മലയാള ചലച്ചിത്ര സംഗീതത്തിൽ എക്കാലത്തെയും പ്രിയപ്പെട്ട സംഗീതസംവിധായകനാണ് ജെറി അമൽദേവ്. 1980-ൽ ഫാസിൽ സംവിധാനം ചെയ്ത മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച അദ്ദേഹം, പിന്നീട് നോക്കെത്താ ദൂരത്ത് കണ്ണും നട്ട്, എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക്, ആക്ഷൻ ഹീറോ ബിജു തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾക്ക് സമ്മാനിച്ചത് മറക്കാനാവാത്ത നിരവധി ഗാനങ്ങളാണ്.

1986-ൽ പുറത്തിറങ്ങിയ സന്മനസ്സുള്ളവർക്ക് സമാധാനം എന്ന ചിത്രത്തിലെ താൻ സംഗീതം നിർവഹിച്ച പവിഴമല്ലി പൂത്തുലഞ്ഞ എന്ന ഗാനത്തെക്കുറിച്ചുള്ള ഓർമകൾ പങ്കുവെക്കുകയാണ് സംഗീതസംവിധായകൻ ജെറി അമൽദേവ്. കവി മുല്ലനേഴിയുടെ വരികൾക്ക് യേശുദാസ് ആണ് ഈ ഗാനം ആലപിച്ചത്.

ജെറി അമൽദേവ്. Photo. Screen grab/ Youtube

 

സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രത്തിനുവേണ്ടി ഈ ഗാനം ഒരുക്കുമ്പോൾ, ഒരു വെസ്റ്റേൺ രീതിയിലുള്ള പ്രണയഗാനമായിരിക്കണം ഇത് എന്ന് മാത്രമേ സംവിധായകൻ തന്നോട് പറഞ്ഞിരുന്നുള്ളൂ എന്ന് ഓർത്തെടുക്കുകയാണ് ജെറി അമൽദേവ്. ഷോ സ്കേപ്പ് ജേണൽ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സത്യൻ അന്തിക്കാട് സിനിമയ്ക്ക് വേണ്ടി ഒരു പ്രണയഗാനം വേണമെന്നും, എന്നാൽ അത് ഒരു വെസ്റ്റേൺ സ്റ്റൈലിലുള്ള ബീറ്റിൽ ആയിരിക്കണമെന്നുമാണ് പറഞ്ഞത്. അങ്ങനെ ഞാൻ ഒരു റോക്ക് ആൻഡ് റോൾ ബീറ്റിൽ പ്രണയം തോന്നുന്ന തരത്തിലുള്ള ഒരു ട്യൂൺ ഉണ്ടാക്കിക്കൊടുത്തു. ട്യൂണൊക്കെ തയ്യാറാക്കിയ ശേഷമാണ് വരികൾ എഴുതുന്നത് മുല്ലനേഴിയാണെന്ന് സത്യൻ അന്തിക്കാട് പറയുന്നത്. അന്ന് അദ്ദേഹം ആരാണെന്ന് എനിക്ക് അറിയില്ലായിരുന്നു,’ ജെറി അമൽദേവ് പറഞ്ഞു.

മുഷിഞ്ഞ വസ്ത്രവും കഷണ്ടി തലയുമൊക്കെയായി തന്റെ പാട്ടിന് വരികൾ എഴുതാൻ വന്ന കവി മുല്ലനേഴിയെ കണ്ടപ്പോൾ, അദ്ദേഹത്തിന് വരികൾ എഴുതാൻ കഴിയുമോ എന്ന് താൻ സംശയിച്ചിരുന്നുവെന്ന് തുറന്നുപറയുകയാണ് ജെറി അമൽദേവ്. എന്നാൽ നിമിഷനേരം കൊണ്ട് അദ്ദേഹം എഴുതിയ വരികൾ കണ്ടപ്പോൾ, താൻ എഴുന്നേറ്റ് നിന്ന് അദ്ദേഹത്തെ തൊഴുതുപോയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘സത്യൻ അന്തിക്കാട് എന്നെ എറണാകുളം പദ്മ തിയേറ്ററിന്റെ പിന്നിലുള്ള ഒരു ചായക്കടയിൽ കൊണ്ടുപോയി ഇരുത്തിയിട്ട്, ഗാനരചയിതാവ് ഇപ്പോൾ വരുമെന്ന് പറഞ്ഞു. അപ്പോൾ ഞാൻ വിചാരിച്ചത് ഒരു സൂട്ടും കോട്ടുമൊക്കെ ഇട്ട ആളായിരിക്കും വരിക എന്നും, എന്നാണ്. പക്ഷെ നോക്കിയപ്പോൾ മുഷിഞ്ഞ വസ്ത്രവുമൊക്കെ ധരിച്ച്, കഷണ്ടിയുള്ള തലയും ഒരു മുഷിഞ്ഞ സഞ്ചിയും തൂക്കി ഒരാൾ വരുന്നു, അത് കണ്ടപ്പോൾ ഇയാൾ എന്ത് എഴുതാനാണ് എന്ന് ഞാൻ ചിന്തിച്ചു.

പവിഴമല്ലി പൂത്തുലഞ്ഞ ഗാനം. Photo. Screen grab/ Youtube

എന്നാൽ ട്യൂൺ കേട്ട പാടെ ഒറ്റ സ്ട്രെച്ചിൽ തന്നെ അദ്ദേഹം പവിഴമല്ലി പൂത്തുലഞ്ഞ എന്ന വരികൾ എഴുതി. അതിൽ പിന്നീട് ഒരു തിരുത്തും വരുത്തേണ്ടി വന്നിട്ടില്ല, അത് കണ്ടപാടെ ഞാൻ എഴുന്നേറ്റ് നിന്ന് അദ്ദേഹത്തെ നമിക്കുകയാണ് ചെയ്തത്. നിമിഷനേരം കൊണ്ട് വരികൾ എഴുതാൻ കഴിവുള്ള ഒരു അത്ഭുത ജീവിയായിരുന്നു മിസ്റ്റർ മുല്ലനേഴി,’ ജെറി അമൽദേവ് പറഞ്ഞു.

Content Highlight: Jerry Amal Dev shares memories about pavizhamalli Poothulanja song