സ്‌കൂള്‍ നാടകങ്ങളിലൂടെ കലാജീവിതത്തിന് തുടക്കം കുറിച്ച വ്യക്തി. കലയോട് അതിയായി ഇഷ്ടമുണ്ടായിരുന്ന അദ്ദേഹം കോളേജിലെത്തിയപ്പോള്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി. പോലീസ് യൂണിഫോമണിഞ്ഞപ്പോഴും കല കൈവിട്ടില്ല. പിന്നെ രാജ്യം ശ്രദ്ധിച്ച വൈറല്‍ പരസ്യത്തില്‍ ദുല്‍ഖറിനും സാമന്തയ്ക്കുമൊപ്പം അഭിനയിച്ചു.
മോഹന്‍ലാല്‍ പഠിച്ച എം.ജി. കോളേജിലാണ് ജിബിന്‍ പഠിച്ചത്. ആ സമയം തിരുവനന്തപുരത്ത് ഷൂട്ടിങ്ങ് നടന്ന പല സിനിമകളിലും ജൂനിയര്‍ ആര്‍ട്ടിസ്റ്റായി അഭിനയിച്ചു. താണ്ഡവം, വക്കാലത്ത് നാരായണന്‍കുട്ടി, ഐ.ജി. തുടങ്ങി അന്നത്തെക്കാലത്തെ പ്രധാനപ്പെട്ട ചിത്രങ്ങളുടെ ഭാഗമായി.
പൊലീസ് ജോലിയും അഭിനയവും മുന്നോട്ട് കൊണ്ടുപോവുക എന്നത് ജിബിന് വെല്ലുവിളി നിറഞ്ഞ ഒരു കാര്യമായിരുന്നു. രണ്ടും ഒരുമിച്ച് കൈകാര്യം ചെയ്യാന്‍ പറ്റാതെ വന്നപ്പോള്‍ ദീര്‍ഘകാലം ജോലിയില്‍ നിന്നും അവധിയെടുത്തു. രണ്ടാഴ്ച്ച കഴിഞ്ഞപ്പോള്‍ പങ്കാളി അദ്ദേഹത്തോട് ചോദിച്ചു ജോലിക്ക് പോണില്ലേ എന്ന്, അപ്പോഴാണ് ജോലിയില്‍ നിന്നും അവധിയെടുത്ത കാര്യം ജിബിന്‍ വീട്ടില്‍ പറഞ്ഞത്.
പിന്നീട് ചെറിയ വേഷങ്ങളിലൂടെ തിളങ്ങിയ അദ്ദേഹം ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത 2018ലൂടെ പ്രേക്ഷക ശ്രദ്ധ നേടി. സിനിമയില്‍ ബാസ്റ്റിന്‍ എന്ന കഥാപാത്രത്തെ ജനങ്ങള്‍ ഏറ്റെടുത്തു. അങ്ങനെ 2018 ജിബിന് ഒരു കരിയര്‍ ബ്രേക്ക് കൊടുത്തു. പിന്നീട് വാഴ, മിന്നല്‍ മുരളി തുടങ്ങി നിരവധി ചിത്രങ്ങളില്‍ ഭാഗമായി.
ആഗ്രഹം കൊണ്ടോ അധ്വാനം കൊണ്ടൊ അല്ല അത്യാഗഹം കൊണ്ടാണ് താന്‍ നടനായതെന്ന് ജിബിന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. തനിക്ക് ഒരുപാട് പരിമിതികള്‍ ഉണ്ടെന്ന ഉറച്ച വിശ്വസിച്ചപ്പോഴും ആ ബോധ്യത്തില്‍ തന്റെ പരിമിതികളെ ജിബിന്‍ പോസിറ്റീവായി എടുത്തു. അതിനായി കഠിനാധ്വാനം ചെയ്തു. അവസരങ്ങള്‍ വീണ്ടും ചോദിക്കാന്‍ അദ്ദേഹത്തിന് മടിയുണ്ടായിരുന്നില്ല.
വിസ്മയ മോഹന്‍ലാല്‍ ആദ്യമായി അഭിനയിക്കുന്ന തുടക്കം എന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ് ഇപ്പോള്‍ ജിബിന്‍.
Content highlight: Jibin gopinath journey in cinema