രാജമൗലിയുടെ കൈയില്‍ പെട്ട നായകന്മാര്‍ക്ക് പിന്നീട് ശോഭിക്കാനാകില്ല എന്ന അന്ധവിശ്വാസം ഒരിക്കല്‍കൂടി ഊട്ടിയുറപ്പിക്കുകയാണ് ഇന്ന് തിയേറ്ററുകളിലെത്തിയ പെദ്ദി. റാം ചരണിനെ നായകനാക്കി ബുച്ചി ബാബു സന അണിയിച്ചൊരുക്കിയ ചിത്രം ആദ്യ ഷോയ്ക്ക് പിന്നാലെ മോശം അഭിപ്രായമാണ് സ്വന്തമാക്കുന്നത്. 300 കോടി ബജറ്റിലൊരുങ്ങിയ ചിത്രം ആദ്യ വീക്കെന്‍ഡില്‍ തന്നെ ചിത്രം ബോക്‌സ് ഓഫീസില്‍ വീഴുമെന്നാണ് ട്രാക്കര്‍മാരുടെ കണക്കുകൂട്ടല്‍.
മൂന്ന് മണിക്കൂറോളം ദൈര്‍ഘ്യമുള്ള ചിത്രം യാതൊരു തരത്തിലും പ്രേക്ഷകരുമായി കണക്ടാകുന്നില്ലെന്നാണ് പ്രധാന വിമര്‍ശനം. ക്രിക്കറ്ററായും ഗുസ്തിക്കാരനായും സ്പ്രിന്റ്‌റായുമുള്ള റാം ചരണിന്റെ വണ്‍മാന്‍ ഷോ നിരാശപ്പെടുത്തിയെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ചിത്രത്തില്‍ നായികയായി വേഷമിട്ടത് ബോളിവുഡ് താരം ജാന്‍വി കപൂറാണ്.
ട്രെയ്‌ലറിലും ആദ്യ ഗാനത്തിലും കണ്ടതിനപ്പുറം ജാന്‍വി കപൂറിന് ഒന്നും ചെയ്യാനുണ്ടായിരുന്നില്ലെന്ന് പ്രേക്ഷകര്‍ പ്രതികരിക്കുന്നു. ആച്ചിയമ്മ എന്ന കഥാപാത്രം ആകെ അര മണിക്കൂര്‍ മാത്രമാണ് സ്‌പെയ്‌സ് ഉള്ളതെന്നും നായകന് കയറിപ്പിടിക്കാനും വായനോക്കാനുമുള്ള വേഷമാണ് ഇതെന്നും വിമര്‍ശനങ്ങളുണ്ട്.
ആകെയുള്ള അരമണിക്കൂറും ശരീര പ്രദര്‍ശനം മാത്രമേ ഈ കഥാപാത്രത്തിനുള്ളൂ എന്നും ചിലര്‍ ചൂണ്ടിക്കാണിക്കുന്നു. ജാന്‍വിയുടെ മുഖത്തെക്കാള്‍ ക്യാമറാമാന്‍ ഫോക്കസ് ചെയ്യുന്നത് മറ്റ് ശരീരഭാഗങ്ങളിലാണെന്നും സംവിധായകന്റെ സെക്ഷ്വല്‍ ഒബ്ജക്ടിഫിക്കേഷന് വേണ്ടി മാത്രമാണ് നായികയെ കൊണ്ടുവന്നതെന്നും വലിയ രീതിയില്‍ വിമര്‍ശനങ്ങള്‍ ഉയരുന്നു.
നായികയോടുള്ള പ്രേമം മൂത്ത് അവളുടെ അനുവാദമില്ലാതെ കയറിപ്പിടിക്കുന്നയാളാണ് ഇതിലെ നായകന്‍. അതിന് ന്യായീകരണവും ഇയാള്‍ നല്‍കുന്നുണ്ട്. പിന്നീട് വില്ലന്മാരുടെ ഗ്യാങ് നായികയെ കയറിപ്പിടിക്കുമ്പോള്‍ അവരെ നായകന്‍ അടിച്ചിടുന്നുമുണ്ട്. ഇത്തരം ഡബിള്‍ സ്റ്റാന്‍ഡേര്‍ഡ് സീനുകള്‍ ഇന്നത്തെ കാലത്തും എടുത്തുവെക്കാന്‍ കഴിയുന്ന സംവിധായകന്റെ കാഴ്ചപ്പാടിനെ പലരും വിമര്‍ശിക്കുകയാണ്.
അല്ലു അര്‍ജുന്റെ പാന്‍ ഇന്ത്യന്‍ ചിത്രം പുഷ്പയിലും ഇത്തരമൊരു സീനുണ്ട്. നായികയുടെ കൈയില്‍ നിന്ന് ചുംബനം കിട്ടാന്‍ പൈസ കൊടുക്കുന്ന നായകനെയും അതിന് നിന്നു കൊടുക്കുന്ന ശ്രീവല്ലി എന്ന നായികയെയും പലരും വിമര്‍ശിച്ചിരുന്നു. ശ്രീവല്ലിയെക്കാള്‍ വലിയ തോല്‍വിയാണ് പെദ്ദിയിലെ ആച്ചിയമ്മയെന്ന് പലരും അഭിപ്രായപ്പെടുന്നു. സിനിമയുടെ രീതികളും പ്രേക്ഷകരുടെ കാഴ്ചപ്പാടും മാറിയ സമയത്തും ഇത്തരം ഫാന്റസികള്‍ എഴുതിപ്പിടിപ്പിക്കുന്ന സംവിധായകനെ മടല് വെട്ടി അടിക്കണമെന്നും കമന്റുകളുണ്ട്.
Content Highlight: Jhanvi Kapoor’s character in Peddi movie getting criticisms