| Saturday, 22nd February 2025, 3:49 pm

നന്‍പനില്‍ നിന്ന് വിജയ് സാര്‍ പിന്മാറിയപ്പോള്‍ ആ രണ്ട് നടന്മാരെ ഷങ്കര്‍ സാര്‍ പരിഗണിച്ചിരുന്നു: ജീവ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഷങ്കര്‍ സംവിധാനം ചെയ്ത് 2012ല്‍ പുറത്തിറങ്ങിയ ചിത്രമാണ് നന്‍പന്‍. രാജ്കുമാര്‍ ഹിരാനിയുടെ ഹിറ്റ് ചിത്രമായ ത്രീ ഇഡിയറ്റ്‌സിന്റെ റീമേക്കായിരുന്നു നന്‍പന്‍. ഒറിജിനലിനോട് പരമാവധി നീതി പുലര്‍ത്തിയ ചിത്രം ബോക്‌സ് ഓഫീസില്‍ വന്‍ ഹിറ്റായി മാറി. ആമിര്‍ ഖാന്‍, മാധവന്‍, സുനില്‍ ജോഷി എന്നിവര്‍ ഹിന്ദിയില്‍ ചെയ്ത വേഷങ്ങള്‍ വിജയ്, ശ്രീകാന്ത്, ജീവ എന്നിവരാണ് തമിഴില്‍ അവതരിപ്പിച്ചത്.

ചിത്രത്തിന്റെ ഓര്‍മകള്‍ പങ്കുവെക്കുകയാണ് ജീവ. ചിത്രത്തിലെ നായകനായി ഷങ്കര്‍ ആദ്യം പരിഗണിച്ചത് വിജയ്‌യെ തന്നെ ആയിരുന്നെന്ന് ജീവ പറഞ്ഞു. പിന്നീടാണ് താനും ശ്രീകാന്തും ആ പ്രൊജക്ടിലേക്ക് എത്തിയതെന്നും ആ പ്രൊജക്ടില്‍ എല്ലാവര്‍ക്കും പ്രതീക്ഷയുണ്ടായിരുന്നെന്നും ജീവ കൂട്ടിച്ചേര്‍ത്തു. തന്റെയും ശ്രീകാന്തിന്റെയും പോര്‍ഷനുകളാണ് ആദ്യം എടുത്തതെന്ന് ജീവ പറഞ്ഞു.

എന്നാല്‍ അവസാനനിമിഷം മറ്റ് ചില കാരണങ്ങള്‍ കൊണ്ട് വിജയ് ചിത്രത്തില്‍ നിന്ന് പിന്മാറുന്നെന്ന് അറിയിച്ചെന്നും ഷൂട്ട് കുറച്ചുദിവസം നിര്‍ത്തിവെക്കേണ്ടി വന്നെന്നും ജീവ പറയുന്നു. മറ്റൊരു സിനിമയുടെ തിരക്കില്‍ പെട്ടതുകൊണ്ടാണ് വിജയ്ക്ക് അങ്ങനെ ചെയ്യേണ്ടി വന്നെന്നും എന്ത് ചെയ്യണമെന്നറിയാതെ തങ്ങള്‍ നിന്നെന്നും ജീവ പറഞ്ഞു.

വിജയ്ക്ക് പകരം സൂര്യയെയും മഹേഷ് ബാബുവിനെയും നായകവേഷത്തിലേക്ക് പരിഗണിച്ചെന്നും അവരെ കോണ്‍ടാക്ട് ചെയ്യാന്‍ ഷങ്കര്‍ തീരുമാനിച്ചെന്നും ജീവ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ എല്ലാ പ്രശ്‌നങ്ങളും തീര്‍ത്ത് വിജയ് തന്നെ നന്‍പനിലെ നായകനായെന്നും എല്ലാവരും ആ ചിത്രത്തെ ഏറ്റെടുത്തെന്നും ജീവ പറഞ്ഞു. നക്കീരന്‍ സ്റ്റുഡിയോയോട് സംസാരിക്കുകയായിരുന്നു ജീവ.

‘നന്‍പന്‍ എന്ന സിനിമയില്‍ ഒരുപാട് ഓര്‍മകളുണ്ട്. കാരണം ആ സിനിമയുടെ മേക്കിങ്ങിനിടെ കുറെ പ്രശ്‌നങ്ങളുണ്ടായിട്ടുണ്ട്. എല്ലാം ഇപ്പോള്‍ ഓര്‍ത്തെടുക്കാന്‍ സാധിക്കില്ല. ഓര്‍മയില്‍ നില്‍ക്കുന്ന ഒരു കാര്യം പറയാം. ആ പടത്തില്‍ എന്റെയും ശ്രീകാന്തിന്റെയും പോര്‍ഷന്‍സായിരുന്നു ആദ്യം എടുത്തത്. വിജയ് സാര്‍ പിന്നീട് ജോയിന്‍ ചെയ്യുമെന്നായിരുന്നു അറിയിച്ചത്.

പക്ഷേ, പിന്നീട് അദ്ദേഹം ആ സിനിമയില്‍ നിന്ന് പിന്മാറിയെന്ന് കേട്ടു. ഷൂട്ട് കുറച്ചുനാളത്തേക്ക് നിര്‍ത്തിവെച്ചു. വിജയ് സാറിന് മുമ്പ് ഉണ്ടായിരുന്ന കമ്മിറ്റ്‌മെന്റുകള്‍ കാരണമാണ് പിന്മാറിയതെന്ന് കേട്ടു. ആ വേഷത്തിലേക്ക് സൂര്യയെയും മഹേഷ് ബാബുവിനെയും ഷങ്കര്‍ സാര്‍ പരിഗണിച്ചിരുന്നു. പക്ഷേ, അവരെ കോണ്‍ടാക്ട് ചെയ്യുന്നതിന് മുമ്പ് വിജയ് സാര്‍ പ്രശ്‌നങ്ങളെല്ലാം തീര്‍ത്ത് നന്‍പനില്‍ ജോയിന്‍ ചെയ്തു,’ ജീവ പറയുന്നു.

Content Highlight: Jiiva saying Shnakar considered Surya and Mahesh Babu for the role of Vijay in Nanban movie

We use cookies to give you the best possible experience. Learn more