ എന്നീ സിനിമകള്‍ക്ക് ശേഷം ജിസ് ജോയ്‌യുടെ സംവിധാനത്തില്‍ എത്തിയ മൂന്നാമത്തെ ചിത്രമായിരുന്നു വിജയ് സൂപ്പറും പൗര്‍ണ്ണമിയും. ഈ സിനിമയില്‍ ഐശ്വര്യ ലക്ഷ്മിയും ആസിഫ് അലിയുമായിരുന്നു ഒന്നിച്ചത്.
2019ല്‍ പുറത്തിറങ്ങിയ വിജയ് സൂപ്പറും പൗര്‍ണ്ണമിയും വളരെ മികച്ച അഭിപ്രായമായിരുന്നു നേടിയത്. ഇപ്പോള്‍ നാന സിനിമാ വാരികക്ക് നല്‍കിയ അഭിമുഖത്തില്‍ ഈ സിനിമയെ കുറിച്ചും ആസിഫ് അലിയെ കുറിച്ചും പറയുകയാണ് ജിസ് ജോയ്.
‘പണ്ട് പരസ്യചിത്രം ചെയ്യുമ്പോള്‍ എവിടെയും നമ്മുടെ പേര് കാണില്ല. അതുകൊണ്ട് എന്റെ അടുത്ത വീട്ടില്‍ താമസിക്കുന്ന ആള്‍ക്ക് ഞാന്‍ എന്താണ് ചെയ്യുന്നതെന്ന് അറിയില്ലായിരുന്നു. ഒറ്റ സിനിമ കൊണ്ട് നമുക്ക് പേരും പ്രശസ്തിയും കിട്ടും. എല്ലാവരും നമ്മളെ അറിയും.
സിനിമയുടെ വാല്യു ഞാന്‍ മനസിലാക്കി. ചക്ക വീണു മുയല്‍ ചത്തുവെന്ന് ഇന്‍ഡയറക്ടായി പറയുന്ന ചിലരെ എങ്കിലും ഞാന്‍ പരിചയപ്പെട്ടിട്ടുണ്ട്. ചക്ക വീണ് മുയല്‍ ചത്തതല്ലെന്ന് വിജയ് സൂപ്പറും പൗര്‍ണമിയും എന്ന സിനിമയിലൂടെ പ്രൂവ് ചെയ്യണമെന്ന് ആസിഫ് അലി എന്നോട് പറഞ്ഞിരുന്നു.
ആസിഫ് അത് തമാശയായിട്ടാണ് പറഞ്ഞതെങ്കിലും എനിക്ക് അന്ന് ടെന്‍ഷന്‍ കൂടി. സ്പിരിച്ച്വലി കാര്യങ്ങളെ കാണാന്‍ ആഗ്രഹിക്കുന്ന ഒട്ടും റിലീജിയസ് അല്ലാത്ത ഒരാളാണ് ഞാന്‍. കോളേജില്‍ പഠിക്കുന്ന സമയത്ത് കഥയോ കവിതയോ എഴുതിയിട്ടില്ല. സിനിമയോടുള്ള പാഷനാണ് എന്നെ ഇവിടെ എത്തിച്ചത്,’ ജിസ് ജോസ് പറയുന്നു.
Content Highlight: Jis Joy Talks About Asif Ali And Vijay Superum Pournamiyum