സീനിലില്ലാതിരുന്നവന്റെ വക കൊലത്തൂക്ക്, അടുത്ത ദളപതിയെ വീഴ്ത്തി പൊങ്കല്‍ വിന്നറായി ജീവ
Indian Cinema
സീനിലില്ലാതിരുന്നവന്റെ വക കൊലത്തൂക്ക്, അടുത്ത ദളപതിയെ വീഴ്ത്തി പൊങ്കല്‍ വിന്നറായി ജീവ
അമര്‍നാഥ് എം.
Saturday, 17th January 2026, 8:52 am

മുന്‍പെങ്ങുമില്ലാതിരുന്ന തരത്തില്‍ വ്യത്യസ്തമായ ക്ലാഷിനാണ് ഈ വര്‍ഷത്തെ പൊങ്കലിന് തമിഴ് ഇന്‍ഡസ്ട്രി സാക്ഷ്യം വഹിക്കുന്നത്. സൂപ്പര്‍താരങ്ങളുടെ റിലീസൊന്നും ഇല്ലാതിരുന്നെങ്കിലും ഒരുപാട് ചര്‍ച്ചകള്‍ക്ക് ഇത്തവണത്തെ പൊങ്കല്‍ വഴിവെച്ചു. പൊങ്കലിന് റിലീസ് ചെയ്യാനിരുന്ന ജന നായകന്റെ റിലീസ് സെന്‍സര്‍ ബോര്‍ഡ് തടഞ്ഞത് ഇന്‍ഡസ്ട്രിക്ക് ഒരേസമയം നഷ്ടവും ലാഭവും സമ്മാനിക്കുകയായിരുന്നു.

റിലീസ് മാറ്റിവെച്ച പല സിനിമകളും പൊങ്കലിന് പുറത്തിറങ്ങി. ജന നായകനൊപ്പം ക്ലാഷ് ഉറപ്പിച്ച പരാശക്തി, ആറേഴ് മാസമായി റിലീസ് കാത്തിരുന്ന കാര്‍ത്തിയുടെ വാ വാധ്യാര്‍, ജീവ നായകനായ തലൈവര്‍ തമ്പി തലൈമയില്‍ (ടി.ടി.ടി) എന്നീ സിനിമകളാണ് പൊങ്കലിന് തിയേറ്ററിലെത്തിയത്. ഇതില്‍ ആദ്യം റിലീസായത് പരാശക്തിയായിരുന്നു. പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാന്‍ പരാശക്തിക്ക് സാധിച്ചില്ല.

പരാശക്തി, വാ വാധ്യാര്‍ Phot: Theatrical Poster

അവസാന നിമിഷം വരെ പ്രതിസന്ധിയിലായിരുന്ന വാ വാധ്യാര്‍ പൊങ്കല്‍ ദിനത്തില്‍ തിയേറ്ററിലെത്തിയെങ്കിലും പ്രതീക്ഷക്കൊത്ത് ഉയരാന്‍ ചിത്രത്തിന് സാധിക്കാതെ പോയി. വാ വാധ്യാരിന് പിന്നാലെ തലൈവര്‍ തമ്പി തലൈമയിലും തിയേറ്ററുകളിലെത്തി. വളരെ സിമ്പിളായിട്ടുള്ള കൊച്ചു ചിത്രം പൊങ്കല്‍ വിന്നറായി മാറിയിരിക്കുകയാണ്.

തമിഴില്‍ നിലവില്‍ ടോപ്പില്‍ നില്‍ക്കുന്ന രണ്ട് വലിയ താരങ്ങളുടെ സിനിമയെ കടത്തിവെട്ടി ഒരു കൊച്ചു സിനിമ വിജയിച്ചതാണ് സിനിമാപ്രേമികള്‍ക്കിടയിലെ പ്രധാന ചര്‍ച്ച. ഏറെക്കാലമായി വലിയൊരു ഹിറ്റില്ലാതിരുന്ന ജീവയുടെ അതിഗംഭീര കംബാക്കായാണ് ടി.ടി.ടിയുടെ വിജയത്തെ പലരും കാണുന്നത്. റിലീസ് ചെയ്ത പലയിടത്തും ചിത്രം ഹൗസ്ഫുള്ളാണ്.

തലൈവര്‍ തമ്പി തലൈമയില്‍ Photo: IMDB

ബുക്കിങ്ങിന്റെ കാര്യത്തിലും പരാശക്തി, വാ വാധ്യാര്‍ എന്നീ ചിത്രങ്ങളെ മറികടക്കാന്‍ ടി.ടി.ടിക്ക് സാധിച്ചു. 300ല്‍ താഴെ സ്‌ക്രീനുകളില്‍ മാത്രമാണ് ചിത്രം റിലീസ് ചെയ്തത്. പരാശക്തിയും വാ വാധ്യാരും സ്‌ക്രീനിന്റെ എണ്ണത്തില്‍ ടി.ടി.ടിയെക്കാള്‍ മുന്നിലാണ്. എന്നാല്‍ ഈ വീക്കെന്‍ഡിന് ശേഷം ഇത് മാറുമെന്നുമാണ് വിലയിരുത്തല്‍.

കരിയറിന്റെ തുടക്കത്തില്‍ മികച്ച സിനിമകളുടെ ഭാഗമായ ജീവ പിന്നീട് തുടര്‍പരാജയങ്ങള്‍ നേരിട്ടിരുന്നു. കരിയറില്‍ ഇടക്ക് താരം ചെറിയൊരു ഇടവേളയും എടുത്തു. എന്നാല്‍ ആരും  ഒട്ടും പ്രതീക്ഷിക്കാത്ത തരത്തില്‍ ഗംഭീര കംബാക്കാണ് ഇപ്പോള്‍ ജീവ നടത്തിയത്. ഇത്രയും കാലം സീനിലില്ലാതിരുന്ന താരത്തിന്റെ വക കൊലത്തൂക്കാണ് ബോക്‌സ് ഓഫീസില്‍ നടക്കുന്നത്.

തലൈവര്‍ തമ്പി തലൈമയില്‍ Photo: Screen grab/ Saregama Tamil

ഫാലിമി എന്ന സൂപ്പര്‍ഹിറ്റിന് ശേഷം നിതീഷ് സഹദേവ് സംവിധാനം ചെയ്ത ചിത്രമാണ് തലൈവര്‍ തമ്പി തലൈമയില്‍. ഒരു ഗ്രാമവും അവിടെ നടക്കുന്ന കല്യാണവുമാണ് ചിത്രത്തിന്റെ കഥ. ക്യാമറക്ക് മുന്നിലും പിന്നിലുമായി ഒരുപാട് മലയാളികളുടെ സാന്നിധ്യം ഈ ചിത്രത്തിലുണ്ട്. അപ്രതീക്ഷിത സീസണ്‍ വിന്നറായി ടി.ടി.ടി മാറിയിരിക്കുകയാണ്.

Content Highlight: Jiiva starring Thalaivar Thambi Thalaimayil became Pongal Winner

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം