| Thursday, 26th June 2025, 9:19 am

അന്ന് ആ കൈനോട്ടക്കാരി പറഞ്ഞ കാര്യം കേട്ട് ഇന്ദ്രജിത്തിന്റെ കണ്ണ് നിറഞ്ഞു, ആ സംഭവമാണ് ഞാന്‍ സണ്‍ഡേ ഹോളിഡേയില്‍ കാണിച്ചത്: ജിസ് ജോയ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സംവിധായകന്‍, ഡബ്ബിങ് ആര്‍ട്ടിസ്റ്റ്, അഭിനേതാവ് എന്നീ നിലകളില്‍ തന്റെ കഴിവ് തെളിയിച്ചയാളാണ് ജിസ് ജോയ്. തെലുങ്ക് സൂപ്പര്‍താരം അല്ലു അര്‍ജുന്റെ മൊഴിമാറ്റചിത്രങ്ങളിലൂടെയാണ് ജിസ് ജോയ്യുടെ ശബ്ദം മലയാളികള്‍ക്ക് സുപരിചിതമായത്. ആസിഫ് അലിയെ നായകനാക്കി ജിസ് ജോയ് സംവിധാനം ചെയ്ത തലവന്‍ കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്നാണ്.

ഇന്ദ്രജിത്തും ജയസൂര്യയുമായുള്ള പഴയ ഓര്‍മ പങ്കുവെക്കുകയാണ് ജിസ് ജോയ്. താനും ഇന്ദ്രജിത്തും ജയസൂര്യയും പണ്ടുമുതല്‍ക്കേ സുഹൃത്തുക്കളാണെന്ന് ജിസ് ജോയ് പറഞ്ഞു. 2000ത്തിന്റെ തുടക്കത്തില്‍ ഇന്ദ്രജിത് ഒരു കാര്‍ വാങ്ങിയെന്നും ആ സമയത്ത് അയാള്‍ സിനിമയിലെത്തിയില്ലായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അന്ന് തന്നെയും ജയസൂര്യയെയും കാണാന്‍ വന്നെന്നും തങ്ങള്‍ ഒരുമിച്ച് യാത്ര പോയെന്നും ജിസ് ജോയ് പറയുന്നു. ആ യാത്രയുടെ ഇടയില്‍ ഒരു കൈനോട്ടക്കാരി തങ്ങളുടെ അടുത്ത് വന്നെന്നും ഇന്ദ്രജിത്തിന്റെ കൈനോക്കി ഒരു കാര്യം പറഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ദ്രജിത്തിന്റെ അച്ഛന്‍ രാജാവാകേണ്ടയാളാണെന്ന് അവര്‍ പറഞ്ഞെന്നും അത് കേട്ട് ഇന്ദ്രജിത്തിന്റെ കണ്ണ് നിറഞ്ഞെന്നും ജിസ് ജോയ് പറഞ്ഞു. റെഡ് എഫ്.എം. മലയാളത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞാനും ഇന്ദ്രജിത്തും ജയസൂര്യയും പണ്ടുതൊട്ടേ സുഹൃത്തുക്കളാണ്. ഞങ്ങള്‍ സിനിമയിലെത്തുന്നതിന് മുമ്പ് തുടങ്ങിയ സൗഹൃദമാണ്. 2000ത്തിന്റെ തുടക്കത്തില്‍ ഇന്ദ്രജിത് ആദ്യമായി ഒരു കാര്‍ വാങ്ങി. അന്ന് എറണാകുളത്ത് അധികം ആള്‍ക്കാരില്ല. ഞങ്ങള്‍ മൂന്ന് പേരും കൂടി ആ കാറില്‍ ട്രിപ്പ് പോയി. ചുമ്മാ എവിടെയെങ്കിലുമൊക്കെ കറങ്ങമെന്നായിരുന്നു ചിന്ത.

അങ്ങനെ ഞങ്ങള്‍ ഒരു സ്ഥലത്ത് ഇരിക്കുമ്പോള്‍ കൈനോട്ടക്കാരിയായ ഒരു സ്ത്രീ ഞങ്ങളുടെയടുത്തേക്ക് വന്നു. ഞങ്ങളാരും സിനിമയിലെത്താത്തതുകൊണ്ട് ആര്‍ക്കും ഞങ്ങളെ അറിയില്ലായിരുന്നു. അവര്‍ അന്ന് ഇന്ദ്രന്റെ കൈ നോക്കിയിട്ട് പറഞ്ഞ കാര്യം ഓര്‍ക്കുമ്പോള്‍ എനിക്ക് രോമാഞ്ചം വരും. ഇന്ദ്രന്‍ ആ സംഭവം ഓര്‍ക്കുന്നുണ്ടോ എന്നൊന്നും എനിക്കറിയില്ല.

അവര്‍ പറഞ്ഞത് ഇതായിരുന്നു. ‘മോന്റെ അച്ഛന്‍ രാജ്യം ഭരിക്കേണ്ട രാജാവായിരുന്നു, ഒരുപാട് പ്രജകള്‍ മോന്റെ അച്ഛന് ഉണ്ടാകും’ എന്നാണ്. ഇത് നടന്നത് 2000ത്തിന്റെ തുടക്കത്തിലാണ്. അതിന് രണ്ട് വര്‍ഷം മുമ്പ് സുകുമാരന്‍ സാര്‍ മരിച്ചിരുന്നു. ‘മോന്റെ അച്ഛനാരാ’ എന്ന് ആ സ്ത്രീ ചോദിച്ചപ്പോള്‍ ‘ഞാന്‍ നടന്‍ സുകുമാരന്റെ മകനാണ്’ എന്നായിരുന്നു ഇന്ദ്രന്‍ പറഞ്ഞത്. ആ സംഭവം ഞാന്‍ അതുപോലെ സണ്‍ഡേ ഹോളിഡേയിലേക്ക് എടുത്തു,’ ജിസ് ജോയ് പറയുന്നു.

Content Highlight: Jis Joy shares an old incident with Indrajith

We use cookies to give you the best possible experience. Learn more