| Thursday, 6th March 2025, 8:53 am

പ്രൊഡ്യൂസറുടെ മകനായതുകൊണ്ട് നേരെ നായകനായതാണോ എന്ന് ആ നടന്‍ എന്റെ മുഖത്തുനോക്കി ചോദിച്ചു: ജീവ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബാലതാരമായി സിനിമയിലേക്കെത്തി പിന്നീട് തമിഴിലെ മികച്ച നടന്മാരില്‍ ഒരാളായി മാറിയ ആളാണ് ജീവ. 2003ല്‍ പുറത്തിറങ്ങിയ ആസൈ ആസൈയായ് എന്ന ചിത്രത്തിലൂടെയാണ് ജീവ നായകനായത്. മോഹന്‍ലാല്‍ നായകനായ കീര്‍ത്തിചക്രയിലൂടെ മലയാളികള്‍ക്കിടയിലും ജീവ ശ്രദ്ധേയനായി. തെലുങ്കിലും ഹിന്ദിയിലും ജീവ തന്റെ സാന്നിധ്യമറിയിച്ചു.

ഷൂട്ടിന് വേണ്ടി സെറ്റിലെത്തിയ സമയത്ത് അവിടെ നാസര്‍ സാര്‍ ഉണ്ടായിരുന്നു. ‘നീ ഡാന്‍സിനും ഫൈറ്റിനും ട്രെയിനിങ് എടുത്തു. അഭിനയിക്കാന്‍ അറിയുമോ അതോ പ്രൊഡ്യൂസറുടെ മകനായതുകൊണ്ട് നായകനായതാണോ’ എന്ന് അദ്ദേഹം ചോദിച്ചു- ജീവ

ആദ്യചിത്രത്തില്‍ അഭിനയിച്ചപ്പോഴുള്ള അനുഭവം പങ്കുവെക്കുകയാണ് ജീവ. ആ സിനിമയിലെ ഡാന്‍സിനായി രാഘവ ലോറന്‍സ് തന്നെ സഹായിച്ചിരുന്നെന്ന് ജീവ പറഞ്ഞു. എല്ലാദിവസവും രാവിലെ ഡാന്‍സ് പ്രാക്ടീസെല്ലാം ഉണ്ടാകാറുണ്ടെന്നും അതെല്ലാം കഴിഞ്ഞാണ് ഷൂട്ടിനായി പോയതെന്നും ജീവ കൂട്ടിച്ചേര്‍ത്തു.

സെറ്റിലെത്തിയപ്പോള്‍ പ്രൊഡ്യൂസറുടെ മകനായതുകൊണ്ട് നേരെ നായകനായല്ലേയെന്ന് നാസര്‍ തന്നോട് ചോദിച്ചെന്നും ജീവ പറഞ്ഞു. ഡാന്‍സും ഫൈറ്റും ട്രെയിനിങ് ചെയ്ത് പഠിച്ചാലും അഭിനയം വരുമോ എന്ന് ചോദിച്ചെന്നും താന്‍ മറുപടിയില്ലാതെ നിന്നെന്നും ജീവ കൂട്ടിച്ചേര്‍ത്തു. ഏത് ജോലിക്കായാലും അതിനുള്ള പരിശീലനം വേണമെന്ന് നാസര്‍ ഉപദേശിച്ചെന്നും ജീവ പറയുന്നു.

ഒരു അക്കൗണ്ടന്റായി ജോലി ചെയ്യണമെങ്കില്‍ പത്തുവര്‍ഷത്തോളം സ്‌കൂളില്‍ പഠിക്കണമെന്നും അത് കഴിഞ്ഞ് കോളേജില്‍ പഠിക്കണമെന്നും അദ്ദേഹം പറഞ്ഞെന്നും ജീവ കൂട്ടിച്ചേര്‍ത്തു. ഒരു ജോലിക്ക് അത്രയും ട്രെയിനിങ് വേണ്ടിവരുമ്പോള്‍ താന്‍ പെട്ടെന്ന് തന്നെ നായകനായി വന്നെന്ന് അദ്ദേഹം പറഞ്ഞെന്നും ജീവ പറയുന്നു. എസ്.എസ്. മ്യൂസിക്കിനോട് സംസാരിക്കുകയായിരുന്നു ജീവ.

‘ആസൈ ആസൈയായ് പടത്തിന്റെ ഷൂട്ട് തുടങ്ങുന്നതിന് മുമ്പ് രാഘവ ലോറന്‍സ് മാസ്റ്റര്‍ എല്ലാദിവസവും വന്ന് ഡാന്‍സ് പഠിപ്പിക്കുമായിരുന്നു. ഷൂട്ടിന് മുമ്പ് ഒരു ട്രെയിനിങ് പോലെയായിരുന്നു അത്. പിന്നീട് ഷൂട്ടിന് വേണ്ടി സെറ്റിലെത്തിയ സമയത്ത് അവിടെ നാസര്‍ സാര്‍ ഉണ്ടായിരുന്നു. ‘നീ ഡാന്‍സിനും ഫൈറ്റിനും ട്രെയിനിങ് എടുത്തു. അഭിനയിക്കാന്‍ അറിയുമോ അതോ പ്രൊഡ്യൂസറുടെ മകനായതുകൊണ്ട് നായകനായതാണോ’ എന്ന് അദ്ദേഹം ചോദിച്ചു.

ഞാന്‍ പെട്ടെന്ന് വല്ലാതായി. അദ്ദേഹം ചിരിച്ചുകൊണ്ട് തോളില്‍ തട്ടിയിട്ട്, ‘ഇപ്പോള്‍, ഒരു അക്കൗണ്ടന്റിന്റെ ജോലിക്ക് കയറണമെങ്കില്‍ പോലും പത്തു പന്ത്രണ്ട് വര്‍ഷം സ്‌കൂളിലും അതുകഴിഞ്ഞ് കോളേജിലും പഠിക്കണം. ബി.കോം, എം.കോം പോലുള്ള ഡിഗ്രി എടുക്കണം. അതുകഴിഞ്ഞ് ആരുടെയെങ്കിലും അസിസ്റ്റന്റായി നിന്നിട്ടേ അക്കൗണ്ടന്റാകാന്‍ പറ്റുള്ളൂ. അതുപോലെയാണ് സിനിമയും. നീ നേരെ നായകനായി വന്നതുകൊണ്ട് അങ്ങനെ ചോദിച്ചതാണ്’ എന്ന് നാസര്‍ സാര്‍ പറഞ്ഞു. അത് നല്ലൊരു അനുഭവമായിരുന്നു,’ ജീവ പറഞ്ഞു.

Content Highlight: Jiiva shares the question asked him by Nasser in his first movie

We use cookies to give you the best possible experience. Learn more