നിലവില്‍ ബോളിവുഡിലും സൗത്ത് ഇന്ത്യയിലും ഒരു പോല തിളങ്ങി നില്‍ക്കുന്ന അഭിനേത്രിയാണ് ജാന്‍വി കപൂര്‍. ഹിന്ദി സിനിമ ചരിത്രത്തിലെ എക്കാലത്തെയും മികച്ച അഭിനേത്രിയായി സിനിമാ പ്രേക്ഷകര്‍ കണക്കാക്കുന്ന ശ്രീദേവിയുടെയും ബോളിവുഡിലെ അതികായനായ നിര്‍മാതാവ് ബോണി കപൂറിന്റെയും മകളായ താരം 2018ല്‍ പുറത്തിറങ്ങിയ ധടക് എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്.
ബോളിവുഡിന് പുറമെ തെലുങ്ക് സിനിമയില്‍ മാത്രമാണ് താരം വേഷമിട്ടുള്ളതെങ്കിലും കഴിഞ്ഞ വര്‍ഷം ഒരു ചിത്രത്തിലെ മലയാളം ഡയലോഗിന്റെ പേരില്‍ താരത്തിന് വലിയ ട്രോളുകള്‍ ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. തുഷാര്‍ ജലോട്ട സംവിധാനം ചെയ്ത ഹിന്ദി ചിത്രമായ പരംസുന്ദരി എന്ന ചിത്രത്തിലെ താരത്തിന്റെ തെക്കേപ്പാട്ട് സുന്ദരി ദാമോദരന്‍ പിള്ള എന്ന കഥാപാത്രത്തിന്റെ സംഭാഷണങ്ങള്‍ക്കായിരുന്നു താരത്തിന് ‘എയറില്‍’ കയറേണ്ടി വന്നത്.
മലയാളിയായ കഥാപാത്രമായിട്ടായിരുന്നു താരം ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നതെങ്കിലും മലയാളവുമായി യാതൊരു ബന്ധവുമില്ലാത്ത ഭാഷ സംസാരിച്ചതിനായിരുന്നു താരത്തിന് ട്രോളുകള്‍ ഏറ്റുവാങ്ങേണ്ടി വന്നത്. ഇപ്പോഴിതാ ഇനി താന്‍ മലയാളം പറയാന്‍ ശ്രമിക്കില്ലെന്ന് പറയുകയാണ് ജാന്‍വി കപൂര്‍. താന്‍ അഭിനയിച്ച പുതിയ തെലുങ്ക് ചിത്രം പെദ്ദിയുമായി ബന്ധപ്പെട്ട് സംസാരിക്കുമ്പോഴായിരുന്നു താരത്തിന്റെ പ്രതികരണം.
ഇനി താന്‍ മലയാളം പറയാന്‍ ശ്രമിക്കില്ലെന്നാണ് കരുതുന്നതെന്നും തന്നെ സംബന്ധിച്ചിടത്തോളം ആ ഭാഷ വളരയെധികം പ്രയാസമേറിയതാണെന്നും ജാന്‍വി കപൂര്‍ പറഞ്ഞു. അത് വളരെ മനോഹരമായ ഒരു ഭാഷയാണ് എന്നാല്‍ തനിക്ക് ഫൊണറ്റിക്കലി കൂടുതല്‍ പരിചിതമായ ഭാഷ തെലുങ്കും തമിഴുമാണ്. തെലുങ്കില്‍ വര്‍ക്ക് ചെയ്യുന്നത് താന്‍ ഒരുപാട് ഇഷ്ടപ്പെടുന്നുണ്ടെന്നും തമിഴ് സിനിമയും എക്‌പ്ലോര്‍ ചെയ്യാന്‍ താന്‍ ആഗ്രഹിക്കുന്നുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.
രാം ചരണിനെ നായകനാക്കി ബുച്ചി ബാബു സന സംവിധാനം ചെയ്യുന്ന പെദ്ദിയാണ് താരത്തിന്റെതായി പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം. സ്‌പോര്‍ട് ആക്ഷന്‍ ഡ്രാമ ഴോണറിലൊരുങ്ങുന്ന ചിത്രത്തില്‍ മൂന്ന് ഗെറ്റപ്പിലാണ് രാം ചരണ്‍ എത്തുന്നത്. നേരത്തേ ജൂനിയര്‍ എന്‍.ടി.ആര്‍ നായകനായ തെലുങ്ക് ചിത്രം ദേവരയിലും ജാന്‍വി കപൂര്‍ നായികയായെത്തിയിരുന്നു.
Content Highlight: Jhanvi Kapoor says that she should not attempt Malayalam language after paramsundari trolls
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.