| Saturday, 22nd March 2025, 10:15 pm

ആ പൃഥ്വിരാജ് ചിത്രത്തില്‍ വില്ലന്‍ ആകേണ്ടിയിരുന്നത് അരവിന്ദ് സ്വാമി: ജിനു വി. എബ്രഹാം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജിനു വി. എബ്രഹാമിന്റെ തിരക്കഥയില്‍ ഷാജി കൈലാസ് സംവിധാനം ചെയ്ത് 2022ല്‍ തിയേറ്ററുകളിലെത്തി ചിത്രമാണ് കടുവ. പൃഥ്വിരാജ് സുകുമാരന്‍ നായകനായ ചിത്രത്തില്‍ വില്ലനായെത്തിയത് വിവേക് ഒബ്റോയിയാണ്.

ചിത്രത്തില്‍ പൃഥ്വിരാജിനൊപ്പം തന്നെ കയ്യടി നേടിയ കഥാപാത്രമായിരുന്നു വിവേക് ഒബ്രോയ് അവതരിപ്പിച്ച ഐ.ജി ജോസഫ് ചാണ്ടി ഐ.പി.എസ്. ലൂസിഫര്‍ എന്ന ചിത്രത്തിന് ശേഷം പൃഥ്വിരാജും വിവേകും ഒന്നിച്ച ചിത്രം കൂടിയായിരുന്നു ഇത്. ഇപ്പോള്‍ ചിത്രത്തില്‍ വിവേക് ഒബ്റോയിയായിരുന്നില്ല ആദ്യ ചോയ്‌സ് എന്ന് പറയുകയാണ് ചിത്രത്തിന്റെ രചയിതാവ് ജിനു വി. എബ്രഹാം.

തിരക്കഥ എഴുതുമ്പോള്‍ അരവിന്ദ് സ്വാമിയുടെ മുഖമായിരുന്നു മനസിലെന്ന് ജിനു പറയുന്നു. കടുവക്ക് വേണ്ടി അരവിന്ദ് സ്വാമിയെ കോണ്‍ടാക്ട് ചെയ്തിരുന്നുവെന്നും എന്നാല്‍ അപ്പോള്‍ അദ്ദേഹം മലയാളത്തില്‍ മറ്റൊരു സിനിമ കമ്മിറ്റ് ചെയ്തതിനാല്‍ കടുവയില്‍ അഭിനയിക്കാന്‍ കഴിഞ്ഞില്ലെന്നും ജിനു പറഞ്ഞു. ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ജിനു വി. എബ്രഹാം.

‘കടുവക്ക് വേണ്ടി ഞങ്ങള്‍ അരവിന്ദ് സ്വാമിയെ കോണ്‍ടാക്ട് ചെയ്തിരുന്നു. അപ്പോഴാണ് അദ്ദേഹം മലയാളത്തില്‍ മറ്റൊരു സിനിമ കമ്മിറ്റ് ചെയ്തുവെന്ന് അറിഞ്ഞത്. രണ്ട് സിനിമകള്‍ തമ്മില്‍ ഡേറ്റ് ക്ലാഷ് ഉണ്ടായി. അതിന് ശേഷമാണ് വിവേക് ഒബ്രോയില്‍ എത്തുന്നത്. എന്റെ മനസിലെ സെക്കന്റ് ഓപ്ഷനായിരുന്നു വിവേക് ഒബ്രോയ്.

അതുപോലെ അലന്‍സിയര്‍ ചേട്ടന് പകരം സിദ്ദിഖായിരുന്നു ആ കഥാപാത്രം ചെയ്യേണ്ടിയിരുന്നത്. അദ്ദേഹം രണ്ട് ദിവസം വന്ന് അഭിനയിക്കുകയും ചെയ്തു. എന്നാല്‍ അതിന് ശേഷം കൊവിഡ് വന്ന് പടം നിര്‍ത്തിക്കഴിഞ്ഞപ്പോള്‍ പുള്ളിക്ക് ഡേറ്റ് പ്രശ്നമായി. പിന്നീട് അലന്‍സിയര്‍ ചേട്ടനെ വെച്ച് റീ ഷൂട്ട് ചെയ്തതാണ്.

ഷാജോണിന്റെ കഥാപാത്രത്തെ അദ്ദേഹത്തെ തന്നെ കണ്ടാണ് എഴുതിയത്. അതുപോലെ അദ്ദേഹത്തിന്റെ അച്ഛനായി അബു സലീം ചേട്ടനെ തന്നെയായിരുന്നു കണ്ടത്. കുറച്ചധികം സീനുകളും അദ്ദേഹത്തിന്റേത് ഷൂട്ട് ചെയ്തിരുന്നു. പിന്നെ ട്രിം ചെയ്യേണ്ടി വന്നതാണ്,’ ജിനു പറഞ്ഞു.

Content Highlight: Jinu V Abraham talks about Kaduva Movie

Latest Stories

We use cookies to give you the best possible experience. Learn more